പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയകേസിൽ മുൻകൂർ ജാമ്യഹർജി പിൻവലിച്ച് ബോളിവുഡ് നടി സണ്ണി ലിയോണി. കേരളത്തിലും വിദേശത്തുമായി പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.
പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിലായിരുന്നു സണ്ണി ലിയോണി അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. 2019ൽ കൊച്ചിയിൽ വാലന്റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്നുള്ള കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നായിരുന്നു ഷിയാസ് നൽകിയ പരാതി.
ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭർത്താവും നൽകിയ ഹർജിയിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യ ഹർജി നടി പിൻവലിച്ചത്. ഷോ നടത്താമെന്ന് പറഞ്ഞ് പണം തരാതെ പരാതിക്കാരന്‍ തന്നെയാണ് പറ്റിച്ചത് എന്നാണ് സണ്ണി ലിയോണി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ അറിയിച്ചത്. 2018 മേയ് 11 നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചത്. ഇതിനായി സംഘാടകര്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
പലതവണ ഷോയുടെ തിയതിയും സ്ഥലവും മാറ്റുകയും, കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും ശേഷം തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി എന്നും ആരോപിച്ച് സണ്ണി ലിയോണി ഷോയുടെ ചീഫ് കോ ഓഡിനേറ്ററായ ഷിയാസ് കുഞ്ഞുമുഹമ്മദ് പറയുന്നു.
എന്നാല്‍ പിന്നീട് പ്രളയം അടക്കമുള്ള സാഹചര്യങ്ങളില്‍ പലതവണ തീയതി മാറ്റി. ഒടുവിൽ 2019 ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ ഷോയായി കൊച്ചിയിൽ നടത്താൻ തീരുമാനമായി. ജനുവരി 31 നകം പണം മുഴുവൻ നൽകണമെന്ന ആവശ്യം സമ്മതിച്ച ശേഷം കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നൽകാൻ തയാറായില്ല. ബാക്കി പണം നൽകാതെ സമ്മർദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാരന്റെയും സംഘത്തിന്റെയും ശ്രമത്തിന് വഴങ്ങാതിരുന്നതാണ് കേസിനിടയാക്കിയതെന്ന് നടി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.