മലയാള സിനിമലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആടുജീവിതം' (Aadujeevitham). വിഷ്വൽ റൊമാൻസിന്റെ ബാനറിൽ പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ' സിനിമയുടെ ചിത്രീകരണം കാണാൻ ജോർദാനിലെ ലൊക്കേഷനിലെത്തിയസംഗീത സംവിധായകന് എ. ആർ. റഹ്മാൻ്റെ വീഡിയോ ദൃശ്യങ്ങൾ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. അൽജീരിയയിലെ ചിത്രീകരണത്തിന് ശേഷമാണ് ടീം ജോർദാനിൽ എത്തിയത്.
മുപ്പത് വർഷങ്ങൾക്ക് ശേഷം എ. ആർ. റഹ്മാൻ മലയാളത്തിൽ സംഗീതം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ആടുജീവിതത്തിനുണ്ട്. 1992-ൽ പുറത്തിറങ്ങിയ മോഹൻലാൽ - സംഗീത് ശിവൻ ടീമിൻ്റെ 'യോദ്ധ' എന്ന ചിത്രത്തിനുവേണ്ടിയാണ് അവസാനമായി എ.ആർ. റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം നിർവ്വഹിച്ചത്.
എ.ആർ. റഹ്മാനോടൊപ്പമുള്ള ഫോട്ടോകൾ സംവിധായകൻ ബ്ലെസി നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു. 'മരുഭൂമിയുടെ സംഗീതം തേടി' എന്ന കുറിപ്പോടെയായിരുന്നു ബ്ലെസി ഐപ്പ് തോമസ് അന്ന് റഹ്മാനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. "രണ്ട് ദിവസത്തേക്ക് ഫോണും ഇൻ്റർനെറ്റും ഇല്ല, കുറെ ഒട്ടകങ്ങളും ആടും മാത്രം കൂട്ടിന്..." എന്ന കുറിപ്പോടെ റഹ്മാനും ചിത്രീകരണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ആടുജീവിതം ലോക്കെഷനില്‍ എ.ആര് റഹ്മാനോടൊപ്പം നായകന് പൃഥ്വിരാജ്
കഴിഞ്ഞ ജൂണിലാണ് ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിതന്നെ ആയിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു.
അഞ്ച് വർഷങ്ങൾക്ക് മുൻപ് 2017-ൽ ആയിരുന്നു ചിത്രം ഔദ്യോഗികമായി കേരളത്തിൽ ചിത്രീകരണമാരംഭിച്ചത്. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.
പ്രശസ്ത സാഹിത്യകാരന് ബെന്യാമിന്റെ അന്തർദേശിയ തലത്തിൽ തന്നെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഓസ്കാര്‍ അവാര്‍ഡ് ജേതാവായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് നായിക. ശ്രീകർ പ്രസാദ് ചിത്രസംയോജനവും കെ.യു. മോഹനൻ, സുനിൽ കെ. എസ് എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: റോബിൻ ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, മേയ്ക്കപ്പ്: രഞ്ജിത് അമ്പാടി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രിൻസ് റാഫേൽ, ലൈൻ പ്രൊഡ്യൂസർ: സുഷിൽ തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രഭാകർ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡോമിനിക്. വാർത്താ പ്രചരണം: എം.ആർ പ്രൊഫഷണൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.