Beast | 'തിരക്കഥയും സംവിധാനവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല'; ബീസ്റ്റിനെ കുറിച്ച് വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ
Beast | 'തിരക്കഥയും സംവിധാനവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല'; ബീസ്റ്റിനെ കുറിച്ച് വിജയ്‌യുടെ പിതാവ് ചന്ദ്രശേഖർ
കഴിവ് തെളിയിച്ച പുതുതലമുറയിലെ സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം ഒന്ന് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നുവെന്ന് ചന്ദ്രശേഖര്‍ പറയുന്നു.
വിജയ് (Actor Vijay) നായക വേഷത്തിൽ എത്തിയ ബീസ്റ്റിനെ (Beast) കുറിച്ചുള്ള മോശം അഭിപ്രായങ്ങൾക്ക് പ്രതികരണവുമായി വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ (S A Chandrasekhar). തങ്ങളുടെ കഴിവ് തെളിയിച്ച പുതുതലമുറയിലെ സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം ഒന്ന് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുമെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നുവെന്ന് ചന്ദ്രശേഖര്‍ പറയുന്നു. ബീസ്റ്റില്‍ തിരക്കഥയ്ക്കും സംവിധാനത്തിനും പ്രതീക്ഷിച്ച നിലവാരമില്ലായിരുന്നെനും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
'ബീസ്റ്റിലെ അറബിക് കുത്ത് ഗാനരംഗം വരെ നന്നായി ആസ്വദിച്ചു. എന്നാല്‍ അതിന് ശേഷം ചിത്രം അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയ്‍യുടെ താരപദവിയെ ആശ്രയിച്ചായിരുന്നു ചിത്രം നിലനിന്നത്. തിരക്കഥയും സംവിധാനവും വേണ്ടത്ര മികവ് പുലര്‍ത്തിയില്ല. സംവിധായകര്‍ അവരുടേതായ ശൈലിയില്‍ സിനിമയെടുത്ത് അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ബോക്‌സ് ഓഫീസില്‍ ബീസ്റ്റിന് വിജയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്‍കുന്നതായിരുന്നില്ല.' - ചന്ദ്രേശഖര്‍ പറഞ്ഞു.
നെല്‍സണ്‍ ദിലീപ്‌കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13 നായിരുന്നു പുറത്തിറങ്ങിയത്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡെ, സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.
തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു. വീരരാഘവന്‍ എന്ന മുന്‍ റോ ഏജന്‍റിന്‍റെ വേഷത്തിലാണ് വിജയ് ബീസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ സിനിമകളിലെതിന് സമാനമായ ലുക്കില്‍ തന്നെയാണ് ബീസ്റ്റിലും വിജയ് എത്തുന്നത്. ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും അവിടെ ബന്ദികളാക്കപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ നായകന്‍ വീരരാഘവന്‍ യാദൃശ്ചികമായി അകപ്പെടുന്നതും തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ അതിസാഹസികമായി നായകന്‍ മോചിപ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.