സിനിമാപ്രേമികള്‍ ഒന്നടങ്കം ‘അവതാർ ദ വേ ഓഫ് വാട്ടർ’ പുറത്തിറങ്ങിയ ആവേശത്തിലാണ്. അവതാര്‍ പുറത്തിറങ്ങി 13 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. ജെയിംസ് കാമറൂണ്‍ ഒരുക്കിയ ചിത്രം ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകള്‍ എന്തെല്ലാമെന്ന് നോക്കാം.
സിമുല്‍ ക്യാമറ
മികച്ച റിയലിസ്റ്റിക് അനുഭവം നല്‍കുന്നതിനായി സിമുല്‍ ക്യാമറകളുടെ സഹായത്തോടെ സംവിധായകന് ചലനങ്ങള്‍ ഡിജിറ്റലായി റെക്കോര്‍ഡ് ചെയ്തു.
ആനിമേറ്റഡ് ഡിജിറ്റല്‍ മീഡിയ
ജെയിംസ് കാമറൂണും മറ്റ് ആര്‍ട്ടിസ്റ്റുകളും ഉള്‍പ്പെട്ട ടീം ഒരു വര്‍ഷത്തോളമെടുത്താണ് തങ്ങളുടെ സൃഷ്ടികള്‍ യഥാര്‍ത്ഥ ഫോട്ടോകള്‍ പോലെ തോന്നുന്ന രൂപത്തിലേക്ക് മാറ്റിയത്. പാറകളും മരങ്ങളും ചെറിയ ഇലകളും ഉള്‍പ്പെടെയുള്ള ഫ്രെയിമിലെ എല്ലാ ഘടകങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം അവര്‍ ഇത്തരത്തില്‍ മാറ്റിയിട്ടുണ്ട്. ഷെയ്ഡിംഗ്, ലൈറ്റിംഗ് തുടങ്ങിയ അത്യാധുനിക രീതികള്‍ ഉപയോഗിച്ചാണ് ഇവ ഓരോന്നും ഒരുക്കിയിരിക്കുന്നത്. ഇതിനായി ആയിരം ടെറാബൈറ്റ് ഹാര്‍ഡ് ഡ്രൈവ് സ്പേസ് ഉപയോഗിച്ചിട്ടുണ്ട്.
Also read-ആന്ധ്രാപ്രദേശിൽ അവതാർ 2 കാണുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായി യുവാവ് മരിച്ചു
ഗിയര്‍ ക്യാമറ
സിനിമയിലെ അഭിനേതാക്കള്‍ അവരുടെ ഓണ്‍-സ്ക്രീന്‍ പ്രകടനങ്ങള്‍ ചിത്രീകരിക്കുന്നതിനായി തലയില്‍ ഘടിപ്പിച്ച ഗിയര്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. അവരുടെ മുഖത്തിന്റെ ക്വാളിറ്റിയുള്ള ഡിജിറ്റല്‍ ഫോട്ടോകള്‍ എടുക്കാനും ഇത് സഹായിച്ചു.
3ഡി ഫ്യൂഷന്‍ ക്യാമറ സംവിധാനം
2003ല്‍ കാമറൂണ്‍ ഗോസ്റ്റ്സ് ഓഫ് ദി അബിസ് എന്ന സിനിമയില്‍ ഈ രീതി ഉപയോഗിച്ചിരുന്നു.
അണ്ടര്‍വാട്ടര്‍ ടെക്നോളജി
വെള്ളത്തിനടിയിലെ ചിത്രീകരണത്തെക്കുറിച്ചുള്ള സംവിധായകന്റെ പരിജ്ഞാനം ചെറുതൊന്നുമല്ല. അത് ആളുകളെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. അവതാര്‍ 2ന്റെ ഭൂരിഭാഗം സീനുകളും വെള്ളത്തിനടിയിലാണ്. 900,000-ഗാലന് വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ സമൃദ്ധമായ കാടുകളില്‍ നിന്ന് സിനിമയുടെ കഥാപശ്ചാത്തലം കടലിലേക്ക് മാറുകയാണ്. അതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.
ചിത്രത്തിലെ എല്ലാ അഭിനേതാക്കളും സ്കൂബ ഡൈവേഴ്സ് ആണ്. ചിത്രീകരണ സമയത്ത് കൂടുതല്‍ സമയം ശ്വാസം അടക്കിപ്പിടിക്കാന് പ്രത്യേക പരിശീലനം നേടിയവരാണ് എല്ലാവരും. ചിത്രീകരണത്തിനിടെ ഏഴര മിനിറ്റ് വരെ ശ്വാസം അടക്കിപ്പിടിക്കാന് സിഗോര്‍ണി വീവറിനും കേറ്റ് വിന്‍സ്ലെറ്റിനും കഴിഞ്ഞുവെന്ന് കാമറൂണ്‍ പറയുന്നു.
ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തത്. 2009ല്‍ അവതാര്‍ 1 ഇറങ്ങിയപ്പോള്‍ പിറന്നത് വലിയ റെക്കോര്‍ഡ് നേട്ടങ്ങളായിരുന്നു. 237 മില്യണ്‍ യുഎസ് ഡോളര്‍ ചിലവില്‍ വന്ന ചിത്രം ആകെ 2.8 ബില്യണ്‍ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.