പീഡനക്കേസിൽ ഉൾപ്പെട്ട വിജയ് ബാബുവിനെ പുറത്താക്കിയതാണെന്ന കുറിപ്പ് ഇറക്കാതെ രാജി കാര്യത്തിൽ പിന്നോട്ടില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി
കൊച്ചി: സ്ത്രീവിരുദ്ധരായവരെ സംരക്ഷിക്കുന്ന സംഘടനയെ 'അമ്മ' എന്ന് വിളിക്കാനാകില്ലെന്ന് നടൻ ഹരീഷ് പേരടി. പീഡനക്കേസിൽ ഉൾപ്പെട്ട വിജയ് ബാബുവിനെ പുറത്താക്കിയതാണെന്ന കുറിപ്പ് ഇറക്കാതെ രാജി കാര്യത്തിൽ പിന്നോട്ടില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. രാജിയിൽ മാറ്റമുണ്ടോയെന്ന് അറിയാൻ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു വിളിച്ചിരുന്നു. വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോയെന്ന് താൻ ഇടവേള ബാബുവിനോട് ചോദിച്ചതായും ഹരീഷ് പേരടി പറയുന്നു. എന്നാൽ വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്നമേയില്ലെന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടിയെന്നും ഹരീഷ് പേരടി വ്യക്തമാക്കി.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു... ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ. വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു.. വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശ്നമേയില്ലെന്നും I.C കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു... അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു...
പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്, A.M.M.A യെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ... ക്വിറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ. എന്റെ പേര് ഹരീഷ് പേരടി. അമ്മ - മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ. A.M.M.A ഒരു തെറിയല്ല. അത് ആ അസോസിയേഷന്റെ ഒറജിനൽ ചുരക്കപേരാണ്.15ാം തീയതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക. ഞാനും നിങ്ങളും രണ്ട് ദിശയിലാണ്. ഞാൻ ഇവിടെ തന്നെയുണ്ടാവും. വീണ്ടും കാണാം.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.