HOME /NEWS /Film / 'രാഷ്ട്രീയപരമായി വിയോജിപ്പുണ്ട്; പക്ഷേ പിഷാരടിയെ ട്രോളാൻ മക്കളുടെ ചിത്രങ്ങൾ ഉപയോഗിക്കരുത്': നടൻ സുബീഷ് സുധി

'രാഷ്ട്രീയപരമായി വിയോജിപ്പുണ്ട്; പക്ഷേ പിഷാരടിയെ ട്രോളാൻ മക്കളുടെ ചിത്രങ്ങൾ ഉപയോഗിക്കരുത്': നടൻ സുബീഷ് സുധി

subish sudhi, ramesh pisharody

subish sudhi, ramesh pisharody

''കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പിഷാരടി സിപിഎം-ന്റെ വര്‍ഗ ബഹുജന സംഘടനകള്‍ അല്ലെങ്കില്‍ കോളേജ് യൂണിയനുകള്‍ നടത്തുന്ന പല പരിപാടികള്‍ക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്.''

  • Share this:

    നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വലിയ തോതിലുള്ള ട്രോളുകളാണ് നടൻ രമേഷ് പിഷാരടിക്കെതിരെ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. തെരഞ്ഞെടുപ്പിന് മുൻപായി രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ അംഗത്വം നേടുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ട്രോളുകൾ പ്രചരിച്ചത്. രമേഷ് പിഷാരടി പ്രചാരണം നടത്തിയ സ്ഥാനാർഥികളെല്ലാം പരാജയപ്പെട്ടുവെന്ന തരത്തിലായിരുന്നു ട്രോളുകൾ. ചില ട്രോളുകള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കടന്നാക്രമിക്കുന്ന പശ്ചാത്തലത്തിലാണ്. ഈ സാഹചര്യത്തിൽ രമേഷ് പിഷാരടിക്ക് പിന്തുണയുമായി നടന്‍ സുബീഷ് സുധി രംഗത്തെത്തി. രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട് എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ താന്‍ ഏറെ ഇഷ്ടപെടുന്നയാളാണ് രമേഷ് പിഷാരടിയെന്ന് സുബീഷ് വ്യക്തമാക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കുട്ടികളെ ട്രോളുകളിലേക്ക് വലിച്ചിഴക്കുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും സുബീഷ് സുധി കുറിക്കുന്നു

    സുബീഷ് സുധിയുടെ വാക്കുകൾ

    രാഷ്ട്രീയപരമായി പിഷാരടിയോട് ഞാന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ഞാനെന്റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷേ പിഷാരടി എന്ന വ്യക്തി ഒരു പക്ഷേ എനിക്ക് അടുത്ത് അറിയാവുന്ന ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്.

    കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പിഷാരടി സിപിഎം-ന്റെ വര്‍ഗ ബഹുജന സംഘടനകള്‍ അല്ലെങ്കില്‍ കോളേജ് യൂണിയനുകള്‍ നടത്തുന്ന പല പരിപാടികള്‍ക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്.

    അതുകൊണ്ട് തന്നെ ഇന്നലെ ഞാന്‍ രമേശേട്ടനോട് സംസാരിച്ചപ്പോള്‍ , ട്രോളുകളും മറ്റും ഒരു തമാശയായി കാണുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ മക്കളെ, കൊച്ചുക്കുട്ടിയുടെ ഫോട്ടോ പോലും ട്രോളാന്‍ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ഏറെ വിഷമം തോന്നി. പിഷാരടിക്ക് അദ്ദേഹത്തിന്റെ മക്കള്‍ ജീവന് തുല്യം ആണ്. അതെല്ലാവര്‍ക്കും അങ്ങനെ ആണല്ലോ

    ഞാന്‍ അതിനെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ പിഷാരടിയെ ന്യായീകരിക്കാന്‍ രംഗത്ത് വന്നതോ ഒന്നുമല്ല. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ക്ക് പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങള്‍ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് ഞാന്‍ വിനയത്തിന്റെ ഭാഷയില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

    ഇടതുപക്ഷ അനുകൂലികളാണ് രമേഷ് പിഷാരടിക്കെതിരെ ട്രോളുകൾ പ്രചരിപ്പിക്കുന്നത്. സംവിധായകൻ എം എ നിഷാദ് അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ പിഷാരടിയെ ട്രോളി രംഗത്ത് വന്നിരുന്നു. പിഷാരടിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ കോൺഗ്രസും രംഗത്ത് വന്നിരുന്നു. പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും, കരുനാഗപ്പള്ളിയും, അങ്കമാലിയും, തൃക്കാക്കരയും, കോട്ടയവും, പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങള്‍ യുഡിഎഫ് ജയിച്ചുവെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സിപിഎം നിർദേശ പ്രകാരമാണ് പിഷാരടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

    Also Read- മന്ത്രിപദവി പങ്കിടാൻ ജെഡിഎസ്; മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും രണ്ടരവർഷം വീതം

    First published:

    Tags: Cpm, Ramesh pisharody, Trolls