• HOME
 • »
 • NEWS
 • »
 • film
 • »
 • Adoor Bhasi | നായകനൊപ്പം നിൽക്കുന്ന കഥാപാത്രമായി; ഹാസ്യത്തിന്റെ അവിഭാജ്യഘടകമായ അടൂർ ഭാസി

Adoor Bhasi | നായകനൊപ്പം നിൽക്കുന്ന കഥാപാത്രമായി; ഹാസ്യത്തിന്റെ അവിഭാജ്യഘടകമായ അടൂർ ഭാസി

ഹാസ്യ വേഷങ്ങളിൽ മാത്രമല്ല വില്ലൻ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് അടൂർ ഭാസി. കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യൻ എന്നീ ചിത്രങ്ങളിലാണ് വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

adoor bhasi

adoor bhasi

 • News18
 • Last Updated :
 • Share this:
  നായകന്റെ അടുത്തു നിൽക്കുന്ന കഥാപാത്രമായിട്ടാണ് സിനിമകളിൽ അടൂർ ഭാസി ആദ്യകാലങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പിന്നീടങ്ങോട്ട് മലയാള സിനിമയിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറി അദ്ദേഹം. കറുപ്പും വെളുപ്പും നിറങ്ങളിൽ മലയാളസിനിമ അതിന്റെ ശൈശവകാലം ആരംഭിച്ചതു മുതൽ ഹാസ്യനടനായി അടൂർ ഭാസിയും ഒപ്പമുണ്ടായിരുന്നു. 1953 മുതൽ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം അവസാനമായി അഭിനയിച്ചത് 1989 ലെ ചക്കിക്കൊത്ത ചങ്കരൻ എന്ന സിനിമയിലാണ്. അവസാന കാലം വരെയും സിനിമയിൽ സജീവമായി തുടർന്ന അദ്ദേഹം 1990 മാർച്ച് 29ന് തിരുവനന്തപുരത്ത് വച്ചായിരുന്നു മരിച്ചത്.

  അഭിനയത്തിൽ മാത്രമല്ല രചയിതാവ്, പത്രപ്രവർത്തകൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. സാഹിത്യ കുടുംബത്തിൽ ആയിരുന്നു അടൂർ ഭാസിയുടെ ജനനം. ഹാസ്യ സാഹിത്യകാരൻ ആയിരുന്ന ഇ വി കൃഷ്ണപിള്ളയുടെയും സി വി രാമൻ പിള്ളയുടെ മകൾ കെ മഹേശ്വരി അമ്മയുടെയും ഏഴു മക്കളിൽ നാലാമനായാണ് ഭാസ്കരൻ നായർ ജനിച്ചത്. പിന്നീട് മലയാള സിനിമയിലെ ഹാസ്യ സമ്രാട്ടായ മാറിയ അടൂർ ഭാസിയുടെ ചെറു പ്രായത്തിൽ തന്നെ പിതാവ് ഇ വി കൃഷ്ണപിള്ള മരിച്ചു.

  'ഗുരുവായൂരില്‍ കെ.എൻ.എ ഖാദർ ജയിക്കണം; തലശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്': സുരേഷ് ഗോപി

  അതിനുശേഷം അടൂരിലേക്ക് താമസം മാറുകയായിരുന്നു. ചെറിയ ക്ലാസുകൾ മുതൽ അടൂരിലായിരുന്നു ഭാസിയുടെ പഠനം. പിന്നീട്, ഇന്റർമീഡിയറ്റ് പഠിക്കാൻ തിരുവനന്തപുരത്ത് എത്തിയതോടെയാണ് ജീവിതത്തിൽ നിർണായക വഴിത്തിരിവ് ഉണ്ടായത്.

  നാടകങ്ങളിലൂടെ ആയിരുന്നു ആദ്യകാലങ്ങളിൽ അഭിനയമേഖലയിൽ ഭാസി തന്റെ കഴിവ് തെളിയിച്ചത്. ജഗതി എൻ കെ ആചാരി ഉൾപ്പെടെയുള്ള പ്രമുഖരോടൊപ്പം ഭാസി പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ആദ്യം ഭാസി അഭിനയിച്ച പുറത്തിറങ്ങിയ സിനിമ 1953ൽ പുറത്തിറങ്ങിയ തിരമാല ആയിരുന്നു. എന്നാൽ, ഈ സിനിമയിൽ വളരെ അപ്രധാനമായ ഒരു കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്.

  Happy Holi 2021 | ഹിന്ദുക്കൾക്ക് ഹോളി ആശംസകൾ അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

  എന്നാൽ, 1961ൽ പുറത്തിറങ്ങിയ മുടിയനായ പുത്രനിൽ പേരുള്ള ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു അദ്ദേഹം. കരയോഗം കൃഷ്ണൻനായർ എന്ന കഥാപാത്രമായി മുടിയനായ പുത്രനിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന് പിന്നീട് നിറയെ പടങ്ങളായി. 1965 ആയപ്പോഴേക്കും കൈ നിറയെ സിനിമകളായി അദ്ദേഹത്തിന്. മലയാള സിനികളിലെ ഒഴിവാക്കാൻ കഴിയാത്ത ഹാസ്യ താരമായി മാറി അദ്ദേഹം.

  അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും അടൂർ ഭാസി തന്റെ കൈയൊപ്പ് ചാർത്തി. രഘുവംശം (1978), അച്ചാരം അമ്മിണി ഓശാരം ഓമന (1977), ആദ്യപാഠം (1977) എന്നിവ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ. സ്ഥാനാർഥി സാറാമ്മ, സാക്ഷി, കാട്ടുകുരങ്ങ് തുടങ്ങി പത്തോളം ചിത്രങ്ങളിൽ ഗായകനായും അദ്ദേഹം തിളങ്ങി. ലോട്ടറിടിക്കറ്റ് എന്ന സിനിമയിലെ 'ഒരു രൂപ നോട്ട് കൊടുത്താൽ...' എന്ന ഗാനം പുതിയ തലമുറ വരെ മൂളി നടക്കാറുണ്ട്.

  Jose Prakash | 'ബൈ ദ ബൈ എന്റെ മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ സമയമായി'; മലയാളി മറക്കാത്ത ജോസ് പ്രകാശ്

  മൂന്നു തവണയാണ് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. 1979 ൽ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലെ അഭിനയത്തിനും  1974ൽ ചട്ടക്കാരിയിലെ അഭിനയത്തിനും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയപ്പോൾ 1984ൽ ഏപ്രിൽ 18ലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി.

  ഹാസ്യ വേഷങ്ങളിൽ മാത്രമല്ല വില്ലൻ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് അടൂർ ഭാസി. കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യൻ എന്നീ ചിത്രങ്ങളിലാണ് വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കൊട്ടാരം വിൽക്കാനുണ്ട്, ലങ്കാദഹനം, റസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളിൽ ഇരട്ട വേഷങ്ങളിലും ഭാസി അഭിനയിച്ചു. ഏകദേശം 700ൽ അധികം സിനിമകളിലാണ് അടൂർ ഭാസി അഭിനയിച്ചത്.

  അവസാന കാലങ്ങളിൽ വൃക്കരോഗത്തെ തുടർന്ന് കഷ്ടപ്പെട്ടിരുന്നു അദ്ദേഹം. 1990 മാർച്ച് 29ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പിതാവ് ഇ വി കൃഷ്ണപിള്ളയുടെ അമ്പത്തിരണ്ടാം ചരമവാർഷിക ദിനത്തിന്റെ തലേദിവസമായിരുന്നു മരണം. വിലാപയാത്രയായി അടൂരിലെ തറവാട്ടി വീട്ടിലേക്ക് എത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
  Published by:Joys Joy
  First published: