സർ ചേറ്റൂർ ശങ്കരൻ നായരുടെ (C. Sankaran Nair )ജീവിതം പ്രമേയമാക്കി കരണ്‍ ജോഹര്‍ (Karan Johar) നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ നടന് അക്ഷയ് കുമാര്‍ (Akshay Kumar) നായകനാകും. കരണ്‍ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സി ശങ്കരന് നായര്‍ എന്നാണ് പേരിട്ടിട്ടുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ചിത്രം ഒരുങ്ങുക. ശങ്കരന് നായരെപ്പോലെയുള്ള ചരിത്രപുരുഷനെ ബിഗ് സക്രീനില്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനും ജഡ്ജിയും 1897ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ച അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളി കൂടിയാണ്.
Also Read- ആരാണ് സർ ചേറ്റൂർ ശങ്കരൻ നായർ? ബോളിവുഡ് സിനിമയ്ക്ക് പ്രമേയമായി മാറിയ ജീവിതത്തെക്കുറിച്ച് അറിയാം
ചേറ്റൂർ ശങ്കരൻ നായരുടെ ചെറുമകനായ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്ന് 2019 ൽ എഴുതിയ 'ദി കേസ് ദാറ്റ് ഷുക്ക് ദ എംപയർ' എന്ന പുസ്തകമാണ് സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ നടന്ന അതിക്രമങ്ങൾക്ക് ഉത്തരവാദി പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവർണർ മൈക്കിൾ ഡയറാണെന്ന് നായർ തന്റെ പുസ്തകമായ ‘ഗാന്ധി ആൻഡ് അനാർക്കി’യിൽ ആരോപിച്ചിരുന്നു. നായർ നടത്തിയ ഈ ഇതിഹാസപരമായ നിയമ യുദ്ധം തന്റെ സിനിമയിൽ ചിത്രീകരിക്കുമെന്ന് കരൺ ജോഹർ പ്രഖ്യാപിച്ചു.
ആരാണ് ചേറ്റൂര്‍ ശങ്കരന് നായര്‍ ?
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ മന്മയിൽ രാമുണ്ണിപ്പണിക്കരുടെയും ചേറ്റൂർ പാർവ്വതിയമ്മയുടെയും മകനായി 1857 ജൂലായ് 15-ന് ശങ്കരൻ നായർ ജനിച്ചു. കോഴിക്കോട്ടും മദ്രാസിലുമായി വിദ്യാഭ്യാസം പൂർത്തിയക്കി. 1879-ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാനുള്ള ഇന്ത്യൻ സെൻട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 1904-ൽ കമാൻഡർ ഓഫ് ഇൻഡ്യൻ എമ്പയർ എന്ന ബഹുമതി അദ്ദേഹത്തിനു നൽകിയ ബ്രിട്ടീഷ് സർക്കാർ 1912-ൽ സർ പദവിയും നൽകി.
Also Read- ഒറ്റപ്പാലത്തുകാരൻ ശങ്കരൻനായരുടെ കഥ എന്തുകൊണ്ട് ബോളിവുഡ് സിനിമയാകുന്നു?
1897-ൽ അമരാവതിയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിക്കുകയും, ഇന്ത്യയ്ക്ക് പുത്രികാരാജ്യ പദവിയോടെ സ്വയംഭരണം വേണമെന്നും ആവശ്യപ്പെട്ട് സി ശങ്കരൻ നായർ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു സി ശങ്കരൻ നായർ രാജി വച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും സർ സി ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിച്ചു.
ഗാന്ധിജിയുടെ നിലപാടുകളോട് പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ സി ശങ്കരൻ നായർ കോൺഗ്രസിൽനിന്ന് അകലുകയായിരുന്നു. ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനങ്ങളെ അദ്ദേഹം ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്തു. സൈമൺ കമ്മീഷനു മുൻപിൽ ഭാരതത്തിന്റെ പുത്രികാരാജ്യപദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1934 ഏപ്രിൽ 22-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.