യുവം കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടവരിൽ ദേശീയ പുരസ്‍കാരം നേടിയ ചലച്ചിത്ര നടി അപർണ ബാലമുരളിയുമുണ്ടായിരുന്നു (Aparna Balamurali). അദ്ദേഹത്തോടൊപ്പം വേദിയിൽ പ്രത്യക്ഷപ്പെട്ടതിന് അപർണക്കു നേരെ വിമർശനം ഉയരുകയുമുണ്ടായി. വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ഉൾപ്പെടെ നിർവഹിക്കാനായി രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായിരുന്നു പ്രധാനമന്ത്രി എത്തിച്ചേർന്നത്.
നടി നവ്യ നായർ, നടൻ ഉണ്ണി മുകുന്ദൻ, ഗായകൻ വിജയ് യേശുദാസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ന്യൂസ്18ന് അനുവദിച്ച അഭിമുഖത്തിൽ, തനിക്ക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, നല്ലൊരു അനുഭവമായിരുന്നുവെന്നും അപർണ. വിമർശകരോടും അപർണയ്ക്ക് നൽകാൻ ഉത്തരമുണ്ട്.
“വിമർശിക്കുന്നവരും ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ക്ഷണം ലഭിച്ചാൽ പോകുമായിരിക്കും. മുഖ്യമന്ത്രിക്കൊപ്പം ഒന്നിലധികം വേദികളിൽ പങ്കെടുത്തിരുന്നു. ഈ പ്രായത്തിൽ ലഭിക്കുന്ന മറക്കാനാവാത്ത നിമിഷങ്ങളാണതെല്ലാം.,” അപർണ പറഞ്ഞു.
അപർണ ഉൾപ്പെടെ നിരവധി താരങ്ങൾ വേഷമിടുന്ന 2018 എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. 2018ലെ പ്രളയ കാലത്തെ അധികരിച്ചുള്ള സിനിമയാണിത്. ജൂഡ് ആന്റണി ജോസഫ് ആണ് സംവിധായകൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.