കൊച്ചി: ഇന്നസെന്റ് ചേട്ടന് താൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ലെന്ന് നടൻ സലീം കുമാർ. മരിച്ചുപോയെന്നും വിശ്വസിക്കുന്നില്ല. ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കുമെന്നും സലീം കുമാർ പറഞ്ഞു.
‘അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണെന്നാണ് വിശ്വസിക്കുന്നത്. ആ സിനിമയിൽ ഞാനുമുണ്ട് പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ’- സലീം കുമാർ പറഞ്ഞു.
‘എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ………’- പറഞ്ഞുനിർത്തുമ്പോൾ സലീം കുമാറിന്‍റെ ശബ്ദം ഇടറി.
Also Read- ‘ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും’: മോഹൻലാൽ
ഞായറാഴ്ച രാത്രി 10.30ഓടെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നസെന്‍റ് അന്തരിച്ചത്. സിനിമാ അഭിനയത്തിന് പുറമെ നിര്‍മ്മാതാവും മുന്‍ ലോക്സഭാ അംഗമായിരുന്നു . മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ പ്രസിഡന്‍റായി 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.