ന്യൂഡല്‍ഹി: കങ്കണ റണത്തിന് പിന്നാലെ 'ക്വീന്‍' സംവിധായകന് വികാസ് ബാലിനെതിരെ ലൈംഗിക പീഡന ആരോപണവുമായി നടി നയനി ദീക്ഷിതും. മീ ടു കാമ്പയിന്റെ ഭാഗമായാണ് നയനിയുടെ വെളിപ്പെടുത്തല്‍.
തനിക്ക് ദേശീയ അവാര്‍ഡ് നേടിത്തന്ന സിനിമയുടെ സംവിധായകനായ വികാസിനെതിരെ നേരത്തെ കങ്കണ ഗുരുതര ലൈംഗിക ആരോപണമുന്നയിച്ചത് ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ക്വീനിലെ തന്നെ മറ്റൊരു താരമായിരുന്ന നയനി ദീക്ഷിതും വികാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
വികാസ് മോശമായി പെരുമാറിയെന്നും ലൈംഗികമായി പീഡനത്തിനു ശ്രമിച്ചെന്നുമാണ് നയനി വെളിപ്പെടുത്തിയിരിക്കുന്നത്. 2014-ല്‍ ക്വീനിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ടൂ സ്റ്റാര്‍ ഹോട്ടലായിരുന്നു നയനിയുടെ താമസം. അത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ വികാസിന്റെ മുറിയിലേക്ക് തന്നെ ക്ഷണിച്ചെന്നും അന്ന് രാത്രി ഒന്നിച്ചുറങ്ങാമെന്ന് പറഞ്ഞെന്നുമാണ് നയനിയുടെ ആരോപണം.
ക്ഷണം നിരസിച്ച തന്നോട് പിറ്റേദിവസം ഷൂട്ടിംഗിനിടെ സംവിധായകന് പ്രതിഷേധം തീര്‍ത്തെന്നും നയനി ആരോപിക്കുന്നു. ഒടുവില്‍ അയാളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തേണ്ടി വന്നെന്നും നയനി പറയുന്നു.
വസ്ത്രാലങ്കാരത്തിന്റെ ചുമതലയുണ്ടായിരുന്ന പെണ്‍കുട്ടിയോടും വികാസ് മോശമായി പെരുമാറി. ഇവര്‍ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കങ്കണ രംഗത്തെത്തിയത്.
വികാസ് അംഗമായ 'ഫാന്റം ഫിലിംസ്' ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. അടുത്ത ചിത്രമായ സൂപ്പര്‍ 30 ലെ നായകനായ ഹൃത്വിക് റോഷനും വികാസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുറ്റാവാളികള്‍ ശിക്ഷിക്കപ്പെടണമെന്നാണ് ഹൃത്വിക് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.