കൊച്ചി: വേറിട്ട, ശക്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലും മലയാളി മനസ്സിലും ഇടം നേടിയ
മംമ്ത മോഹൻദാസ് നിർമാണ രംഗത്തേക്ക് തിരിയുന്നു. മംമ്തയും സുഹൃത്തും
സംരംഭകനുമായ നോയൽ ബെനും ചേർന്നാണ് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പുതിയ പ്രൊഡക്ഷൻ ഹൗസിനു തുടക്കം കുറിച്ചത്.
സിനിമയിൽ നിന്ന് നേടിയ അംഗീകാരങ്ങൾക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തിൽ നിന്ന് ഉടലെടുത്തതാണ് പുതിയ സംരംഭമെന്ന് മംമ്ത അറിയിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന തങ്ങളുടെ പുതിയ പ്രോജക്ടിൽ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാൻ കഴിയുമെന്നതും ഈ പ്രൊഡക്ഷൻ ഹൗസിന്റെ സവിശേഷതായി മംമ്ത മോഹൻദാസ് ചൂണ്ടിക്കാട്ടി.
ഇനിയുമൊരുപാട് കാമ്പുള്ള കഥകൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ തങ്ങൾക്കാകുമെന്ന് പ്രൊഡക്ഷൻ ഹൗസ് ലോഞ്ചിങ്ങിനിടെ ഇരുവരും അഭിപ്രായപ്പെട്ടു. മംമ്‌തയുടെ ആദ്യ നിർമാണ സംരംഭത്തിൽ മൂന്ന് ദേശീയ പുരസ്‌കാര ജേതാക്കൾ ഒരുമിക്കുന്നു.
2005ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് സിനിമയിലേക്കെത്തിയത്. നടി എന്നതിനുപരി ഗായിക കൂടിയാണ് മംമ്ത.
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മംമ്ത വേഷമിട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 25ലധികം ഗാനങ്ങൾ മംമ്ത ആലപിച്ചിട്ടുണ്ട്. ഫോറൻസിക് ആണ് മംമ്തയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.