• HOME
 • »
 • NEWS
 • »
 • film
 • »
 • നിറവയറില്‍ നൃത്തം ചെയ്ത് ഐശ്വര്യലക്ഷ്മി; കാണെക്കാണെ ബിഹൈന്‍ഡ് ദ സീന്‍സ്

നിറവയറില്‍ നൃത്തം ചെയ്ത് ഐശ്വര്യലക്ഷ്മി; കാണെക്കാണെ ബിഹൈന്‍ഡ് ദ സീന്‍സ്

ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് കാഴ്ചകള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

 • Share this:
  സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കാണെക്കാണെ. വലിയ പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഡയറക്ട് ഒ.ടി.ടി റിലീസായി സോണി ലൈവിലൂടെയാണ് റിലീസായത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് കാഴ്ചകള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

  ചിത്രത്തില്‍ ഗര്‍ഭിണിയായ സ്‌നേഹ ജോര്‍ജ് എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്

  ഉയരെയ്ക്ക് ശേഷം സംവിധായകൻ മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് കാണെക്കാണെ. ഡ്രീം ക്യാച്ചറിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് ടി ആര്‍ ഷംസുദ്ദീനാണ്.  ആല്‍ബി ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം, വസ്‍ത്രാലങ്കാരം ശ്രേയ അരവിന്ദ്, വിഷ്‍ണു ഗോവിന്ദ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. ജി വേണുഗോപാല്‍ കാണെക്കാണെ ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

  ബോബി- സഞ്‍ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.  കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമെന്ന രീതിയിലാണ് കാണെക്കാണെ പ്രദര്‍ശനത്തിന് എത്തിയത്.

  Kaanekkane review | കാണെക്കാണെ: പ്രതീക്ഷയ്‌ക്കുമപ്പുറം സഞ്ചരിക്കുന്ന ഒരു കുടുംബചിത്രം

  വീട്ടിലേക്ക് വരുന്ന പ്രായംചെന്ന പിതാവിനെ 'പപ്പ' എന്ന് വിളിച്ച് സ്നേഹത്തോടെ അകത്തേക്ക് ക്ഷണിക്കുന്ന ഗർഭിണിയായ യുവതി. പപ്പയുടെ മുഖത്തെ വികാരം സ്നേഹമോ വാത്സല്യമോ അല്ല, ഉള്ളിന്റെയുള്ളിൽ എന്തെല്ലാമോ അലയടിക്കുന്ന മ്ലാനതയാണ്. വീട്ടിലെത്തിയ അതിഥിയോട് അവൾ ഭർത്താവിന്റെയും മകന്റെയും വിശേഷങ്ങൾ പങ്കിടുന്നു. അധികം വൈകാതെ മനസ്സിലാവും 'പപ്പ' എന്ന് വിളിച്ച യുവതി അയാളുടെ മരുമകന്റെ ഭാര്യയാണെന്ന്; മകളുടെ ഭർത്താവിന്റെ ഭാര്യയെ ഒരച്ഛൻ എന്താവും വിളിക്കുക? സ്വന്തം മകൾ ഇന്ന് ജീവിച്ചിരിപ്പില്ല. തന്റെ മുന്നിലിരിക്കുന്നത് മരുമകൻ അലന്റെ രണ്ടാം ഭാര്യ സ്നേഹയാണ്. അവൾ പങ്കിട്ട വിശേഷങ്ങളിലെ മകൻ, ആ വയോധികന്റെ മകൾ ജന്മം നൽകിയ കുഞ്ഞും.

  കേരളത്തിലെ മാറുന്ന ജീവിത ശൈലികളെയും കുടുംബ പശ്ചാത്തലങ്ങളെയും അവലംബിച്ചു കൊണ്ട്, 'ഉയരെ' എന്ന കന്നിചിത്രത്തിനു ശേഷം സംവിധായകൻ മനു അശോകൻ ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂട്ടി പ്രേക്ഷകർക്ക് മുന്നിലേക്ക്‌ എത്തുമ്പോൾ, പ്രതീക്ഷയിലും കൂടുതൽ കിട്ടിയേക്കാം എന്ന് തുടക്കത്തിലേ ഉറപ്പിച്ചോളൂ. എപ്പോഴെങ്കിലും ഇമ വെട്ടിയാൽ, ഒരു പക്ഷെ ഇതിലെ ഒരു മികച്ച പ്രകടനത്തിന്റെ ഒരു കണ്ണികയെങ്കിലും നിങ്ങൾക്ക് നഷ്‌ടമായേക്കാം.

  പോൾ എന്ന സുരാജ് വെഞ്ഞാറമൂട് കഥാപാത്രം മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. പ്രിയപ്പെട്ട മകളെ (ശ്രുതി രാമചന്ദ്രൻ) ഓർക്കാപ്പുറത്ത് നഷ്‌ടപ്പെട്ട പിതാവിന്റെ എല്ലാ വിഹ്വലതകളും പേറി ജീവിക്കുന്ന അദ്ദേഹം മകളുടെ വിയോഗം ഒരു വർഷം പിന്നിടുമ്പോഴും അതിൽ നിന്നും തെല്ലും മുക്തനായിട്ടില്ല. ഈ സമയത്തിനുള്ളിൽ തന്റെ സ്നേഹനിധിയായ മരുമകൻ മറ്റൊരു വിവാഹം ചെയ്തത് കുടുംബമായി കഴിയുന്നത് ഇദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നു. മകളുടെ ഏക മകൻ കുട്ടു, അമ്മയുടെ സ്ഥാനത്ത് സ്നേഹയെ കാണുന്നത് പോലും അദ്ദേഹത്തിന്റെ ഉള്ളിൽ പോറൽ വീഴ്ത്തി കടന്നു പോകുന്ന നിമിഷങ്ങളാണ്.

  ഈ ചിത്രം കാണുമ്പോൾ ഇവിടെ നായകനാണോ അതോ നായകന്മാരാണോ എന്ന സംശയം പ്രേക്ഷകർക്ക് തോന്നിയാൽ, തെറ്റ് പറയാനാവില്ല. യുവ നായകനായി ടൊവിനോ തോമസും അച്ഛൻ വേഷത്തിൽ സുരാജ് വെഞ്ഞാറമൂടും തമ്മിലെ മത്സരമാണ് സ്‌ക്രീനിൽ രണ്ടു മണിക്കൂർ നേരം പ്രേക്ഷകരെ കാത്തിരിക്കുന്നത്.

  സ്കൂൾ വിദ്യാർത്ഥിനിയുടെ അച്ഛനായാലും മലയാള സിനിമയിലെ യുവനടന്മാരുടെയോ നടിമാരുടെയോ അച്ഛൻ വേഷമായാലും അത് തകർത്താടും എന്ന് നിശ്ചയിച്ചുറപ്പിച്ച സുരാജ് വെഞ്ഞാറമൂട് ആ പ്രതീക്ഷയ്ക്കു മങ്ങലേൽപ്പിക്കില്ല എന്ന നിശ്ചയദാർഢ്യത്തിന്റെ തെളിവാണ് പോൾ. 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' സിനിമയിൽ സൗബിൻ ഷാഹിറിന്റെ അച്ഛനായ സുരാജ്, ഇവിടെ യുവ നായിക ശ്രുതിയുടെ പിതാവിന്റെ റോളിലും തകർത്തഭിനയിച്ചിട്ടുണ്ട്.

  മനുഷ്യമനസ്സിന്റെ വിഹ്വലതകളുടെ പകർന്നാട്ടം വളരെ മികച്ച രീതിയിൽ തെളിയുന്ന മുഖമാണ് സുരാജിന്റേത്. ഇക്കുറി ടൊവിനോ തോമസും കൂടി ചേരുമ്പോൾ പ്രേക്ഷകരെ അത് മറ്റൊരു സിനിമാസ്വാദന തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

  തിയേറ്ററുകൾ തുറന്നിരുന്ന നാളുകളിൽ കുടുംബ പ്രേക്ഷകരുടെ നായക നടൻ എന്ന വിശേഷണം പേറിയ ടൊവിനോ തോമസിനെ ഡിജിറ്റൽ ലോകത്തിന്റെ ജാലകക്കാഴ്ചയിലൂടെ അവർക്ക് തിരികെ നൽകിയിരിക്കുകയാണ് ഈ ചിത്രം. ഒരുപക്ഷെ ഭാവാഭിനയത്തിൽ ഇത്രയധികം സാധ്യതകളുള്ള ഒരു കഥാപാത്രം ടൊവിനോ തോമസിന് മുന്നിൽ വന്നു ചേർന്നതും കൃത്യസമയത്തു തന്നെ എന്നുപറയാം. ടൊവിനോയെ അലൻ ആയും, സുരാജിനെ പോൾ ആയും മാത്രമേ ഇവിടെ കാണാൻ സാധിക്കൂ.

  വേഗമേറിയ താളം മനഃപൂർവം ഒഴിവാക്കിയതാവാനേ സാധ്യതയുള്ളൂ. മനസ്സുകളുടെ ഉള്ളിൽ നടക്കുന്ന വേലിയേറ്റങ്ങളും ഇറക്കങ്ങളും പകർത്താൻ എന്തുകൊണ്ടും അനുയോജ്യമായ പെയ്സ് സിനിമയിലുടനീളം പാലിച്ചുപോരുന്നുണ്ട്.

  ഏവരും കാത്തിരുന്ന 'അപ്പു-മാത്തൻ' കോമ്പിനേഷന്റെ തിരിച്ചുവരവ് ഒരുതരത്തിലും നിരാശപ്പെടുത്തില്ല. കഥാപാത്രം എത്ര വലിയ സമ്മർദ്ദത്തിലൂടെ മുന്നോട്ടുപോകുമ്പോഴും അതിനെ അച്ചടക്കത്തോട് കൂടി കൈപ്പിടിയിലൊതുക്കാനുള്ള ഐശ്വര്യയുടെ മിടുക്കിന് ഉദാഹരണമാണ് സ്നേഹ ജോർജ്. പ്രണയനായക ചട്ടക്കൂടിൽ നിന്നും ഗൃഹനാഥന്റെ ഉത്തരവാദിത്തങ്ങളിലേക്ക് കടന്ന ടൊവിനോയുടെ അലൻ എന്ന കഥാപാത്രത്തിനൊപ്പത്തിനൊപ്പം നിൽക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനം സിനിമയുടെ നെടുംതൂണുകളിൽ ഒന്നാണ്. അച്ഛൻ എന്ന നിലയിൽ തന്നെ അവതരിപ്പിക്കപ്പെട്ട പ്രേം പ്രകാശ് കഥാപാത്രവും ശ്രദ്ധിക്കപ്പെടുന്നതാണ്.

  അഭിനേതാക്കളും സംവിധായകനും അർഹിക്കുന്ന അഭിനന്ദനത്തിന്റെ ഒരുഭാഗം ഏച്ചുകെട്ടലുകളോ വലിച്ചു നീട്ടലുകളോ ഇല്ലാത്ത ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. സിനിമാ കാഴ്ചയുടെ പ്രധാന കണ്ണുകളായ കുടുംബ പ്രേക്ഷകരെയും യുവ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന 'കാണെക്കാണെ' സോണിലിവ് പ്ലാറ്റ്‌ഫോമിൽ പ്രദർശനം തുടരുന്നു.
  Published by:Karthika M
  First published: