അടുത്തിടെ സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന രണ്ടാമത് റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ അക്ഷയ് കുമാർ പങ്കെടുത്തിരുന്നു. പരിപാടിയിൽ, നടനും മോഡറേറ്ററുമായ കലീം അഫ്താബ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളെക്കുറിച്ചും അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ചും സംസാരിച്ചിരുന്നു. എല്ലാ വർഷവും ഒന്നിലധികം സിനിമകളുടെ റിലീസുള്ള നടനാണ് അക്ഷയ് കുമാറെന്നും ഈ വർഷം നാല് തിയേറ്റർ റിലീസുകളും ഒരു ഒടിടി റിലീസുമായി അദ്ദേഹം റെക്കോർഡ് തന്നെ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ, 2023 ഏപ്രിലിലോ മെയ് മാസത്തിലോ റിലീസ് ചെയ്യാനിരിക്കുന്ന തന്റെ പുതിയ സിനിമയെക്കുറിച്ചും അക്ഷയ് കുമാർ ചില സൂചനകൾ നൽകി. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സിനിമയാണ് അടുത്തതായി പുറത്തിറങ്ങുകയെന്നാണ് അക്ഷയ് കുമാർ വേദിയിൽ വെളിപ്പെടുത്തിയത്. ഈ വാർത്തയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
“ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. പല സ്ഥലങ്ങളിലും (ലൈംഗിക വിദ്യാഭ്യാസം) നൽകുന്നില്ല. സ്കൂളിൽ എല്ലാ വിഷയങ്ങളും നമുക്ക് പഠിക്കാനുണ്ട്. എന്നാൽ ലോകത്തിലെ എല്ലാ സ്കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം ഒരു വിഷയമായി പഠിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സിനിമ റിലീസ് ചെയ്യാൻ കുറച്ചു കൂടി സമയമെടുക്കും. ഏപ്രിൽ അല്ലെങ്കിൽ മെയ് മാസമായിരിക്കും റിലീസ്”, അക്ഷയ് കുമാർ പറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തു.
Also Read-അക്ഷയ് കുമാര്‍ ചിത്രത്തിലെ പ്രധാന വേഷത്തില്‍ പൃഥ്വിരാജ് ? പ്രതികരണവുമായി താരം
എന്നാൽ ഏത് ചിത്രത്തെക്കുറിച്ചാണ് അക്ഷയ് കുമാർ പരാമർശിച്ചതെന്നറിയാനാണ് ആരാധകരുടെ ആകാംക്ഷ. സിനിമയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇത് “ഓ മൈ ഗോഡ് 2” തന്നെ ആയിരിക്കാനാണ് സാധ്യതയെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
“ഓ മൈ ഗോഡ് എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് തീർച്ചയായും ദൈവീക ബന്ധവുമുണ്ടാകും. ചിത്രത്തിന്റെ രചയിതാക്കളും സംവിധായകനായ അമിത് റായും ദൈവീക ഘടകവും ലൈംഗിക വിദ്യാഭ്യാസവും കോർത്തിണക്കിയാകാം സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രേക്ഷകരെ ആകർഷിക്കുകയും ചർച്ചയ്ക്ക് തിരികൊളുത്തുകയും ചെയ്യുമെന്ന് നിർമ്മാതാക്കൾക്കും ഉറപ്പുണ്ട് ” സിനിമയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
2012ൽ പുറത്തിറങ്ങിയ പരേഷ് റാവലും അക്ഷയ് കുമാറും അഭിനയിച്ച ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച സൂപ്പർ ഹിറ്റ് ആക്ഷേപഹാസ്യ സിനിമയായിരുന്നു ഓ മൈ ഗോഡ്.
ഓ മൈ ഗോഡ് 2 കൂടാതെ, സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്ക് ആയ സെൽഫി, ഗൂർഖ, ബഡേ മിയാൻ ചോട്ടെ മിയാൻ, ക്യാപ്സ്യൂൾ ഗിൽ എന്നിവയാണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന മറ്റ് പ്രൊജക്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.