അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളായ 'ചോല', 'കപ്പേള' എന്നിവയിൽ പ്രേക്ഷകർ കണ്ട കാര്യങ്ങൾ ഏതാണ്ട് ഒരുപോലെയാണ്. കാമുകനെ വിശ്വസിച്ച് ഇറങ്ങി വരുന്ന പെൺകുട്ടികൾ. എത്തിപ്പെടുന്നതാകട്ടെ ചതിക്കുഴികളിലേക്കും. ഒരിടത്ത് പെൺകുട്ടി ഇരയാക്കപ്പെട്ട ശേഷം സ്വയം കരുത്താർജ്ജിച്ചു രക്ഷപെടുന്നു, മറ്റൊരിടത്ത് അവളെ രക്ഷിക്കാൻ ദൈവദൂതനെപ്പോലെ ഒരാളുണ്ടാവുന്നു. അത് രണ്ടും സിനിമ, ഇനി ജീവിതത്തിലാണെങ്കിൽ ഒരു രക്ഷപെടൽ അല്ലെങ്കിൽ മടങ്ങിപ്പോക്ക് എത്രപേർക്ക് സാധ്യം?
അത്തരത്തിൽ വായിച്ചറിഞ്ഞ ജീവിതാനുഭവത്തിൽ നിന്നും നിർമ്മിച്ച മ്യൂസിക്കൽ ഷോർട് ഫിക്ഷൻ ആണ് 'അമല'. ടോക്കീസ് തിരുവിതാംകൂറിന്റെ ബാനറിൽ ബി. ഗോവിന്ദ് രാജ്, വിനിത് സന്തോഷ് എന്നിവർ സംവിധാനം ചെയ്ത്, സന്തോഷ് രവീന്ദ്രൻ നിർമ്മിച്ചിരിക്കുന്നു.
"രണ്ടു വർഷത്തോളം ഈ വിഷയത്തിന്റെ പിന്നാലെപോയ ശേഷമാണ് ഇത്തരമൊരു ചിത്രം നിർമ്മിക്കുന്നത്. ഒരു തുണിക്കടയിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ കാണാതാവുകയും ഒടുവിൽ തമിഴ്നാട്ടിലെ ഒരു വേശ്യാലയത്തിൽ എത്തിപ്പെടുകയും ചെയ്ത ജീവിത കഥ ഞാൻ വായിച്ചിട്ടുണ്ട്. എന്റെ ചുറ്റുപാടും അത്തരം ആൾക്കാരെ കണ്ടിട്ടുമുണ്ട്. സ്നേഹത്തെ കണ്ണുമടച്ച് വിശ്വസിക്കുന്നതാണ് ഇവരുടെ ജീവിതം മാറ്റിമറിക്കുന്നത്. അത് വ്യത്യസ്തമായി അവതരിപ്പിക്കണമെന്ന തോന്നലാണ് ഈ ചിത്രം," ഗോവിന്ദ് പറയുന്നു.
സിനിമയിൽ അസ്സോസിയേറ്റ് ഡയറക്ടർ ആയ ഗോവിന്ദ് ഏഴ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത് കഴിഞ്ഞു. ലക്ഷ്മി പ്രിയ ചന്ദ്രമൗലി, രാഹുൽ ആർ. നായർ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു.
പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ, ഐശ്വര്യ ലക്ഷ്മി, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിങ്ങനെ നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ഈ ചിത്രം റിലീസ് ചെയ്തത്. ചിത്രം യൂട്യൂബിൽ ഒരുലക്ഷത്തിൽ പരം വ്യൂസ് നേടിക്കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.