കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കി. ചടങ്ങിൽ തിരിതെളിക്കുന്ന 25 പുരസ്കാര ജേതാക്കളുടെ ഒപ്പം സലിംകുമാറില്ല. എറണാകുളം ജില്ലയിലെ അക്കാദമി അവാർഡ് ജേതാക്കളായ 25 പേർ ചേർന്ന് ചടങ്ങിൽ തിരി തെളിക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലക്കാരനും സംസ്ഥാന-ദേശീയ പുരസ്കാര ജേതാവുമായ തന്നെ 25 ഉദ്ഘാടകരില്‍ നിന്ന് പ്രായക്കൂടുതല്‍ പറഞ്ഞാണ് മാറ്റിനിര്‍ത്തുന്നതെന്നും പിന്നില്‍ രാഷ്ട്രീയ കാരണമാണെന്നും സലിംകുമാര്‍ ആരോപിച്ചു.
ഈ സാഹചര്യത്തിൽ മൂന്ന് അക്കാദമി അവാർഡുകളും ടെലിവിഷൻ അവാർഡും കേന്ദ്ര പുരസ്കാരവും നേടിയിട്ടുള്ള തന്നെയും ക്ഷണിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് സലിംകുമാർ പ്രതികരിച്ചു. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായും സലിംകുമാർ പറഞ്ഞു. തനിക്ക് 90 വയസായിട്ടില്ല. അമൽ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണ്. അവരേക്കാൾ രണ്ടോ മൂന്നോ വയസാണ് തനിക്ക് കൂടുതൽ. രാഷ്ട്രീയമാണ് കാരണമെന്നും സി പി എം മേളയിൽ കോൺഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിംകുമാർ പറഞ്ഞു.
ചലച്ചിത്ര മേളയ്ക്ക് താന്‍ പോകുന്നില്ലെന്ന് സലിംകുമാർ പ്രതികരിച്ചു. അതൊരു സി പി എം മേളയാണ്. അതില്‍ ഏക കോണ്‍ഗ്രസുകാരനായ തനിക്ക് എന്തുകാര്യമാണുള്ളത്. തന്നെ മാറ്റി നിര്‍ത്തുന്നതില്‍ ആരൊക്കെയോ വിജയിച്ചു. താന്‍ ചെന്നിട്ട് അവര്‍ പരാജയപ്പെടേണ്ട. അവസരങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാറാനോ ആശയങ്ങള്‍ മാറാനോ താന്‍ തയ്യാറല്ല. മരിക്കുന്നതുവരെ കോൺഗ്രസുകാരനായിരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും സലിംകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉദ്ഘാടനത്തിന് ജില്ലയില്‍ നിന്നുള്ള 25 പേരെയാണ് പരിഗണിച്ചത്. തനിക്ക് ക്ഷണം വരാതിരുന്നപ്പോള്‍ മേളയുടെ കമ്മിറ്റിക്കാരില്‍ ഒരാളെ വിളിച്ച് കാര്യം തിരക്കി. പ്രായക്കൂടുതല്‍ കാരണമാണ് ക്ഷണിക്കാത്തതെന്നാണ് മറുപടി ലഭിച്ചത്. ഇന്നലെ ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച് പരിപാടിക്കെത്തില്ലേ എന്നന്വേഷിച്ചു. വരില്ലെന്ന് അറിയിച്ചതായും സലിംകുമാര്‍ പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.