കൊച്ചി: ഒടുവിൽ നടനും സംവിധാകയനുമായ ശ്രീനിവാസൻ ഫേസ്ബുക്കിൽ ഒറിജിനൽ അക്കൗണ്ട് തുറന്നു. ഇതുവരെ ഫേസ്ബുക്കിൽ തന്റെ പേരിൽ ഉപദേശം നൽകിയിരുന്നതും അഭിപ്രായപ്രകടനം നടത്തിയിരുന്നതും ഫേക്കൻമാരാണെന്നും പുതിയ അക്കൗണ്ടിലെ വീഡിയോ സന്ദേശത്തിൽ ശ്രീനിവാസൻ പറയുന്നു. അന്വേഷണത്തിൽ തന്റെ പേരിൽ ആറ് ഫേക്ക് അക്കൗണ്ടുകൾ ഉള്ളതായി മനസിലാക്കി. ഇന്നുവരെ മകൻ വിനീത് ശ്രീനിവാസനോട് രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ല. തന്റെ ഉപദേശം ആർക്കും ആവശ്യമില്ല. ലോകത്തെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ് ഉപദേശം- ശ്രീനിവാസൻ പറയുന്നു. 'ശ്രീനിവാസൻ പാട്യം (ശ്രീനി)' എന്ന പേരിലാണ് തന്റെ അക്കൗണ്ടെന്നും ഈ അക്കൗണ്ടിലൂടെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ ശ്രമിക്കുമെന്നും ശ്രീനിവാസൻ വ്യക്തമാക്കുന്നു.
Also Read- താരങ്ങളുടെ പ്രതിഫലം ഞെട്ടിച്ചു; സംവിധായകൻ മഞ്ജു വാര്യരുടെ നായകനായി
ശ്രീനിവാസൻ പറയുന്നത് ഇങ്ങനെ
''ഫേസ്ബുക്കിൽ ഇതുവരെ അക്കൗണ്ടില്ല. പക്ഷേ എന്റെ സുഹൃത്തുക്കളുടെ സഹായം കൊണ്ട് എനിക്ക് ആറ് ഫേക്ക് അക്കൗണ്ടുകളുണ്ടെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ആ അക്കൗണ്ടിലൂടെ എന്റെ സുഹൃത്തുക്കളോട് പറയാനുള്ള നിരവധി കാര്യങ്ങൾ ഞാൻ പറഞ്ഞതായി അവർ പറയുകയാണ്. ഉദാഹരണത്തിന് എന്റെ മകൻ വിനീതിനോട് ഞാൻ ചില രാഷ്ട്രീയ ഉപദേശങ്ങൾ,,,, അതായത് സിപിഎമ്മിൽ ചേരണമെന്ന് ഒരിക്കൽ.. സിപിഎമ്മിൽ ചേരരുതെന്ന് പിന്നീട് ഒരിക്കൽ. സിപിഎമ്മിൽ ചേരുകയെന്നത് ചൂണ്ടയാണ്, സൂക്ഷിക്കണമെന്നൊക്കെ പറഞ്ഞിട്ടുള്ളത്....
ഇന്നുവരെ ഞാൻ വിനീതിനോട് രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ല. കാരണം ഓരോ ആളുകൾക്കും പ്രായപൂർത്തിയാകുമ്പോൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്താണെന്ന് അറിയാൻ സ്വന്തമായി ഒരു കഴിവുണ്ടാകണം. വിനീതിന് ആ രീതിയിൽ ഒരു കഴിവുണ്ടാകുമെന്നാണ് ഞാൻ വിചാരിക്കുന്നത്. വിനീതിന് മാത്രമല്ല, ഒന്നും പുറത്തുപറയാത്തവർക്കുപോലും അവർക്ക് പറയാനുള്ള കാര്യങ്ങളെ പറ്റി നല്ല വ്യക്തതയുണ്ടാകും. അതുകൊണ്ട് എന്റെ ഉപദേശമോ അഭിപ്രായമോ ഒരാൾക്കും ആവശ്യമില്ല. ഞാൻ ആരെയും ഉപദേശിക്കാൻ തയാറല്ല. ലോകത്തെ ഏറ്റവും വൃത്തിക്കെട്ട പരിപാടിയാണ് ഉപദേശം എന്ന് എനിക്കറിയാം. എന്നെ പറ്റി ഫേക്കായ അക്കൗണ്ടിൽ എഴുതുന്നവർക്ക് ആ സത്യം അറിയില്ലായിരിക്കും. അവർ ഇനി എങ്കിലും അത് മനസ്സിലാക്കണം. പാട്യം എന്റെ നാടാണ്. ശ്രീനിവാസൻ പാട്യം (ശ്രീനി) അങ്ങനെ സ്വന്തമായി ഔദ്യോഗികമായി ഒരു അക്കൗണ്ട് ഞാൻ തുടങ്ങിയിരിക്കുകയാണ്. അതിലൂടെ എനിക്ക് പറയാൻ ആഗ്രഹമുള്ള, ഉപദേശമല്ലാത്ത കുറേ കാര്യങ്ങളുണ്ട്. അത് പറയാൻ ഞാൻ ശ്രമിക്കുന്നതാണ്''
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.