• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഹനാനെ സഹായിക്കാൻ തീരുമാനിച്ചത് : അരുണ്‍ ഗോപി

News18 Malayalam
Updated: July 26, 2018, 12:19 PM IST
പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഹനാനെ സഹായിക്കാൻ തീരുമാനിച്ചത് : അരുണ്‍ ഗോപി
News18 Malayalam
Updated: July 26, 2018, 12:19 PM IST
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കോളജ് വിദ്യാർത്ഥിനി ഹനാനെ സഹായിക്കാനുള്ള തീരുമാനം പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് സംവിധായകൻ അരുൺ ഗോപി. ചെന്നൈയിലായിരുന്ന താൻ പത്രത്തിൽ വന്ന വാർത്തയിലൂടെയാണ് ഹനാനെ അറിയുന്നത്. ഏറെ കഷ്ടപ്പെടുന്ന കുട്ടിക്ക് ഒരു സഹായം എന്ന നിലയിലാണ് പുതിയ ചിത്രത്തിൽ‌ ഏതെങ്കിലും ഒരു വേഷം നൽകാമെന്ന് പറഞ്ഞത്. അതിനെതിരെ സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടക്കുന്നതിൽ വിഷമമുണ്ടെന്നും അരുൺ ഗോപി 'ന്യൂസ് 18 മലയാള'ത്തോട് പറഞ്ഞു.

'ബുധനാഴ്ച രാവിലെ പത്രം വായിച്ചപ്പോഴാണ് ഹനാന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടത്. മറ്റുള്ളവർക്ക് കൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയിടേതെന്ന് തോന്നി. അതുകൊണ്ട് ആ വാർത്ത 11.19ന് ഫേസ്ബുക്കിൽ ഷെയർ ചെയ്തു. അതിന് താഴെ രാഹുൽ ആർ നായർ എന്ന് പേരുള്ള ഒരാൾ ' അരുണേട്ടാ ഈ ചേച്ചിക്ക് അങ്ങയുടെ വർക്കിൽ ഒരു അവസരം നൽകി കൂടേ' എന്ന് കമന്റിട്ടു. ഉറപ്പായും നൽകും എന്നായിരുന്നു അരുണിന്റെ മറുപടി. അതിനുതാഴെ 'വെറും വാക്ക് അല്ലല്ലോ' എന്ന് മാധ്യമപ്രവർത്തകയുടെ ചോദ്യം. ' നെവർ ഒരിക്കലുമല്ല ആ കുട്ടി തയാറാണെങ്കിൽ ഞാൻ തീർച്ചയായും സഹകരിപ്പിക്കും' എന്ന് അരുൺ ഗോപി മറുപടി നൽകി. 'നല്ല കാര്യം അരുൺ, അങ്ങനെയെങ്കിലും ദുരിതം തീരുന്നെങ്കിൽ തീരട്ടെ' എന്ന് മാധ്യമപ്രവർത്തകയും കമൻറ് ചെയ്തു.

മാധ്യമപ്രവർത്തക തന്നെ ഇക്കാര്യം വാർത്തയാക്കി. മാധ്യമപ്രവർത്തക നൽകിയ നമ്പറിൽ ഹനാനെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും ആദ്യം കിട്ടിയില്ല. അങ്ങനെ 'iam arun gopi... please contact' എന്ന സന്ദേശം ആയച്ചു. പിന്നീട് ഉച്ചക്ക് 1.30ഓടെയാണ് ഹനാനുമായി ഫോണിൽ സംസാരിക്കുക്കുന്നത്. പുതിയ സിനിമയിൽ ഡബ്ബിംഗോ പാട്ടോ, എന്തെങ്കിലും നോക്കാമെന്നാണ് താൻ പറഞ്ഞത്. അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ആ കുട്ടി തന്നെയാണ് പറഞ്ഞത്. ഏതെങ്കിലും വേഷം നൽകാൻ ശ്രമിക്കാമെന്ന് താൻ പറഞ്ഞു. പിന്നീട് അസോസിയേറ്റിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ കാസ്റ്റിംഗ് ഒക്കെ കഴിഞ്ഞതിനാൽ വലിയ ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു. എന്നാലും എന്തെങ്കിലും ഒരു വേഷം നൽകാൻ പറ്റുമോ എന്ന് നോക്കാൻ താൻ പറഞ്ഞു.അതിനുശേഷമാണ് രാത്രിയോടെ സോഷ്യൽ മീഡിയയിൽ എതിരായ ക്യാമ്പയിനുകൾ ശക്തമായത്. സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി നാടകമാണെന്നൊക്കെ പറഞ്ഞുപരത്തുന്നത് ദു:ഖകരമാണ്. മോഹൻ ലാലിന്റെ മകൻ പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ. അതിലുമപ്പുറം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പേരും ടോമിച്ചൻ മുളകുപാടം എന്ന വലിയ ബാനറും സിനിമക്കുള്ളപ്പോൾ ഇത്തരമൊരു പബ്ലിസിറ്റി നടത്തേണ്ട കാര്യമില്ല- അരുൺ പറഞ്ഞു.

വെള്ളിയാഴ്ച സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ ഇത്തരം പ്രചരണങ്ങൾ തന്റെ സമ്മർദം വർധിപ്പിക്കുകയാണ്. എല്ലാവരോടും മറുപടി പറഞ്ഞു മടുത്തുവെന്നും അരുൺ കൂട്ടിച്ചേർത്തു. അരുണിന്റെ ആദ്യ സിനിമയായ രാമലീല റിലീസ് ആകുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ജയിലിലായത്. അന്നും സിനിമക്കെതിരെയും സംവിധായകനെതിരെയും സോഷ്യൽമീഡിയയിൽ ക്യാമ്പയിനുകൾ നടന്നിരുന്നു.

പാലാരിവട്ടം തമ്മനം ജംഗ്ഷനിൽ കോളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഹനാന്‍ എന്ന പെൺകുട്ടിയുടെ വാർ‌ത്ത സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം തരംഗമായിരുന്നു. വലിയ ചർച്ചയായതോടെ ഹനാനെ തേടി സഹായഹസ്തങ്ങളുമെത്തി. അതിൽ ഒന്നായിരുന്നു അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൊരു വേഷം. എന്നാല്‍ പിന്നീട് ഈ സംഭവം വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വലിയ ക്യാമ്പയിനുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
Loading...

 
First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...