കൊറോണയുടെ വരവോടെ നാട്ടിൽ പുതിയനിയമങ്ങളും സദാചാരബോധവും വന്നു... പഴയകാല കീഴ്വഴക്കങ്ങളുടെ ഓർമ്മയിൽ ബാലചന്ദ്ര മേനോൻ

Balachandra Menon rewinds the old world norms against the backdrop of Corona outbreak | കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ കുറിപ്പുമായി ബാലചന്ദ്ര മേനോൻ

News18 Malayalam | news18-malayalam
Updated: March 17, 2020, 10:48 AM IST
കൊറോണയുടെ വരവോടെ നാട്ടിൽ പുതിയനിയമങ്ങളും സദാചാരബോധവും വന്നു... പഴയകാല കീഴ്വഴക്കങ്ങളുടെ ഓർമ്മയിൽ ബാലചന്ദ്ര മേനോൻ
ബാലചന്ദ്ര മേനോൻ
  • Share this:
ഇന്ന് നമ്മൾ കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുന്നു, ആളുകളിൽ നിന്നും അകലം പാലിക്കുന്നു, ആവശ്യത്തിന് മാത്രം പുറത്തിറങ്ങുന്നു അല്ലാത്തപ്പോൾ വീട്ടിൽ കഴിയുന്നു. കൊറോണ ഭീതി വന്നതോട് കൂടി പല ശീലങ്ങളും നമ്മൾ നമ്മുക്ക് വേണ്ടിയും ചുറ്റുമുള്ളവരുടെ നന്മക്കു വേണ്ടിയും പാലിച്ചു പോകുന്നു. എന്നാൽ ഇതിൽ പലതും പണ്ടേ ഇവിടെ ഉള്ള കാര്യങ്ങൾ തന്നെയായിരുന്നില്ലേ? അത്തരം കാര്യങ്ങളെ ഓർത്തെടുക്കുകയാണ് ബാലചന്ദ്ര മേനോൻ, ഒരു ഫേസ്ബുക് പോസ്റ്റിലൂടെ. പോസ്റ്റ് ചുവടെ:

1967 ൽ ശ്രീ പി.എ . തോമസ് സംവിധാനം ചെയ്ത " ജീവിക്കാൻ അനുവദിക്കൂ " (അപ്പോൾ , അന്നേ ആരും ജീവിക്കാൻ അനുവദിക്കാറില്ല എന്ന് സ്പഷ്ടം. ) എന്നൊരു ചിത്രമുണ്ട് . അതിൽ പി . ഭാസ്‌ക്കരൻ എഴുതി വിജയഭാസ്‌ക്കർ സംഗീത സംവിധാനം ചെയ്ത ഒരു പാട്ടുണ്ട് . അത് പാടിയതാകട്ടെ , പതിവിനു വിപരീതമായി യേശുദാസും പിന്നെ പട്ടം സദനും .

"അരപ്പിരി ഇളകിയാതാർക്കാണ് ?
എനിക്കല്ലാ ..എനിക്കല്ലാ ..
എല്ലാർക്കുംഎല്ലാർക്കും പിരിയിളക്കം പിരിയിളക്കം !"

സ്കൂൾ വിദ്യാർത്ഥികളായ ഞങ്ങൾ അന്ന്, ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, 'അടിച്ചു പൊളിച്ചതാണ് ഈ പാട്ട് .ഇപ്പോൾ ഓർക്കാപ്പുറത്ത് ഈ പാട്ടു ഓർക്കാനും ഒരു കാരണമുണ്ട് .അടുത്തിടെ എന്റെ ഫേസ്‌ബുക്കിൽ ഒരു ചങ്ങാതി ഒരു കുസൃതി ചോദ്യം ഉന്നയിച്ചു :"താങ്കളുടെ ഒരു പിരി 'ലൂസാ' ണെന്ന്‌ ഞാൻ പറഞ്ഞാൽ സമ്മതിക്കുമോ?"
ആലോചിച്ചപ്പോൾ എന്റെ പല തീരുമാനങ്ങളും കാണുമ്പോൾ അല്ലെങ്കിൽ എന്റെ ചുറ്റുപാടുകളോട് ഞാൻ പ്രതികരിക്കുന്ന രീതികൾ കണ്ടാൽ ഒരു പിരി അറിയാതെ ലൂസായിപ്പോയോ എന്ന സംശയം തോന്നാം . അല്ലെങ്കിൽ ,അന്റാർട്ടിക്ക ഒഴിച്ച് ഭൂതലത്തിലാകെ കാട്ടുതീ പോലെ പടർന്നു പിടിക്കുന്ന 'കൊറോണാ വൈറസ് ' അല്ലെങ്കിൽ കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ചു കേൾക്കുമ്പോൾ ഇങ്ങനൊക്കെ കാടുകയറി ആലോചിക്കേണ്ട വല്ല കാര്യവുമുണ്ടോ എന്ന് നിങ്ങൾക്ക് തോന്നാം

ഇനി ഞാൻ എന്റെ ചിന്തകളിൽ വ്യാപരിക്കട്ടെ .

പ്രൈമറി സ്കൂൾ കാലത്തു രാത്രിയിൽ ഉറങ്ങുവാൻ മുത്തശ്ശി എന്നും എനിക്ക് ഓരോ കഥ പറഞ്ഞു തരും . കംസന്റെ കസ്റ്റഡിയിൽ പിറന്ന കൃഷ്ണന്റെ ജനന വിശേഷങ്ങളിൽ മഴയും പ്രളയവുമൊക്കെ വന്നു . മഴ എനിക്കറിയാം . പക്ഷെ പ്രളയം എന്നാൽ എന്താണ് ? വെള്ളം കരയിലേക്ക് ഇരച്ചു കയറി എല്ലാം മുക്കിക്കളയും ! ഇത് എവിടെ എന്ന് നടക്കാനാണ്‌ എന്ന് ഞാൻ മുത്തശ്ശിയോട് ചോദിച്ചു. കഥയിൽ മസാല ചേർക്കുന്നതിനും ഒരു പരിധി വേണ്ടേ മുത്തശ്ശി ? ,ഞാൻ പൊട്ടിച്ചിരിച്ചു .

എന്നാൽ കഴിഞ വർഷം ഞാൻ ജീവിതത്തിൽ കണ്ട ആദ്യ പ്രളയം എന്റെ കൊച്ചു കേരളത്തെ വിഴുങ്ങുന്നത് ഞാൻ കണ്ടു . ടി വി യിൽ കണ്ട ദുരന്തദൃശ്യങ്ങൾ കണ്ട് എന്റെ മനസ്സ് പൊട്ടിക്കരഞ്ഞു. മുത്തശ്ശി അന്ന് പറഞ്ഞത് ഇന്ന് സത്യമായല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു .മുത്തശ്ശിക്ക് സ്തുതി .

അന്നൊക്കെ രാവിലെ അടുക്കളയിലെ പെണ്ണുങ്ങൾ ചന്തസാമാനങ്ങൾ പോയി വാങ്ങി മുത്തശ്ശി സമക്ഷം സമർപ്പിക്കണം .വിലവിവരങ്ങൾ ബോധ്യപ്പെടുത്തണം .മുത്തശ്ശി ഒരിക്കൽ ദേഷ്യപ്പെടുന്നത് ഞാൻ കേട്ടു ."അടുക്കളസാധനങ്ങൾക്കൊക്കെ എന്ത് തീ പിടിച്ച വിലയാ പൊന്നമ്മേ ! ഇങ്ങനെയാണേൽ നാളെ കുടിക്കാനുള്ള വെള്ളം കാശു കൊടുത്ത് വാങ്ങേണ്ടിവരുമല്ലോ "

മുത്തശ്ശി നേരത്തെ മരിച്ചതുകൊണ്ടു അതു വേണ്ടി വന്നില്ല . എന്നാൽ ഞങ്ങൾ കുടിവെള്ളം കാശു കൊടുത്ത് വാങ്ങി കുടിക്കാൻ തുടങ്ങി .. അത് കുടിച്ചു കൊണ്ടിരിക്കുമ്പോൾ 'കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം ' എന്ന ചാനൽ വാർത്ത കേൾക്കാതിരുന്നാൽ മാത്രം മതിയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട് .

ഒരു രാത്രിയിൽ എന്തോ പറഞ്ഞുള്ള സന്തോഷത്തിൽ എന്നെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു :"നീ നോക്കിക്കോ ..നീ നല്ല കുട്ടിയാണെങ്കിൽ നിനക്കു ഞാനെന്റെ 'ചങ്കും കരളും ' പറിച്ചു തരും ." അപ്പോഴും ഞാൻ മുത്തശ്ശിയെ കളിയാക്കി ."മുത്തശ്ശി എന്ത് മണ്ടത്തരമാ ഇപ്പറയുന്നെ ? ചങ്കും കരളും അങ്ങ് അകത്തല്ലേ ഇരിക്കുന്നെ ...'

മുത്തശ്ശി പറഞ്ഞ ആ കാര്യവും യാഥാർഥ്യമായി .പക്ഷെ ,കരളും ഹൃദയവുമൊക്കെ മാറ്റി വെക്കുന്ന ശസ്ത്രക്രിയകൾ നാട്ടിൽ പ്രചാരത്തിലാവുന്നതിനു മുൻപേ മുത്തശ്ശി പരലോകം പൂകി .

നമുക്ക് ചുറ്റുമുള്ള ലോകം അൽപ്പം മതി മറന്നോ എന്ന് ഒരു സംശയം . കൂപ്പുകൈ പഴഞ്ചനായപ്പോൾ കെട്ടിപ്പിടുത്തമായി നാട്ടു നടപ്പ് .അതുകുറച്ചുക്കൂടി ന്യൂജെൻ ആയപ്പോൾ ചുംബനസമരം വരെയായി .....റെസ്ടാറന്റുകളിൽ 'റോബോട്ടുക"ൾ പരിചിതമുഖങ്ങളായി .കൊറോണയുടെ വരവോടെ നാട്ടിൽ പുതിയനിയമങ്ങളും സദാചാരബോധവും വന്നു , മനുഷ്യൻ മനുഷ്യനിൽ നിന്ന് ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും ദൂരം സൂക്ഷിക്കണം അഭിവാദ്യങ്ങൾ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും വേണ്ട .ഭാരതത്തിന്റെ പാരമ്പരാഗതശൈലിയിൽ നമസ്‌തേയിൽ ഒതുക്കണമെന്ന് . ദൈവം ഉറങ്ങുന്ന അമ്പലങ്ങളിലെ ഉത്സവാഘോഷങ്ങൾ നിലച്ചു .പള്ളിയിലും മോസ്‌ക്കുകളിലും സുരക്ഷക്കായി ആചാരങ്ങളിൽ വ്യത്യാസം വന്നു .സമൂഹജീവിയായ മനുഷ്യന് ജീവ രക്ഷാർത്ഥം ഒറ്റപ്പെടേണ്ടി വന്നു. ഉൾവലിയേണ്ടി വന്നു .

ടീവിയിൽ കൊറോണയെ പ്രതിരോധിക്കാനായി കൈകൾ സോപ്പുപയോഗിച്ചു കഴുകുന്ന ഡെമോ കണ്ടുകൊണ്ടിരുന്നപ്പോൾ ഭാര്യയോട് ഞാൻ പറഞ്ഞു ;
"ഇത് പണ്ട് മുത്തശ്ശി പറഞ്ഞിരുന്നതാ .പുറമെ നിന്ന് ആര് വന്നാലും നാലുകെട്ടിനുള്ളിൽ കയറുന്നതിനു മുൻപ് കയ്യും കാലും മുഖവും നിർബന്ധമായും കഴുകണം . അതിനായി ഒരു കിണ്ടിയും വെള്ളവും എപ്പോഴും റെഡി .അത് ശീലിച്ചു പോന്നതുകൊണ്ടു ടി വി യിലെ ഡെമോ പുതുതായി തോന്നിയില്ല .

അപ്പോൾ പറഞ്ഞു വരുന്നത്, നാമെല്ലാം മുത്തശ്ശി പറഞ്ഞതുപോലെ കാര്യങ്ങൾ പരിപാലിച്ചിരുന്നുവെങ്കിൽ കൊറോണ ഇത്ര കണ്ടു ആളാവില്ലായിരുന്നുവെന്നു തോന്നുന്നു . ഇല്ല ...വൈകിയിട്ടില്ല നമുക്ക് ഇനിയെങ്കിലും സ്വയം ശക്തരാകാം അതിനുള്ള ശേഷി നമുക്കുണ്ട് .മനസ്ഥിതി ഉണ്ടാവുകയേ വേണ്ടു.....

ഇങ്ങനെയൊക്കെ ചിന്തിച്ചതുകൊണ്ടു എന്റെ പിരി ലൂസായി എന്ന് ഞാൻ കരുതണോ ?

അകത്തു നിന്നും വന്ന ഭാര്യ അവൾക്കിഷ്ട്ടപ്പെട്ട ഒരു വാട്സാപ്പ് വീഡിയോ എന്നെ കാണിച്ചു .ആ വീഡിയോയിൽ കണ്ടത് ഒരു ഗൃഹനാഥൻ തന്റെ സ്വീകരണമുറിയിലിരുന്ന ടെലിവിഷൻ സെറ്റു കുപിതനായി പുറത്തേക്കുകൊണ്ടു വന്നു നിലത്തെറിഞ്ഞു പൊട്ടിക്കുന്നതായിട്ടാണ് . കാരണം ഒരു ചാനലിൽ വരുന്ന ഷോയിൽ നിന്ന് പുളിക്കാരനു പ്രിയപ്പെട്ട ഒരു മത്സരാർത്ഥി പുറത്തായി , അത്ര തന്നെ ...

എനിക്കിപ്പോൾ പൂർണ്ണ ബോധ്യ്മായി എന്റെ ഒരുപിരിയും ലൂസായിട്ടില്ലെന്ന് . മാത്രവുമല്ല ദാസേട്ടനും സദനും 1967 ൽ പാടിയ ആ വരികൾ ഞാൻ എനിക്ക് വേണ്ടി ഒന്നു കൂടി പാടിക്കോട്ടെ ..."അരപ്പിരി ഇളകിയാതാർക്കാണ് എനിക്കല്ലാ , എനിക്കല്ല എല്ലാർക്ക്മെല്ലാർക്കും പിരിയിളക്കം ...പിരിയിളക്കം ..."

First published: March 17, 2020, 10:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading