പ്രശസ്ത തമിഴ് ചലച്ചിത്ര നടനും ഗായകനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരിക്ക്. മലേഷ്യയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘പിച്ചൈക്കാരന്‍ 2’ എന്ന സിനിമയിലെ സംഘട്ടന രംഗത്തിനിടെ ഉണ്ടായ ബോട്ടപകടത്തിലാണ് താരത്തിന് പരിക്കേറ്റത്. വിജയ് ആന്റണി സുഖം പ്രാപിച്ച് വരികയാണെന്ന് തമിഴ് സംവിധായകൻ സി.എസ്. അമുദനും നിർമാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു.
മലേഷ്യയിലെ ലങ്കാവി ദ്വീപിലെ സെറ്റില്‍ നടന്ന ചിത്രീകരണത്തിനിടെ വിജയ് ആന്റണി സഞ്ചരിച്ച ബോട്ട് നിയന്ത്രണം വിട്ട് ക്യാമറാ സംഘത്തിന്റെ ബോട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷകള്‍ നല്കി താരത്തെ ക്വാലാലംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Guys I’ve spoken to his nearest circle & @vijayantony is well, he will be back soon with shooting & his many cryptic tweets! Come back strong nanba..this year is ours!
— CS Amudhan (@csamudhan) January 16, 2023
നായകനായും ഗായകനായും സംഗീത സംവിധായകനായും തിളങ്ങിയ വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരൻ 2. 2016ല്‍ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാം ഭാഗമാണിത്. മരണക്കിടക്കയിലുള്ള അമ്മയുടെ ആഗ്രഹപ്രകാരം കോടീശ്വരനായ നായകൻ 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സംവിധാനത്തിനൊപ്പം വിജയ് തന്നെയാണ് പിച്ചൈക്കാരൻ 2 ന്റെ സംഗീതസംവിധാനവും നിർമാണവും. ശശിയാണ് ആദ്യഭാഗം സംവിധാനം ചെയ്തത്.
ജോൺ വിജയ്, ഹരീഷ് പേരടി, വൈ.ജി. മഹേന്ദ്രൻ, അജയ് ഘോഷ്, യോഗി ബാബു തുടങ്ങിയ വന്‍ താരനിരയാണ് പിച്ചൈക്കാരന്‍ 2 വില്‍ അണിനിരക്കുന്നത്. തമിളരസൻ, അഗ്നി സിറകുകൾ, കാക്കി, കൊലൈ, രത്നം, മഴൈ പിടിക്കാത മനിതൻ എന്നിവയാണ് വിജയ് ആന്റണിയുടെതായി വരാനിരിക്കുന്ന ചിത്രങ്ങൾ. തെന്നിന്ത്യയില്‍ തരംഗമായി മാറിയ ‘നാക്കുമുക്ക്’ എന്ന ഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് വിജയ് ആന്റണിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.