news18
Updated: February 27, 2019, 8:37 AM IST
ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുമായി 25 ചിത്രങ്ങളാണ് ഈ വര്‍ഷം അരവിന്ദന്‍ പുരസ്കാര മല്‍സരത്തില്‍ പങ്കെടുത്തത്
- News18
- Last Updated:
February 27, 2019, 8:37 AM IST
കഴിഞ്ഞ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദന്‍ പുരസ്കാരം സക്കരിയ മുഹമ്മദിന്. സുഡാനി ഫ്രം നൈജീരിയ എന്ന മലയാള ചലച്ചിത്രമാണ് സക്കരിയയെ പുരസ്ക്കാരത്തിനര്‍ഹനാക്കിയത്. സംവിധായകന്‍ ശ്യാമപ്രസാദ്, കൃഷ്ണനുണ്ണി, ബൈജു ചന്ദ്രന്‍, വി.കെ നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.
പ്രമേയ പരിചരണം, ചിത്രീകരണം, പാത്രാവിഷ്കാരം എന്നീ പ്രധാന മേഖലകളില്‍ ശ്രദ്ധേയമായ കൈയടക്കം പ്രകടമാക്കാന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ സക്കരിയക്ക് സാധിച്ചെന്ന് ജൂറി വിലയിരുത്തി. നര്‍മ്മ മാധുര്യവും സഹഭാവവും നാടകീയതയും ഊഷ്മളതയും സമാസമം ചേര്‍ത്ത് ഒരു ഗ്രാമത്തിലെ ഫുട്ബോള്‍ ടീമിന്റെ കഥ പറയുന്നതിലൂടെ മനസാക്ഷിയിലും മനുഷ്യത്വത്തിലുമുള്ള വിശ്വാസത്തെ പുനഃസ്ഥാപിക്കുന്നതില്‍ സംവിധായകന്‍ പൂർണമായും വിജയിച്ചെന്നും ജൂറി പുരസ്കാര പ്രഖ്യാപനത്തില്‍ പറയുന്നു. രാജ്യാന്തരമായ ഒരു പ്രമേയ പരിപ്രേക്ഷമാണ് സുഡാനി ഫ്രം നൈജീരിയ മുന്നോട്ട് വെക്കുന്നുവെങ്കിലും നമുക്ക് തൊട്ടടുത്ത് നടക്കുന്ന കഥയായി അവതരിപ്പിക്കാനും വിഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തെ സമാശ്വസിപ്പിക്കുന്നതില്‍ സ്നേഹ സ്പര്‍ശമായി ചിത്രത്തെ മാറ്റാനും സംവിധായകന് കഴിഞ്ഞെന്നും ജൂറി വിലയിരുത്തുന്നു.
ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുമായി 25 ചിത്രങ്ങളാണ് ഈ വര്‍ഷം അരവിന്ദന്‍ പുരസ്കാര മല്‍സരത്തില്‍ പങ്കെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ജി. അരവിന്ദന്റെ ചരമദിനമായ മാര്‍ച്ച് 15ന് തിരുവനന്തപുരത്ത് വെച്ച് സമ്മാനിക്കും.
First published:
February 27, 2019, 8:37 AM IST