മുംബൈ: അഭിനേതാവ് സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആണെന്നുള്ള വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചത്. പ്രതിരോധ മുൻകരുതൽ എന്ന നിലയിൽ സെൽഫ് ക്വറന്റീനിലായിരുന്നുവെന്നും കാര്യങ്ങൾ കൃത്യമായി തന്നെ പിന്തുടർന്ന് പോരുകയാണെന്നും സോനു അറിയിച്ചിട്ടുണ്ട്.
പഞ്ചാബ് കോവിഡ് വാക്സിനേഷൻ ദൗത്യത്തിന്റെ ബ്രാൻഡ് അംബാസഡറാണ് സോനു സൂദ്. ഈ മാസം ആദ്യമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇക്കാര്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കൊറോണ വൈറസ് ബാധിച്ചെങ്കിലും തന്റെ മാനസികാവസ്ഥയും ആത്മവിശ്വാസവും 'സൂപ്പർ പോസിറ്റീവ്' ആണെന്നാണ് ഇൻസ്റ്റയിൽ പങ്കുവച്ച കുറിപ്പില്‍ സോനു പറയുന്നത്.
'ഇന്ന് രാവിലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മുൻകരുതല്‍ നടപടി എന്ന നിലയ്ക്ക് നേരത്തെ തന്നെ ക്വറന്റീനിലായിരുന്നു. നിർദേശങ്ങൾ കൃത്യമായി പാലിച്ച് പോരുന്നുമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരാളം സമയം ഇത് മൂലം ലഭിക്കുന്നുണ്ട്. നിങ്ങൾക്കു വേണ്ടി ഞാനെപ്പോഴും ഉണ്ടാകുമെന്ന് ഓർക്കുക' ആരാധകര്‍ക്കായി പങ്കുവച്ച കുറിപ്പിൽ സോനു പറയുന്നു.
തെന്നിന്ത്യന്‍-ബോളിവുഡ് ചിത്രങ്ങളിൽ സജീവമായ സോനു സൂദ് കോവിഡ് കാലത്തെ സഹായപ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ അഭയാർഥി തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് മടക്കിയെത്തിക്കാൻ താരം ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ജോലി നഷ്ട്ടപ്പെട്ടവർക്ക് കൈത്താങ്ങായും പഠനസൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് സഹായഹസ്തം നീട്ടിയും പലപ്പോഴും താരം വാർത്തകളിൽ നിറഞ്ഞിരുന്നു.
നിരവധി ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച സോനു സൂദ് 1999 ൽ തമിഴ് ചിത്രമായ 'കല്ലഴഗറി'ലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 2002 ൽ പുറത്തിറങ്ങിയ ഷഹീദ്-ഇ-ആസാം എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവച്ചു. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം. ദബാംഗ്, യുവ, അതാട്, ജോധാ അക്ബർ, ഡൂക്കുഡു, ഷൂട്ട് ഔട്ട് അറ്റ് വഡാല, ഹാപ്പി ന്യൂ ഇയർ, സിംബ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങളിലെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.