ചെന്നൈ: അജിത്ത് നായകനാകുന്ന തുനിവ് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച ആഘോഷങ്ങൾക്കിടെ ആരാധകൻ ലോറിയിൽനിന്ന് വീണുമരിച്ചു. കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. ലോറിയില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.ചെന്നൈ രോഹിണി തിയേറ്ററിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.
ലോറിയിൽനിന്ന് നൃത്തം ചെയ്യുന്നതിനിടെ ഭരത് കാൽവഴുതി റോഡിലേക്ക് വീഴുകയായിരുന്നു. തലയിടിച്ച് വീണ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു.
തമിഴ്നാട്ടില്‍ പൊങ്കലിനോട് അനുബന്ധിച്ചാണ് അജിത്ത് നായകനാകുന്ന തുനിവ് പ്രദർശനത്തിനെത്തുന്നത്. തുനിവില്‍ മലയാളി താരം മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്നു. ത്രില്ലര്‍ ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച തുനിവില്‍ സമുദ്രക്കനി, ജോണ്‍ കൊക്കന് തുടങ്ങിയവരും അഭിനയിക്കുന്നു. ജിബ്രാനാണ് സംഗീതം.
Also Read- ഗൂഗിൾമാപ്പ് നോക്കിയെത്തി കുളത്തിൽ നീന്തുന്നതിനിടെ എഞ്ചിനിയറിങ് വിദ്യാർഥി മുങ്ങിമരിച്ചു
പൊങ്കൽ പ്രമാണിച്ച് വിജയ് നായകനാകുന്ന വാരിസു എന്ന സിനിമയും ഇന്ന് പ്രദർശനത്തിനെത്തുന്നുണ്ട്. ഏറെക്കാലത്തിനുശേഷം അജിത്ത്-വിജയ് സിനിമകൾ ഒരുമിച്ച് തിയറ്ററിലെത്തുന്നതിന്റെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.