HOME » NEWS » Film » ADOOR GOPALAKRISHNAN LASHES OUT AGAINST GOVERNMENT OTT PLATFORM AND NEW FILM CENSORING NORMS RV TV

'സർക്കാർ OTT പ്ലാറ്റ് ഫോം തുടങ്ങുന്നത് വലിയ തെറ്റ്; കേന്ദ്രസർക്കാരിന്റെ സെൻസറിംഗ് തീരുമാനം അംഗീകരിക്കാനാകില്ല': അടൂർ ഗോപാലകൃഷ്ണൻ

കേന്ദ്രസർക്കാരിന്റെ സെൻസറിംഗ് തീരുമാനം അംഗീകരിക്കാനാകില്ല. കേന്ദ്രം തീരുമാനങ്ങൾ മാറ്റാതെ സിനിമ ചെയ്യാനില്ലെന്നും അടൂർ

News18 Malayalam | news18-malayalam
Updated: July 3, 2021, 10:54 AM IST
'സർക്കാർ OTT പ്ലാറ്റ് ഫോം തുടങ്ങുന്നത് വലിയ തെറ്റ്; കേന്ദ്രസർക്കാരിന്റെ സെൻസറിംഗ് തീരുമാനം അംഗീകരിക്കാനാകില്ല': അടൂർ ഗോപാലകൃഷ്ണൻ
News18 Malayalam
  • Share this:
തിരുവനന്തപുരം: വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ എൺപതാാം പിറന്നാളാണ് ഇന്ന്. ജന്മദിനത്തിൽ ന്യൂസ് 18 ന് അനുവദിച്ച പ്രത്യാക അഭിമുഖത്തിൽ സിനിമാ മേഖലയിലെ നിലവിലെ വിഷയങ്ങളിൽ അദ്ദേഹം വാചാലനായി. അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ

'സർക്കാർ ഒടിടി പ്ലാറ്റ് ഫോം തെറ്റ്'

സർക്കാർ നിയന്ത്രണത്തിൽ ഒടിടി പ്ലാറ്റ് ഫോം തുടങ്ങാനുള്ള തീരുമാനം വളരെ വലിയ തെറ്റാണ്. സാംസ്കാരിക മന്ത്രിയെ ആരെങ്കിലും തെറ്റുദ്ധരിപ്പിച്ചതാകും. കുറഞ്ഞ ബജറ്റിലെ സിനിമകൾ ഒടിടി യിൽ കാണിച്ച് കളയുന്നത് പോലെ ആകും. ചെറിയ സിനിമകൾ ചലചിത്ര വികസന കോർപ്പറേഷന് കീഴിലെ ചെറിയ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകണം. അല്ലെങ്കിൽ ഒടിടി പ്ലാറ്റ്ഫോമിലേയ്ക്ക് ഇത്തരം സിനിമകളെ ഒതുക്കുന്നത് പോലെ ആയി പോകുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

'കേന്ദ്ര സെൻസറിംഗ് നയം അംഗീകരിക്കില്ല'

കേന്ദ്രത്തിന്റെ പുതിയ സെൻസറിംഗ് തീരുമാനം തെറ്റ്. സെൻസറിംഗ് നടത്തിയ സിനിമകൾ വീണ്ടും സെൻസർ ചെയ്യുമെന്ന തീരുമാനം ആർക്ക് വേണ്ടിയാണ് നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥനെ പോലും അവർക്ക് വിശ്വാസമില്ലാത്ത സ്ഥിതി. ആദ്യം അപ്പീൽ അതോറിറ്റി ഒഴിവാക്കി. എപ്പോൾ വേണമെങ്കിലും സെൻസറിംഗ് ചെയ്യാമെന്ന തീരുമാനവും ശരിയല്ല.

'കേന്ദ്ര നയം മാറ്റാതെ  സിനിമ ചെയ്യില്ല'

ഇപ്പോഴത്തെ അവസ്ഥയിൽ സിനിമ ചെയ്യാൻ താൽപര്യമില്ല. നിയന്ത്രണങ്ങൾ കാരണം സിനിമ എടുക്കാൻ പോലും തോന്നുന്നില്ല. കേന്ദ്രം അമിത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. സെൻസർബോർഡ് സിനിമ തടഞ്ഞാൽ മുകളിൽ അപ്പീൽ അതോറിറ്റി ഇല്ല. ജനാധിപത്യ വിരുദ്ധമാണ് ഈ തീരുമാനം. അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല.

'റെയ്ഡിനെ പേടിയില്ല; ഇനിയും തുറന്ന് പറയും'

കേന്ദ്ര നയത്തിനെതിരെ സിനിമക്കാർ ആരും പ്രതികരിക്കുന്നില്ല. ഇപ്പോഴത്തെ സിനിമക്കാർ സർക്കാരിൽ നിന്ന് നിരവധി കാര്യങ്ങൾ നേടാനുണ്ട്. ഇരിക്കാൻ പറഞ്ഞാൽ അവർ കിടക്കും. അംഗീകരിക്കാത്തവർക്കെതിരെ റെയ്ഡ് നടത്തും. അതിനാൽ സിനിമാക്കാൻ റെയ്ഡും പേടിക്കുന്നുണ്ട്. തനിക്ക് റെയ്ഡ് പേടിയില്ല. റെയ്ഡ് നടത്തിയാൽ കുറച്ച് ചൂരൽ കസേരകളും, മറ്റ് ഉപകരണങ്ങളുമെ വീട്ടിൽ നിന്ന് കിട്ടുകയുള്ളു. പിന്നെ എന്നെ കൊണ്ട് പോയിട്ട് വലിയ കാര്യവുമില്ല.

'ജനങ്ങളെ സർക്കാർ അവിശ്വസിക്കുന്നു'

ജനങ്ങളെ രാജ്യം ഭരിക്കുന്നവർ അവിശ്വസിക്കുന്നത് എന്തിനാണ്. ബ്രട്ടീഷുകാരുടെ കാലത്താണ് ജനങ്ങളെ അവിശ്വസിച്ചത്. തനിക്ക് ഉറച്ച ബോധ്യമുള്ള കാര്യങ്ങളാണ് പറയുന്നത്. അത് ഇനിയും പറയും.

'സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ല, ഒടിടി പ്ലാറ്റ് ഫോം ഉപയോഗിക്കുന്നില്ല'

സോഷ്യൽ മീഡിയയ്ക്ക് താൻ ആദ്യമെ എതിരാണ്. സോഷ്യൽ മീഡിയ എന്നല്ല, ആന്റി സോഷ്യൽ മീഡിയ എന്നാണ് വിളിക്കേണ്ടത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങൾ തന്നെ ബാധിക്കാറുമില്ല. ഒടിടി പ്ലാറ്റ് ഫോം ഇല്ല. താൽപര്യവുമില്ല. പുതിയ സിനിമകൾ കാണമെന്ന് പറഞ്ഞ് ആരെങ്കിലും നിർദ്ദേശിച്ചാൽ ഡിവിഡി എടുത്ത് കാണും.

'വെബ് സീരീസുകൾ കാണാറില്ല'

പഴയ കാല സീരിയലുകൾ തന്നെയാണ് വെബ് സീരീസുകൾ. കൂറെ പണം ചെലവഴിക്കുന്നു എന്ന് മാത്രം. അതുകൊണ്ട് വെബ് സീരീസുകൾ കാണാറില്ല. വായനയാണ് കൂടുതൽ സമയവും.

'പുതിയ കാലത്ത് മികച്ച സിനിമകൾ'

പുതിയ കാലത്ത് മികച്ച സിനിമകൾ ഉണ്ടാകുന്നു. ദിലീഷ് പോത്തനും സനൽകുമാർ ശശിധരനും വിപിൻ വിജയുമെല്ലാം മികച്ച സംവിധായകരാണ്. ഇനിയും ഉണ്ട് സംവിധായകരുടെ പട്ടിക. ജീവിതത്തോട് ചേർന്ന് നിൽക്കുന്നവയാണ് പുതിയ കാലത്തെ സിനിമകൾ.

Also Read- Happy Birthday Adoor Gopalakrishnan| വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് 80ാം പിറന്നാൾ

എട്ട് മുതൽ എൺപതുവരെ; അടൂർ ഗോപാലകൃഷ്ണന്റെ കലാജീവിതം
Published by: Rajesh V
First published: July 3, 2021, 10:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories