നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Marakkar release | മരയ്ക്കാർ റിലീസ്: ഉപാധികളുമായി ആന്റണി പെരുമ്പാവൂർ, തിയേറ്റർ ഉടമകൾ യോഗം ചേരും

    Marakkar release | മരയ്ക്കാർ റിലീസ്: ഉപാധികളുമായി ആന്റണി പെരുമ്പാവൂർ, തിയേറ്റർ ഉടമകൾ യോഗം ചേരും

    മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി. പ്ലാറ്റ്ഫോമിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നിര്‍ണായക ചര്‍ച്ചകള്‍

    മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം

    മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം

    • Share this:
    കൊച്ചി: മോഹന്‍ലാല്‍ ചിത്രം 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയേറ്റര്‍ റിലീസ് ചര്‍ച്ച ചെയ്യുന്നതിനായി തിയേറ്റര്‍ ഉടമകളുടെ നാളെ യോഗം ചേരും. ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്ന് ഉറപ്പ് നല്‍കണമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നത്.

    മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടി. പ്ലാറ്റ്ഫോമിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നിര്‍ണായക ചര്‍ച്ചകള്‍. ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ്‌ കുമാര്‍ മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും സംസാരിച്ചു.

    കോവിഡ് പശ്ചാത്തലത്തിൽ പ്രേക്ഷകര്‍ക്ക് തിയേറ്ററിൽ പ്രവേശനത്തിന് നിയന്ത്രണം ഉണ്ട്. അതുകൊണ്ട് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്താല്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ്  ആന്റണി പെരുമ്പാവൂരിന്റെ ആശങ്ക. ഈ സാഹചര്യത്തിലാണ് തിയെറ്ററില്‍ റിലീസ് ചെയ്താല്‍ ഒരു നിശ്ചിത തുക ലഭിയ്ക്കുമെന്ന കാര്യത്തില്‍ ഉറപ്പ് വേണമെന്ന് ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നതും. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് തിയേറ്റർ ഉടമകള്‍ വ്യക്തമാക്കി.

    അതേസമയം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

    പ്രിയദർശനും മകൾ കല്യാണിയും മകൻ സിദ്ധാർഥും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയിൽ മഞ്ജു വാര്യർ, കീർത്തി സുരേഷ് എന്നിവരാണ് മറ്റു നായികമാർ. ആശിർവാദ് സിനിമാസിന്റെ പേരിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. 100 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയാണിത്.

    ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ടീസർ റിലീസ് ആവും മുൻപേ വാർത്തകളിൽ ഇടം നേടിയിരുന്നു. ടീസർ റിലീസാവും മുൻപ് തന്നെ പോസ്റ്റ് ചെയ്ത മരയ്ക്കാർ ടീസർ കൗണ്ട്ഡൗൺ ലിങ്കിന് 14K ലൈക്കും 1.1K ഡിസ്‌ലൈക്കും ലഭിച്ചിരുന്നു.

    നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ മോഹൻലാൽ നായകനാവുന്ന 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' സിനിമയുടെ റിലീസ് തിയതി കഴിഞ്ഞ വർഷം മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ തിയേറ്ററിൽ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേർന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തിൽ മരയ്ക്കാറും ഉൾപ്പെട്ടു.



    ഈ വർഷം ജനുവരിയിൽ തിയേറ്റർ തുറന്നപ്പോഴും മരയ്ക്കാർ മാർച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. നിലവിൽ ഒടിടി റിലീസ് ഉണ്ടാവുമെന്ന വർത്തകൾക്കിടെയാണ് ചിത്രം തിയേറ്ററിൽ എത്തിക്കും എന്ന പ്രതീക്ഷ ഉയരുന്നത്.

    ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക. ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം.
    Published by:user_57
    First published:
    )}