ഹെലനിലെ അസർ. അപകടമുഖത്ത് നിന്നും കാമുകിയെ രക്ഷിക്കാൻ ചങ്കുപറിക്കുന്ന വേദനയിലും ധൈര്യം വെടിയാത്ത കാമുകൻ. അസറായെത്തിയത് നോബിൾ തോമസ്. നിർമ്മാതാവായി മലയാള സിനിമ പരിചയപ്പെട്ട അസർ ഹെലനിലൂടെ നായക പദവി അലങ്കരിച്ചു. പക്ഷെ ആർക്കും പരിചയമില്ലാത്ത ഒരു ഫ്ലാഷ്ബാക് നോബിളിനും, സിനിമയിലെ സഹതാരം കൂടിയായ അജു വർഗീസിനുമിടയിൽ ഉണ്ട്. ഒരു ഫേസ്ബുക് പോസ്റ്റിലൂടെ അജു ആ കഥ പറയുന്നു.
ഇത് നോബിൾ.. നോബിൾ തോമസ്; ജേക്കബിന്റെ സ്വർഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികൾ, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസർ. 2002ൽ, മദ്രാസിലെ KCG College of technology ഇൽ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്. ഒരേ കോളേജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റൽ. എന്റെ ഓർമ്മ ശരിയാണെങ്കിൽ തേർഡ് ഇയർ ആണെന്നു തോന്നുന്നു, നോബിൾ മുടി വളർത്താൻ തുടങ്ങി. വളർത്തി വളർത്തി ഒടുക്കം അന്നത്തെ സൽമാൻ ഖാൻന്റെ Tere Naam സ്റ്റൈൽ വരെ എത്തി. പയ്യെ വണ്ണവും കുറക്കാൻ തുടങ്ങി. കാര്യം തിരക്കിയപ്പോൾ മോഡലിംഗ് രംഗത്തേക്ക് ഇറങ്ങാൻ ഉള്ള ഒരു പദ്ധതി ആണെന്നു അറിഞ്ഞു.
ഒരു ഫോട്ടോഷൂട്ട് കിട്ടി പോലും. ഏതോ ഒരു മാഗസിൻ! അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം നോബിൾ അതിൽ വന്ന ഫോട്ടോ ഞങ്ങളെ കാണിച്ചു. ഒരുപാടു എക്സൈറ്റഡ് ആയിരുന്നു പുള്ളി. പക്ഷെ എന്ത് ചെയ്യാൻ! കലാബോധം തീരെ ഇല്ലാത്ത ഞങ്ങളിൽ നിന്നും അവനു കിട്ടിയത് വെറും പരിഹാസം മാത്രം. പറഞ്ഞു വരുന്നത് അതൊന്നും അല്ല. ഇത് 2019! 17 വർഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയിൽ നായകനായി വരുകയാണ്. ഹെലൻ എന്നാണ് ആ ചിത്രത്തിന്റെ പേര്.
ഒരുവ്യക്തി ജീവിതത്തിൽ ആത്മാർത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസർ എന്ന അവന്റെ നായക കഥാപാത്രം. വൈകിയാണ് ഞാൻ അറിഞ്ഞത്, ഹെലൻ എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകൾ ഉണ്ടെന്ന്. വീണ്ടും അവൻ എന്നെ ഞെട്ടിച്ചു !!! 2004 ഇൽ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്. വിനീത് ഉൾപ്പടെ ഞങ്ങൾ കോളേജിൽ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു, അഭിമാനിക്കുന്നു, അതിലേറെ ആ സിനിമ കാണാൻ കാത്തിരിക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.