കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾ ലോകാരോഗ്യ സംഘടനയിലെ ഡോക്ടർമാരുമായി പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. ലോകാരോഗ്യ സംഘടന ജനറൽ ഡയറക്ടർ ഡോ. ടെഡ്റോസ് അധാനോം ഘെബ്രിയേസസ്, ഡോ. മരിയ വാൻ കെർഖോവ് എന്നിവരുമായി നടത്തിയ ലൈവ് സംഭാഷണത്തിലാണ് പ്രിയങ്ക തന്റെ സംശയങ്ങൾ പങ്കുവെച്ചത്. ഈ സംഭാഷണം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
കോവിഡ് 19മായി ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വ്യക്തതയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് നമ്മൾ. ലോകാരോഗ്യ സംഘടനയിലും ഗ്ലോബല്‍ സിറ്റിസണിലും പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കളാണ് കൊറോണയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഡോക്ടറുമാരുമായി എനിക്ക് ഇങ്ങനെയൊരു ആശയവിനിമയത്തിന് അവസരമൊരുക്കിയത്. ഇവരുമായി ഞാൻ നടത്തിയ സംഭാഷണം ദയവു ചെയ്ത് കാണണം- പ്രിയങ്ക കുറിച്ചു.
ലോകാരോഗ്യ സംഘടനയ്ക്ക് സംഭാവന നൽകുകയും പ്രതിസന്ധികളെ നേരിടാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യാം. (ലിങ്ക് എന്റെ ബയോയിൽ ഉണ്ട്) കൂടാതെ സംശയങ്ങൾ തേടുന്ന നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും ചുവടെ ടാഗുചെയ്യുകയും ചെയ്യുക. സമയം ചെലവഴിച്ചതിന് ഡോ. ടെഡ്റോസ്, ഡോ. മരിയ എന്നിവർക്ക് നന്ദി. എല്ലാവരും ദയവായി ഉത്തരവാദികളായിരിക്കുക, വീട്ടിൽ തന്നെ തുടരുക, സുരക്ഷിതമായി തുടരുക- പ്രിയങ്ക പറയുന്നു.
ആളുകൾ അയച്ചു തന്ന ചോദ്യങ്ങളും പൊതുവെ കോവിഡിനെ കുറിച്ചുള്ള സംശയങ്ങളുമാണ് താൻ ചോദിക്കുന്നതെന്ന് പറഞ്ഞാണ് പ്രിയങ്ക സംഭാഷണം ആരംഭിക്കുന്നത്. ആദ്യ ചോദ്യം ചോദിച്ചത് പ്രിയങ്കയുടെ ഭർത്താവ് നിക്കാണ്. താൻ ടൈപ്പ് വൺ ഡയബറ്റിക്കും പ്രിയങ്ക ആസ്ത്മയുള്ളയാളാണെന്നും ഇരുവരും നിലവിലെ സാഹചര്യത്തിൽ അവരുടെ ആരോഗ്യത്തില്‍ ആശങ്കയുള്ളവരാണെന്നു നിക്ക് പറഞ്ഞു.
നിക്കിന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് മരിയയാണ്. ശരിയായ എല്ലാ മുൻകരുതലുകളും ഇരുവരും സ്വീകരിക്കണമെന്ന് മരിയ നിർദേശിച്ചു. വീടിനുള്ളില്‍ തുടരാനും ഡോക്ടർ നിർദേശിച്ചു. എല്ലാവരും വീടുകളിൽ തുടരണമെന്ന് ഡോക്ടർ പറഞ്ഞു. യുവാക്കൾ അജയ്യരല്ലെന്നും ഡോക്ടർ ഓർമിപ്പിച്ചു.
തുടർന്ന് ആളുകൾ അയച്ച ചോദ്യങ്ങളാണ് പ്രിയങ്ക ചോദിച്ചത്. കൊറോണ വായുവിലൂടെ പകരുമോ? എന്നതായിരുന്നു ചോദ്യം. വായുജന്യ വൈറസല്ല ഇതെന്നാണ് മരിയ ഉത്തരം നൽകിയത്. എന്നിരുന്നാലും, വൈറസ് പ്രതലങ്ങളിലൂടെ പകരുമെന്ന് ഡോക്ടർ പറഞ്ഞു. അതിനർത്ഥം വൈറസ് പ്രതലങ്ങളിൽ തുടരാമെന്നാണ്. അതേസമയം രോഗബാധിതമായ ഒരു ഉപരിതലത്തിൽ സ്പർശിച്ചതുകൊണ്ട് നിങ്ങൾക്ക് രോഗം വരണമെന്ന് അർത്ഥമില്ലെന്നും ഡോക്ടർ വ്യക്തമാക്കി. എങ്കിലും കൈകൾ കഴുകണമെന്നും ശുചിത്വവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കണമെന്നും ഡോക്ടർ നിർദേശിച്ചു.
കൊറോണ ബാധിച്ച് ചികിത്സയിലൂടെ സുഖമായ ഒരാൾക്ക് ഇത് വീണ്ടും വരാൻ സാധ്യതയുണ്ടോ എന്നായിരുന്നു പ്രിയങ്കയുടെ മറ്റൊരു സംശയം. രോഗബാധിതരായവർക്ക് രോഗപ്രതിരോധ ശേഷി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് ഡോ. മരിയ പറഞ്ഞു.
കടുത്ത ചൂടിൽ വൈറസ് പടരുമോ എന്നതായിരുന്നു ഒരു ചോദ്യം. ചൈന, സിംഗപ്പൂർ രാജ്യങ്ങളിലെ വ്യത്യസ്ത കാലാവസ്ഥകൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഡോ. മരിയ ഇതിന് ഉത്തരം പറഞ്ഞത്. വ്യത്യസ്ത കാലാവസ്ഥകളിൽ
ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കുന്നത് ഇപ്പോഴും നേരത്തെയാണെന്ന് ഡോ. മരിയ പറഞ്ഞു. വാക്സിൻ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ഡോ. ടെഡ്രോസ് പറഞ്ഞു. ഒരു വാക്സിൻ സൃഷ്ടിക്കാൻ 12-18 മാസമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ പോലുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചുകൊണ്ടും അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ച് പരിഭ്രാന്തി പരത്താതിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുമാണ് പ്രിയങ്ക സംഭാഷണം അവസാനിപ്പിച്ചത്. യുണിസെഫിന്റെ ഗുഡ്വില് അംബാസഡര്‍ കൂടിയായ പ്രിയങ്ക കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭര്‍ത്താവും പോപ് ഗായകനുമായ നിക്ക് ജോനാസിനൊപ്പം ന്യൂയോര്‍ക്കില്‍ ക്വാറന്റൈനിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.