ഫോർ ദി പീപ്പിൾ എന്ന സിനിമയും ലജ്ജാവതിയേ എന്ന ഗാനവും മലയാളക്കരയിൽ ഒരു കാലത്തുണ്ടാക്കിയ ഓളം ചെറുതല്ല. ജയരാജ് സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും യുവാക്കൾക്കിടയിൽ തരംഗമാണ്.
ചിത്രത്തിലെ ലജ്ജാവതിയേ എന്ന് തുടങ്ങുന്ന ഗാനവും അതിൽ കിടിലൻ ഡാൻസ് ചെയ്യുന്ന പയ്യനും ഒരു സമയത്ത് യുവാക്കളുടെ ഹരമായിരുന്നു. പതിനേഴ് വർഷങ്ങൾക്കിപ്പുറം അതേ ഗാനവുമായി വീണ്ടും എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകൻ ഭരത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഭരത് തന്റെ എക്കാലത്തേയും ഹിറ്റ് പാട്ട് പങ്കുവെച്ചിരിക്കുന്നത്. ഭരതും ഗോപികയുമായിരുന്നു ഗാനരംഗത്ത് പ്രത്യേക്ഷപ്പെട്ടത്.
ജാസി ഗിഫ്റ്റിന്റെ വേറിട്ട ശബ്ദവും പാശ്ചാത്യ സംഗീതശൈലിയുമായിരുന്നു ഫോർ ദി പീപ്പിളിലെ ഗാനങ്ങളെ ശ്രദ്ധേയമാക്കിയത്. മലയാളികൾ അന്നുവരെ കേട്ടു ശീലിച്ചിട്ടില്ലാത്ത ആലാപനശൈലി യുവാക്കൾ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
View this post on Instagram
ഭരത്, അരുൺ, അർജുൻ ബോസ്, പദ്മകുമാർ, നരെയ്ൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഗോപികയായിരുന്നു നായിക. മലയാളത്തിൽ സൂപ്പർ ഹിറ്റായ ചിത്രം പിന്നീട് തമിഴിലും തെലുങ്കിലും റിലീസ് ചെയ്തു.
തമിഴിൽ ഒരു സമയത്ത് തിരക്കേറിയ താരമായിരുന്നു ഭരത്. ശങ്കർ സംവിധാനം ചെയ്ത ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് ഭരത് സിനിമയിലേക്ക് എത്തുന്നത്.
ഇതിന് പിന്നാലെ കാതൽ, പട്ടിയാൽ, എൻ മഗൻ, വെയിൽ, പഴനി, കണ്ടേൻ കാതൽ, വാനം, അയ്ന്തു അയ്ന്തു അയ്ന്തു, കാലിദാസ് എന്നീ ചിത്രങ്ങളിലും ഭരത് അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Instagram, Jassie gift