തന്നെയും കുടുംബത്തെയും അപമാനിക്കാൻ ശ്രമിച്ചയാൾക്കെതിരെ നടി പാർവതി തിരുവോത്ത് പൊലീസിൽ പരാതി നൽകി. നടിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 354ഡിയും കേരള പൊലീസ് ആക്ട് 1200 ഉം അനുസരിച്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
തന്റെ പേര് കിഷോർ എന്നാണെന്നും താൻ അഭിഭാഷകനാണെന്നുമാണ് സ്വയം പരിചയപ്പെടുത്തിയ ആളാണ് കഴിഞ്ഞ ഒരു മാസമായി പാർവതിക്കും കുടുംബത്തിനും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചത്. അജ്ഞാത ഫോൺ വിളികൾ, സന്ദേശങ്ങൾ എന്നിവ വഴി നിരന്തരം ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് പരാതി നൽകിയത്.
ഫേസ്ബുക്ക് മെസഞ്ചർ മുഖേന ആദ്യം പാർവതിയുടെ സഹോദരനെയാണ് കിഷോർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ ബന്ധപ്പെട്ടത്. പാർവതിയെക്കുറിച്ച് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇത്.
ഒക്ടോബർ ഏഴിനായിരുന്നു ഇയാൾ സഹോദരനെ ബന്ധപ്പെട്ടത്. പാർവതിയുടെ സഹോദരനോട് പാർവതിയെക്കുറിച്ചും അവർ എവിടെയാണെന്ന് സംബന്ധിച്ചും ഇയാൾ ചോദിച്ചറിഞ്ഞു. അതിന്റെ സ്ക്രീൻഷോട്ടുകൾ സംബന്ധിച്ച വിശദാംശങ്ങളും നടി പൊലീസിൽ സമർപ്പിച്ചിട്ടുണ്ട്.
രണ്ട് വനിതാ സംവിധായകരുടെ സിനിമകളുടെ നിർമാണം; മുന്നോട്ടു പോകാൻ KSFDCക്ക് ഹൈക്കോടതിയുടെ അനുമതി
ഇയാൾ പാർവതിയുടെ സഹോദരനുമായി സംസാരിക്കുന്ന സമയത്ത് പാർവതി യു എസിൽ ആയിരുന്നു. എന്നാൽ, പാർവതി യു എസിൽ പോയിട്ടില്ലെന്നും കൊച്ചിയിൽ തന്നെയുണ്ടെന്നും അവർ ചില പ്രശ്നങ്ങളിൽ പെട്ടിരിക്കുകയാണെന്നും ഇയാൾ പറഞ്ഞു. പാർവതിയെ രക്ഷിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഇയാൾ പറഞ്ഞു. എന്നാൽ, പാർവതിയുടെ സഹോദരൻ ഇയാളെ അവഗണിച്ചു.
തുടർന്ന് ഇതേ കാര്യങ്ങളുമായി പാർവതിയുടെ അച്ഛനെ സമീപിക്കുകയായിരുന്നു. കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കാൻ പാർവതിയുടെ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയ്യാറായില്ല. തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.