ഗിന്നസ് റെക്കോർഡ് നേടിയ ചിത്രം 'നേതാജിയുടെ' സംവിധായകൻ വിജീഷ് മണിക്ക് ആദിവാസി സമൂഹത്തിന്റെ ആദരം. ഇരുള ഭാഷയിൽ ആദ്യമായി സിനിമ എടുത്ത സംവിധായകന് ആദിവാസി സമൂഹം അട്ടപ്പാടി മാരിയമ്മൻ കോവിലിന് മുന്നിൽ വെച്ച് ബഹുമാന സൂചകമായ 'തപ്പെ സുണ്ടി വില്ല്' നൽകി ആദരിച്ചു. ഈ സ്വീകരണം നാളിതുവരെ തനിക്ക് ലഭിച്ചിട്ടുള്ള അംഗീകാരങ്ങളിൽ നിന്നും ഉയരത്തിൽ നിൽക്കുന്നുവെന്നും അതുകൊണ്ടു തന്നെ ഈ ആദരവ് താൻ ഹൃദയത്തിൽ ചേർക്കുന്നുവെന്നും വിജീഷ് മണി പറഞ്ഞു. നഞ്ചമ്മ, കുപ്പുസ്വാമി, ബാലൻ, മുരുകേഷ് എന്നിവർ ഉൾപ്പെടുന്ന ഇരുള സമൂഹാംഗങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചു.
ജോണി ഇന്റർനാഷണൽ ഗ്രൂപ് ഓഫ് കമ്പനീസിന്റെ ബാനറിൽ ജോണി കുരുവിള നിർമ്മിച്ച് വിജീഷ് മണി കഥ എഴുതി സംവിധാനം ചെയ്ത
'നേതാജി' അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിന്റെ ഭാഷകളിൽ പ്രമുഖമായ ഇരുള ഭാഷയിൽ നിർമ്മിക്കപ്പെട്ട ആദ്യ സിനിമ എന്ന പേരിലാണ് ഗിന്നസ്സ് ബുക്കിൽ ഇടം പിടിച്ചത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലെ കാണാപ്പുറങ്ങൾ മുഖ്യ പ്രമേയമായി വരുന്ന ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ചലച്ചിത്ര നിർമ്മാതാവായ ഗോകുലം ഗോപാലനാണ്.
നേതാജിക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് എം.ജെ. രാധാകൃഷ്ണനാണ്. യു. പ്രസന്നകുമാർ തിരക്കഥയൊരുക്കിയ ഈ സിനിമയുടെ ശബ്ദലേഖനം നിർവ്വഹിച്ചത് ഹരികുമാർ ആണ്. വിശ്വഗുരു എന്ന സിനിമയിലൂടെ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച വിജിഷ് മണിയുടെ രണ്ടാമത്തെ പുരസ്കാരമാണിത്. നിർമ്മാതാവ് ജോണി കുരുവിള, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലം ഗോപാലൻ സംവിധായകൻ, വിജീഷ് മണി എന്നിവർക്ക് ഈ പുരസ്കാരം ലഭിച്ചു.
പ്രമുഖ താരങ്ങൾക്കൊപ്പം ക്ലിന്റ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മാസ്റ്റർ അലോക് യാദവ്, പത്ര പ്രവർത്തകർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ തുടങ്ങിയവരും വേഷമിടുന്നു. നേതാജിയുടെ മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂരും, കലാസംവിധാനം രമേഷ് ഗുരുവായൂരും, ഗാനരചന ഡോ: പ്രശാന്ത് കൃഷണനും, സംഗീതം ജുബൈർ മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.
'വിശ്വഗുരു' വിലൂടെ ഏറ്റവും വേഗത്തിൽ സിനിമ പൂർത്തികരിച്ച് റിലീസ് ചെയ്ത് ഗിന്നസ് റെക്കോർഡ് വിജീഷ് മണി കരസ്ഥമാക്കിയിരുന്നു. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളായ മമ്മൂട്ടിയുടെ പഴശ്ശി രാജയും, നിവിൻ പോളി, മോഹൻലാൽ താരങ്ങൾ അണിനിരന്ന കായംകുളം കൊച്ചുണ്ണിയും നിർമ്മിച്ചത് ഗോകുലം ഗോപാലനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.