ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ 'അങ്കമാലി ഡയറീസ്' ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നു. ചിത്രത്തില്‍ ആന്‍റണി വര്‍ഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തെ ബോളിവുഡ് റീമേക്കില്‍ അവതരിപ്പിക്കുന്നത് കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടന്‍ അര്‍ജുന്‍ ദാസാണ്.
ചിത്രത്തിന് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീമേക്ക് ആണെങ്കിലും മലയാളചിത്രത്തിന്റെ ഹിന്ദി വ്യാഖ്യാനമായിരിക്കും ഇതെന്നാണ് സംവിധായികയെ ഉദ്ധരിച്ച് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തത്. ഗോവയെ പശ്ചാത്തമലമാക്കിയാകും ചിത്രം ഒരുങ്ങുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡിലെ പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ Abundantia Entertainment ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംവിധായകൻ ലോകേഷ് കനകരാജിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് അർജുൻ ദാസ്. ലോകേഷിന്‍റെ 2019-ലെ ഹിറ്റ് ചിത്രമായ കൈതിയിലൂടെയാണ് അര്‍ജുന്‍ ദാസ് ശ്രദ്ധേയനായത്. പിന്നീട് വിജയുടെ മാസ്റ്ററിലും അദ്ദേഹം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം വിക്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു .
2017 ല്‍ നടന്‍ ചെമ്പന്‍ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് മലയാളത്തിലെ ട്രെന്‍ഡ് സെറ്ററായി മാറുകയായിരുന്നു. ആന്‍റണി വര്‍ഗീസ്, അന്ന രേഷ്മ രാജന്‍, അപ്പാനി ശരത് എന്നിങ്ങനെ നിരവധി പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിലെത്തിച്ച ചിത്രം ഫ്രൈഡെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മ്മിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Angamaly Diaries, Movie remake