ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു. താരം നായകനായെത്തിയ ‘ലൈഗര്‍’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ഹൈദരാബാദിലെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് റീജിയണല്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നേരത്തെ ഇ.ഡിക്ക് പരാതി ലഭിച്ചതായാണ് വിവരം.
ഫെമ നിയമത്തിന്റെ ലംഘനം കേസില്‍ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കേസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളായ പുരി ജഗ്ഗനാഥിനെയും ചാര്‍മിയെയും ഇ.ഡി നവംബര്‍ 17ന് ചോദ്യം ചെയ്തിരുന്നു. 125 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം സാമ്പത്തികമായി വന്‍ പരാജയമായിരുന്നു.
സിനിമയില്‍ നടന് ലഭിച്ച പ്രതിഫലം, മറ്റു അണിയറപ്രവര്‍ത്തകര്‍ കൈപ്പറ്റിയ പണം എന്നിവയാണ് ഇ.ഡി പരിശോധിക്കുന്നത്. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ സിനിമയില്‍ അതിഥി വേഷത്തില്‍ അഭിനിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രതിഫലത്തെ കുറിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ചില രാഷ്ട്രീയക്കാരുടെ കള്ളപ്പണം ലൈഗര്‍ സിനിമയുടെ നിര്‍മാണത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപവും നിലവിലുണ്ട്. ദുബായ് കേന്ദ്രീകരിച്ച് പണമിടപാടുകള്‍ നടന്നതായാണ് ഇ.ഡി വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.