• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഭരത് ഗോപി ഒരു സോക്സിന് വേണ്ടി സെറ്റിൽ ബലംപിടിച്ചോ?'; യാഥാർത്ഥ്യമെന്തെന്ന് നടൻ സിദ്ദിഖ് പറയുന്നു

'ഭരത് ഗോപി ഒരു സോക്സിന് വേണ്ടി സെറ്റിൽ ബലംപിടിച്ചോ?'; യാഥാർത്ഥ്യമെന്തെന്ന് നടൻ സിദ്ദിഖ് പറയുന്നു

'സിനിമയിൽ കാണിക്കുന്നില്ലെങ്കിലും അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജോലി, ജീവിത പശ്ചാത്തലം, ദുഃഖങ്ങൾ, സന്തോഷം, ഹോബി എന്നിവ വെറുതെ അന്വേഷിക്കാറുണ്ട്. കഥാപാത്രങ്ങളിലേക്ക് ഇറങ്ങാൻ തിലകൻ ചേട്ടൻ പറഞ്ഞുതന്ന ടെക്നിക്കാണിത്'

സിദ്ദിഖും ഭരത് ഗോപിയും

സിദ്ദിഖും ഭരത് ഗോപിയും

  • Last Updated :
  • Share this:
    തിരുവനന്തപുരം: നിസാരമെന്ന് തോന്നുന്ന കാര്യങ്ങൾക്ക് പോലും ചില സിനിമാ താരങ്ങൾ ഷൂട്ടിങ്ങ് സൈറ്റുകളിൽ നിർബന്ധം പിടിക്കാറുണ്ടെന്നാണ് കഥകൾ. പല നുണകളും ഇതിന്റെ പേരിൽ പ്രചരിക്കാറുണ്ട്. എന്നാൽ കഥാപാത്രത്തിന്റെ പൂർണതയ്ക്കും കഥാപാത്രമായി മാറാനും നടന്മാർ നടത്തുന്ന ശ്രമങ്ങളെ ആരും കാണാറുമില്ല. മലയാള സിനിമയിലെ അത്തരമൊരു സംഭവത്തിന്റെ യാഥാർത്ഥ്യമാണ് നടൻ സിദ്ദിഖ് തുറന്നു പറഞ്ഞിരിക്കുന്നത്. കഥാപാത്രത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ സിനിമാമേഖലയിൽ നിന്ന് ലഭിച്ച പ്രതികരണത്തെ കുറിച്ച് നടൻ ഭരത് ഗോപി തന്നോട് പറഞ്ഞ കാര്യമാണ് മാതൃഭൂമി വാരാന്തപ്പതിപ്പിലെ അഭിമുഖത്തിൽ നടൻ സിദ്ദിഖ് ഓർത്തെടുക്കുന്നത്.

    'സീരിയസായ ഒരു സംഭവം പറയുന്ന സീനിൽ കറുത്ത കോട്ടിനൊപ്പം ഭരത് ഗോപിക്ക് കൊടുത്തത് വെളുത്ത സോക്സായിരുന്നു. കാലിൽ കാൽ കയറ്റി ഇരിക്കുന്ന സീനിൽ വെളുത്ത സോക്സ് പല്ലിളിച്ച് ചിരിക്കുന്നതുപോലെ പുറത്തുവരും. ആ സീനിൽ ഫോക്കസ് മുഴുവൻ സോക്സിലാകും. അത് അദ്ദേഹത്തെ അസ്വസ്ഥനാക്കി, ഒരു കറുത്ത സോക്സ് കൊണ്ടുവരാൻ പറഞ്ഞു. സെറ്റിലാണെങ്കിൽ കറുത്ത സോക്സില്ല. ഇക്കാര്യം മനസിലാക്കാത്ത സംവിധായകനും നിർമാതാവും പറഞ്ഞത് കൊടിയേറ്റം ഗോപി ഒരു സോക്സിന് വേണ്ടി ബലംപിടിച്ചുവെന്നാണ്. നിസാര കാര്യങ്ങളാൽ‌ ഒരു കഥാപാത്രം കൈയിൽ നിന്ന് പോകുന്നത് ആരും കാണുന്നില്ല. ഞാൻ ക്യാമറുടെ മുന്നിൽ അഭിനയിക്കുമ്പോൾ സെറ്റിൽ ആരെങ്കിലും ഉറക്കെ സംസാരിക്കുമ്പോൾ എനിക്ക് ദേഷ്യം വരും. ചെറിയ ശബ്ദങ്ങൾവരെ നമ്മുടെ ഫോക്കസ് നഷ്ടമാക്കും'- സിദ്ദിഖ് പറയുന്നു.

    സിനിമയിൽ കാണിക്കുന്നില്ലെങ്കിലും അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജോലി, ജീവിത പശ്ചാത്തലം, ദുഃഖങ്ങൾ, സന്തോഷം, ഹോബി എന്നിവ വെറുതെ അന്വേഷിക്കാറുണ്ടെന്നും കഥാപാത്രങ്ങളിലേക്ക് ഇറങ്ങാൻ തിലകൻ ചേട്ടൻ പറഞ്ഞുതന്ന ടെക്നിക്കാണിതെന്നും സിദ്ദിഖ് വ്യക്തമാക്കുന്നു. അങ്ങനെയുള്ള അന്വേഷണത്തിൽ നിന്ന് കഥാപാത്രത്തെ കുറിച്ച് ഒരുരൂപം കിട്ടും. അതിനനുസരിച്ച് വേഷത്തിലും സംസാരത്തിലും ചലനത്തിലും ഒരു ധാരണയെത്തും. അത്തരം സമീപനങ്ങൾ ചില സമയങ്ങളിൽ വിജയിക്കും- അഭിമുഖത്തിൽ സിദ്ദിഖ് പറയുന്നു.

    First published: