രാജീവ് രവി (Rajeev Ravi ) സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും (Kuttavum Sikshayum) സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി .മലയാളത്തിലെ ഇരുപത്തിയഞ്ചോളം പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ആസിഫ് അലിയാണ് (Asif Ali) ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ മാസം ഇരുപത്തിയേഴിന് ചിത്രം തീയേറ്ററുകളിൽ എത്തും . കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും.
കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥന് സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്.
യഥാർത്ഥ കേസിന്റെ അന്വേഷണം നയിച്ചതും സിബി തോമസാണ്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് കുറ്റവും ശിക്ഷയും നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: സുരേഷ് രാജൻ, എഡിറ്റിങ്: ബി.അജിത് കുമാർ.
പി ആർ ഒ ആതിര ദിൽജിത്ത്
'ജീത്തു ജോസഫ്, താങ്കൾ എന്തൊരു മനുഷ്യനാണ്?' '12th മാൻ' കണ്ട ഹ്രസ്വചലച്ചിത്ര സംവിധായകന്റെ കുറിപ്പ്
'ദൃശ്യം' കണ്ട് ജീത്തു ജോസഫ് (Jeethu Joseph) ഫാൻ ആയി മാറിയ ഓരോ പ്രേക്ഷകനെയും ഈ സംവിധായകൻ വീണ്ടും തന്നിലേക്കാകർഷിക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം ഡിജിറ്റൽ റിലീസ് ചെയ്ത മോഹൻലാൽ നായകനായ '12th മാൻ' (12th Man). മലയാള സിനിമയിൽ ക്രൈം ത്രില്ലറുകളുടെ പര്യായമായി മാറിയ ഇദ്ദേഹം, മിസ്റ്ററി നിറച്ച മറ്റൊരു കഥയുമായാണ് '12th മാനിൽ' എത്തിയത്. സിനിമ കണ്ട ഹ്രസ്വചിത്ര സംവിധായകനും ചലച്ചിത്ര നിരൂപകനുമായ വിഷ്ണു ഉദയൻ ഫേസ്ബുക്കിൽ രചിച്ച കുറിപ്പാണ് ചുവടെ. നിരവധി പുസ്കാരങ്ങൾ സ്വന്തമാക്കിയ ചെറു ചിത്രങ്ങൾ ഒരുക്കിയ വിഷ്ണു, മറ്റൊരു ജീത്തു ജോസഫ് മാജിക്കിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നു:
താൻ എന്തൊരു മനുഷ്യനാടോ?' സീ കേരളം ചാനലിലെ saregamapa റിയാലിറ്റി ഷോയിലെ വിധികർത്താവ് ഷാൻ റഹ്മാൻ സ്ഥിരമായി ഉപയോഗിക്കുന്ന വാചകമാണ്, താൻ എന്തൊരു മനുഷ്യനാടോ എന്നത്. ഇന്നലെ 12th മാൻ കണ്ട് കഴിഞ്ഞ് അവസാനം A Jeethu Joseph Film എന്ന് കാണിച്ചപ്പോൾ എനിക്ക് തോന്നിയതും ഇതേ വാചകമാണ്. ശരിക്കും, ജീത്തു ജോസഫ് - താങ്കൾ എന്തൊരു മനുഷ്യനാണ്.
മലയാള സിനിമ ചരിത്രത്തിൽ പ്രമേയപരമായി ഇതിലും മികച്ച കഥകൾ വന്നിട്ടുണ്ട്. തീർച്ച. പക്ഷേ രണ്ടേമുക്കാൽ മണിക്കൂറുള്ള സിനിമയിൽ, രണ്ടു മണിക്കൂറോളം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് മാത്രം നടക്കുന്ന ഒരു കഥയിൽ, കാണുന്ന പ്രേക്ഷകനെ മെല്ലെ ആകർഷിച്ച് അവസാനമാകുമ്പോൾ നല്ലൊരു ത്രില്ല് (edge of the seat എന്നൊക്കെ പറയാമോ എന്നറിയില്ല) സമ്മാനിക്കുന്ന മേക്കിങ് ശൈലി.
ഓരോ സീനും സംഭാഷണവും കഴിയുമ്പോൾ എങ്ങനെയാണ് ഇങ്ങനെയൊരു തിരക്കഥ എഴുതാൻ സാധിക്കുക എന്ന ചോദ്യം മനസിലേക്ക് നിരന്തരം വന്നു. ഇത് പോലൊരു തിരക്കഥ എങ്ങനെ 'foul proof' ആയി സംവിധാനം ചെയ്യാം എന്നും അത്ഭുതപ്പെട്ടു. അത്ര ഗംഭീരമായി സംഗീതവും എഡിറ്റിംഗും പറയുന്ന കഥയിലേക്ക് ഇഴകിചേർന്നിരിക്കുന്നു!
ജീത്തു ജോസഫ് എന്ന പേര് ശ്രദ്ധിക്കുന്നത് ഡിറ്റക്റ്റീവ് സിനിമയിലെ കൊലപാതകം കാണുന്ന സമയത്താണ്. എത്രമേൽ 'variety' ആണ് ആ കൊലപാതകം എന്ന് അന്ന് അതിശയിച്ചു പോയി. അന്ന് വരെ കണ്ടിരുന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ സുരേഷ് ഗോപിയിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു കഥാപാത്രം. പിന്നീട് മെമ്മറീസും ദൃശ്യവും ഒക്കെ വന്നു ആ പേര് മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു.
ആദ്യമായി ജീത്തു ജോസഫിനെ അടുത്ത് കാണുന്നത്, സുഹൃത്തിന്റെ വിവാഹത്തിനാണ്. ലൈഫ് ഓഫ് ജോസുട്ടയിലെ, ജോസൂട്ടിയെ പോലെ മുണ്ടും ഉടുത്ത് ചിരിച്ച് മൊബൈലിൽ സെൽഫിയും കല്യാണവും പകർത്തുന്ന തനി നാടൻ മലയാളി. സദ്യ സമയത്ത് എനിക്ക് നേരെ എതിരെ ഇരുന്നു ആസ്വദിച്ച്, രണ്ടാമതും പായസം ചോദിച്ച് വാങ്ങി കഴിക്കുന്ന മനുഷ്യനെ കണ്ടപ്പോൾ ഒരു നിമിഷമെങ്കിലും, ഇങ്ങേരല്ലേ ജോർജ് കുട്ടിനെ സൃഷ്ടിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ട്. ഒരു പക്ഷേ തന്റെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ വിമർശകരും പ്രേക്ഷകരും ജോസൂട്ടിയെ കാണില്ലായിരിക്കും. പക്ഷേ അന്ന് ഞാൻ അവിടെ കണ്ടത്, യഥാർത്ഥ ജീവിതത്തിൽ ജോർജ്കുട്ടിയും ജോസൂട്ടിയും സമാസമം ചേർന്നൊരു മനുഷ്യനെയാണ്.
വളരെ സിംപിളായി കാണപ്പെടുന്ന ജീത്തു ജോസഫിൽ നിന്നും ഇനിയും മലയാള സിനിമ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. കെട്ടുറപ്പുള്ള തിരക്കഥകളും, ടെക്നിക്കലി മുന്നിൽ നിൽക്കുന്ന മേക്കിങ്ങും ഇനിയും കാണാൻ മലയാള പ്രക്ഷേക സമൂഹം ആഗ്രഹിക്കുന്നുണ്ട്. മറ്റൊരു കാര്യംകൂടി.. ഇന്നത്തെ മലയാള സിനിമയിൽ, മോഹൻലാൽ എന്ന നടനെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന ഒരു രഹസ്യ മന്ത്രം ജീത്തുവിന്റെ കൈയിലുണ്ട്. ജീത്തുവിന്റെ കൈയിൽ മാത്രം!ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.