ഇന്റർഫേസ് /വാർത്ത /Film / അടൂർ KRNNIVAS ചെയർമാൻ സ്ഥാനം രാജിവെച്ചു; 'രാജ്യത്ത് സിനിമയുടെ അവസാനവാക്കായ ശങ്കർ മോഹനെ അപമാനിച്ച് പടികടത്തി'

അടൂർ KRNNIVAS ചെയർമാൻ സ്ഥാനം രാജിവെച്ചു; 'രാജ്യത്ത് സിനിമയുടെ അവസാനവാക്കായ ശങ്കർ മോഹനെ അപമാനിച്ച് പടികടത്തി'

അടൂർ ഗോപാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്ണൻ

മാധ്യമങ്ങൾ ആടിനെ പേപ്പട്ടി ആക്കി പേപ്പട്ടിയെ തല്ലിക്കൊന്നുവെന്ന് അടൂർ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചു. ഇന്ന് മാധ്യമങ്ങളെ കണ്ടാണ് രാജിവെച്ച കാര്യം അടൂർ അറിയിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയതായും അദ്ദേഹം അറിയിച്ചു.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്നത് അന്വേഷിക്കണമെന്ന് അടൂർ ആവശ്യപ്പെട്ടു. കള്ളം കള്ളത്തെ പ്രസവിച്ചുവെന്നും മാധ്യമങ്ങൾ ആടിനെ പേപ്പട്ടി ആക്കി പേപ്പട്ടിയെ തല്ലിക്കൊന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കുറ്റവാളികൾ ഗേറ്റ് കീപ്പറായാലും ശുചീകരണ ജോലിക്കാരായാലും അധ്യാപകരായാലും അനധ്യാപകരോ വിദ്യാർത്ഥികളോ ആയാലും അവരെ കണ്ടെത്തി തക്ക ശിക്ഷ നൽകേണ്ടത് സ്ഥാപനത്തിന്റെ തുടർന്നുള്ള നടത്തിപ്പിന് അത്യന്താപേക്ഷിതമാണെന്നും അടൂർ.

വിദ്യാർത്ഥി സമരത്തെ തുടർന്ന് ഡയറക്ടർ സ്ഥാനത്തു നിന്ന് രാജിവെച്ച ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ചാണ് അടൂർ ഗോപാലകൃഷ്ണന്റെ രാജി.  ശങ്കര്‍ മോഹൻ മികച്ച പ്രൊഫഷണലാണ്. അദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവർത്തന പരിചയമോയുള്ള വ്യക്തി ഇന്ത്യയിലില്ല. അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി അപമാനിച്ച് പടികടത്തി വിടുകയാണ് ചെയ്തത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കര്‍ മോഹന് നേരെയുണ്ടായത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം തെറ്റാണ്.

നാശത്തിന്റെ വക്കിലായിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിനെ മികച്ച സിനിമാപരിശീലന കേന്ദ്രമാക്കുന്നതിനു വേണ്ടി അഹോരാത്രം പണിയെടുത്ത വ്യക്തിയാണ് ശങ്കർ മോഹൻ. പരാതിക്കോ പഴിക്കോ വകനൽകാതെ നാല് പതിറ്റാണ്ടിലധികം രാജ്യത്തെ സിനിമയെ സംബന്ധിക്കുന്ന എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും സേവനം നടത്തിയിട്ടുണ്ടെന്നും അടൂർ.

ജാതിവിവേചനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിട്ടതിനെ തുടർന്നാണ് ശങ്കർ മോഹൻ രാജിവെച്ചത്. വിദ്യാർത്ഥി സമരത്തെ തുടർന്നായിരുന്നു രാജി.

അടൂരിന്റെ രാജിക്കത്തിൽ പറയുന്ന കാര്യങ്ങൾ

ഡിസംബർ 5 നാണ് സമരത്തിലാണെന്ന് വിദ്യാർത്ഥി നേതാക്കൾ പ്രഖ്യാപിക്കുന്നത്. കാരണമായി പറഞ്ഞത് ദളിത് വിരോധവും ജാതി വിവേചനവും.

ഇൻസ്റ്റിറ്റ്യൂട്ടിലെ ദളിത് ശുചീകരണ തൊഴിലാളികളെ ഡയറക്ടർ നിർബന്ധിപ്പിച്ച് അടിമപ്പണി ചെയ്യിപ്പിച്ചിരുന്നുവെന്നായിരുന്നു ആദ്യം മുതൽ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

എന്നാൽ തന്റെ അന്വേഷണത്തിൽ ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ജോലിക്കാരിൽ ആരും തന്നെ പട്ടികജാതിയിൽ പെടുന്നവരല്ല. നായരും ക്രിസ്ത്യാനിയും ആശാരിയുമെല്ലാമാണവർ.

ഡയറക്ടറുടെ രാജിയോടെ ഇൻസ്റ്റിറ്റൂട്ടിലെ സമരങ്ങൾക്ക് തിരശ്ശീല വീണുവെന്ന് കരുതുന്നത് തെറ്റാണ്.

അദ്ദേഹത്തിന്റെ രാജി പ്രശ്നങ്ങൾക്ക് കുറച്ചു കൂടി തീവ്രത കൂട്ടുമെന്നാണ് തനിക്ക് തോന്നുന്നത് .

അധ്യാപനത്തിൽ നിന്നും നടത്തിപ്പു വിഭാഗത്തിൽ നിന്നും യോഗ്യരും അനുഭവ സമ്പന്നരുമായ എട്ടുപേരാണ് രാജിവെച്ചത്. പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി അക്കാദമിക് കൗൺസിൽ ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവെച്ചു. കൂടുതൽ പേർ വിട്ടുപോകുമെന്നും അറിയുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സാമാന്യബുദ്ധിക്കോ നീതിക്കോ നിരക്കാത്ത സമരമുറകളുടെ ഉറവിടവും പിന്തുണയും പുറത്തുവരാൻ സത്യസന്ധരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണം.

അല്ലാതെ നടത്തുന്ന അന്വേഷണങ്ങൾ വിഫലവും വിപരീതഫലങ്ങൾ ഉളവാക്കുന്നവയുമാകും. അതാണ് ഇതിനകം നടന്നത്. കുറ്റവാളികളെ തിരിച്ചറിയാതെ നേരുംനെറിയുമായി പ്രവർത്തിച്ചവരെ തേജോവധം ചെയ്യാനും സമൂഹമധ്യത്തിൽ അവഹേളിക്കുവാനുമാണ് അന്വേഷണണങ്ങളിലൂടെ ഒരുമ്പെട്ടത്. തിരുത്താനാവാത്ത വലിയൊരു ദുരന്തമാണ് ഇതിന്റെയെല്ലാം ഫലമായി വരുത്തിവെച്ചത്.

First published:

Tags: Adoor gopalakrishnan, FILM, Kottayam