• HOME
 • »
 • NEWS
 • »
 • film
 • »
 • 'സദസ്സിലിരുന്നവരുടെ മുഖത്തെ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി'; അപർണ ബാലമുരളിയോടുള്ള മോശം പെരുമാറ്റത്തിൽ പി.കെ. ശ്രീമതി

'സദസ്സിലിരുന്നവരുടെ മുഖത്തെ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി'; അപർണ ബാലമുരളിയോടുള്ള മോശം പെരുമാറ്റത്തിൽ പി.കെ. ശ്രീമതി

'ഒന്ന് വിളിച്ച്‌ താക്കീത്‌ ചെയ്യാനെങ്കിലും ഒരാൾക്കും തോന്നിയില്ല എന്നത്‌ സ്ത്രീയോടുള്ള സമൂഹത്തിന്റെ വികലമായ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്‌'

 • Share this:

  ലോ കോളേജിൽ അപർണ ബാലമുരളിക്ക് നേരെ നടന്ന മോശം പെരുമാറ്റത്തെ അപലപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷൻ പി.കെ. ശ്രീമതി. വീഡിയോ കാണാൻ വൈകിയതിനാലാണ് പോസ്റ്റ് വൈകിയത് എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീമതി ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്. അപർണക്കു നേരെ വിദ്യാർത്ഥി കടന്നുകയറ്റം നടത്തുമ്പോൾ, സദസ്സിലിരുന്നവരുടെ മുഖത്തെ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി എന്ന് ശ്രീമതി.

  ഫേസ്ബുക്ക് കുറിപ്പിലെ വാചകങ്ങൾ ചുവടെ:

  അപർണ്ണ ബാലമുരളി ലോ കോളേജിന്റെ പരിപാടിയിൽക്ഷണിക്കപ്പെട്ട്‌ വന്ന ചീഫ് ഗസ്റ്റ് ആയിരുന്നല്ലോ. അതിഥികളും മുഖ്യ സംഘാടകരും നോക്കിനിൽക്കേ ഒരുത്തൻ അപർണ ബാലമുരളിയെ മാനംകെടുത്തി. വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജിൽ വെച്ച്‌ കഴുത്തിലൂടെ കയ്യിടാൻ ആർക്കെങ്കിലും ധൈര്യം വരുമോ? ഇല്ല. പെൺകുട്ടിയോടെന്തും ചെയ്യാം എന്നല്ലേ?

  കോളേജിലെ ഔദ്യോഗിക പരിപാടി അലങ്കോലപ്പെടാതിരിക്കാൻ പ്രിയപ്പെട്ട നമ്മുടെ അഭിമാന താരം അപർണ്ണ അത്ഭുതപെടുത്തുന്ന ആത്മസംയമനത്തോടേയും ഔചിത്യ ബോധത്തോടേയുമാണ് നിലപാടെടുത്തത്‌. ശക്തമായി പ്രതികരിക്കാൻ അറിയാത്തത്‌ കൊണ്ടായിരിക്കില്ലല്ലോ അപർണ്ണ അപ്പോൾ സൗമ്യമായി പ്രതികരിച്ചത്‌. എന്നാൽ സദസ്സിലിരുന്നവരുടെയെല്ലാം മുഖത്ത്‌ വിരിഞ്ഞ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി.

  Also read: അപർണ ബാലമുരളിയുടെ കയ്യിൽ കടന്നു പിടിച്ചു; രോഷം അടക്കി നടി, പിന്നാലെ മാപ്പു പറഞ്ഞ് വിദ്യാർഥി

  ഒന്ന് വിളിച്ച്‌ താക്കീത്‌ ചെയ്യാനെങ്കിലും ഒരാൾക്കും തോന്നിയില്ല എന്നത്‌ സ്ത്രീയോടുള്ള സമൂഹത്തിന്റെ വികലമായ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്‌. എന്നുമാത്രമല്ല പുരാണത്തിലെ പാഞ്ചാലിക്കുണ്ടായ ദുരനുഭവത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അപർണ ബാലമുരളിയോട് പൊതുവേദിയിൽ അപമര്യാദയായി പെരുമാറിയ സംഭവം സാംസ്കാരിക കേരളത്തിന് അപമാനമാണ്.

  ക്ഷണിച്ചു വരുത്തിയ അതിഥിയെ അപമാനിച്ചത് സമൂഹത്തിൽ നീതിയും നിയമ പരിരക്ഷയും ഉറപ്പാക്കേണ്ട കുട്ടികൾ പഠിക്കുന്ന കലാലയത്തിൽ വച്ചാണെന്നത് ഗൗരവമുള്ള വിഷയമാണ്. സാമൂഹ്യ മര്യാദയും, പുലർത്തേണ്ട വിവേകവും ചില സന്ദർഭങ്ങളിൽ ചിലരൊക്കെ മറന്നുപോകുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു പിന്നിൽ.

  പൊതു ഇടങ്ങളിൽ പാലിക്കേണ്ട ഉന്നതമായ സാമൂഹ്യബോധം ഒരിടത്തും ലംഘിക്കപ്പെടരുത്. സമൂഹത്തിൽ ചിലർ പുലർത്തിപ്പോരുന്ന സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ ആഴം സംഭവം വ്യക്തമാക്കുന്നു. അപർണ ഉയർത്തിപ്പിടിച്ച ഉന്നത സാമൂഹ്യ ബോധവും പക്വതയും എടുത്തു പറയേണ്ടതാണ്. ഇത്തരം സംഭവങ്ങൾ തുടരാൻ ഇടയാക്കുന്നത് മലയാളികളുടെ നിസംഗതയാണ്.

  മറ്റുള്ളവരുടെ വേദന തന്റെതു കൂടിയാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് പ്രതികരിക്കാനും പ്രതിഷേധിക്കാനും കഴിയുക. സ്ത്രീവിരുദ്ധ മനോഗതി വച്ചുപുലർത്തുന്നവരോട് മഹാകവി ഒ.എൻ.വിയുടെ ‘ഗോതമ്പുമണികൾ’ എന്ന കവിതയിലെ വരികളേ ഓർമിപ്പിക്കാനുള്ളൂ ‘മാനം കാക്കുന്ന ആങ്ങളമാരാകണം… അതിനു കഴിയാതെ പോകുന്നവരെ നിലക്കു നിർത്താനുള്ള ആർജ്ജവവും അവബോധവും സമൂഹത്തിനാകെ വേണം. മാറണം മാറ്റണം മനോഭാവം സ്ത്രീകളോട്‌.’ (വീഡിയോ കാണാൻ വൈകി )

  Summary: All India Democratic Women’s Association president PK Sreemathi comments on the issue where Aparna Balamurali was insulted during an event at the Law College

  Published by:user_57
  First published: