കൊൽക്കത്ത: ബോളിവുഡ് നടിയും മോഡലുമായ ആര്യ ബാനർജിയുടെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആര്യ ലിവർ സിറോസിസ് രോഗിയായിരുന്നുവെന്നും മരണ സമയത്ത് ആമാശയത്തിനുള്ളിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി കൊൽക്കത്ത പൊലീസ് ജോയിന്റ് കമ്മീഷ്ണർ മുരളീധർ ശർമ പറഞ്ഞു.
വളർത്തുമൃഗങ്ങൾക്കൊപ്പം ജോധ്പൂർ പാർക്കിലെ വസതിയിൽ തനിച്ചായിരുന്നു ആര്യ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാ ബാലൻ നായികനായ 'ഡേർട്ടി പിക്ചർ' (2011), ദിബാകർ ബാനർജിയുടെ 'എൽ.എസ്.ഡി: ലവ് സെക്സ് ഓർ ധോക' (2010) എന്നിവയുൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ഷെഹാദ് പ്രവർത്തിച്ചിട്ടുണ്ട്. മുംബൈയിൽ ചില മോഡലിംഗ് അസൈൻമെന്റുകളും അവർ ചെയ്തിട്ടുണ്ട്. 2014 ൽ 'സാവ്ധാൻ ഇന്ത്യ'യുടെ എപ്പിസോഡിലും പ്രവർത്തിച്ചു.
വെള്ളിയാഴ്ച രാവിലെ വാതിൽ തുറക്കാത്തതോടെ ജോലിക്കാരി അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ചപ്പോൾ മുറിയിൽ നിലത്തുകിടക്കുകയായിരുന്നു ആര്യ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന സൂചനകൾ ഒന്നും കണ്ടെത്തിയില്ല.
ആര്യ അയൽവാസികളുമായി ഇടപഴകാറില്ലെന്ന് സമീപവാസികൾ പറഞ്ഞു. അവർ തനിച്ചായിരുന്നു താമസിച്ചിരുന്നത്. താമസസ്ഥലത്ത് നിന്ന് പുറത്തുപോകുന്നത് വളരെ അപൂർവമായിട്ടാണെന്നും ഇവർപറഞ്ഞു. മിക്കവാറും എല്ലാ ദിവസവും ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാറുണ്ടെന്നും ഇവരുടെ മൊഴിയിലുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അവർക്ക് ഭക്ഷണം എത്തിച്ചവർ, കഴിഞ്ഞ ദിവസങ്ങളില്‍ അവർ സംസാരിച്ചവർ എന്നിവരെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. ഹിന്ദുസ്ഥാനി സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള ആര്യയുടെ യഥാർഥ പേര് ദേബദത്ത ബാനർജി എന്നാണ്. പ്രമുഖ സിത്താർ വാദകൻ പണ്ഡിറ്റ് നിഖിൽ ബാനർജിയുടെ മകളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Autopsy, Bollywood actress, Death Case