HOME » NEWS » Film » BASIL JOSEPH OFFERS TRIBUTE TO ACHAN KUNJETTAN JUNIOR ARTISTE IN MINNAL MURALI

'മിന്നൽ മുരളി' സ്‌ക്രീനിലെത്താൻ കാത്തുനിന്നില്ല; അച്ചൻ കുഞ്ഞേട്ടൻ വിടചൊല്ലി, ആദരാഞ്ജലികളുമായി ബേസിൽ ജോസഫ്

താൻ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ കാണാൻ നിൽക്കാതെ ജൂനിയർ ആർട്ടിസ്റ്റായെത്തിയ അച്ചൻ കുഞ്ഞേട്ടൻ വിടവാങ്ങി

News18 Malayalam | news18-malayalam
Updated: June 8, 2021, 6:03 PM IST
'മിന്നൽ മുരളി' സ്‌ക്രീനിലെത്താൻ കാത്തുനിന്നില്ല; അച്ചൻ കുഞ്ഞേട്ടൻ വിടചൊല്ലി, ആദരാഞ്ജലികളുമായി ബേസിൽ ജോസഫ്
അച്ചൻ കുഞ്ഞേട്ടൻ
  • Share this:
'മിന്നൽ മുരളി' സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റായെത്തി ഒടുവിൽ ലൊക്കേഷനിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ നൽകിയ അച്ചൻ കുഞ്ഞേട്ടന് ആദരാഞ്ജലികളുമായി സംവിധായകൻ ബേസിൽ ജോസഫ്. സിനിമ റിലീസ് ചെയ്യും മുൻപേ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അദ്ദേഹത്തെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ബേസിൽ ഓർക്കുന്നു. പോസ്റ്റ് ചുവടെ.

"മിന്നൽ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛൻ കുഞ്ഞേട്ടൻ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു . വയനാട്ടിലെ ഷൂട്ടിങ്ങിനിടയിൽ ജൂനിയർ ആർട്ടിസ്‌റ് ആയി വരികയും പിന്നീട് അസാധ്യമായ നർമ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി . എന്ത് ടെൻഷൻ ഉള്ള ഷൂട്ടിനിടയിലും അച്ഛൻ കുഞ്ഞേട്ടൻ ആ വഴി പോയാൽ ബഹു കോമഡി ആണ് . അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനിൽ അദ്ദേഹം പടർത്തിയിരുന്നത് . അത് കൊണ്ടു തന്നെ മാസങ്ങൾ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരൻ ആയി മാറിയിരുന്നു അദ്ദേഹം . പട്ടിണിയും ദാരിദ്ര്യവും ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ, ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ മാത്രം ശ്രമിച്ചിരുന്ന അച്ഛൻ കുഞ്ഞേട്ടൻ , ഒടുവിൽ താൻ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാൻ കഴിയാതെ യാത്രയായതിൽ ഒരുപാട് വിഷമമുണ്ട്. എങ്കിലും അവസാന നാളുകളിൽ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും, ആ സിനിമയോടൊപ്പം പല നാടുകൾ സഞ്ചരിക്കുകയും, പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാൻ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതിൽ ആശ്വസിക്കുന്നു . ആദരാഞ്ജലികൾ."









View this post on Instagram






A post shared by Basil Joseph (@ibasiljoseph)






ഗോദ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'മിന്നൽ മുരളി'. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്.

നാടൻ സൂപ്പര്‍ ഹീറോയായാണ് സിനിമയുടെ പോസ്റ്ററിൽ ടൊവിനോയെ അവതരിപ്പിച്ചത്. സൂപ്പർമാൻ മോഡലിൽ 'മ' ചിഹ്നത്തിലുള്ള വസ്ത്രമണിഞ്ഞ് മാസ്കും ധരിച്ചാണ് പോസ്റ്ററിൽ ടൊവിനോയുള്ളത്. അവഞ്ചേഴ്സ് സീരീസിലെ സൂപ്പര്‍ ഹീറോകളെ ഓർമിപ്പിക്കുന്നതാണ് പോസ്റ്റര്‍. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സിനിമകള്‍ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് സിനിമ നിർമിക്കുന്നത്.

മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.
Published by: user_57
First published: June 8, 2021, 5:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories