മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. നിരവധി നായികമാരുടെ ശബ്ദമായി മാറാൻ ഭാഗ്യലക്ഷ്മിയ്ക്കു കഴിഞ്ഞിട്ടുണ്ട്. മികച്ച ഒരുപിടി ഡയലോഗുകളും ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിൽ പുറത്തുവന്നിട്ടുണ്ട്. മണിച്ചിത്രത്താഴിൽ ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം നാഗവല്ലിയായി മാറുമ്പോൾ, 'വിടമാട്ടേൻ' എന്ന ഹിറ്റ് ഡയലോഗ് പറഞ്ഞതും ഭാഗ്യലക്ഷ്മി തന്നെ. ഇപ്പോഴിതാ, പൃഥ്വിരാജും നവ്യനായരും ഒരുമിച്ച് അഭിനയിച്ച നന്ദനം എന്ന സിനിമയുടെ ഡബ്ബിങിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ഭാഗ്യലക്ഷ്മി.
ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് നന്ദനം സിനിമയുടെ ഡബ്ബിങ് ജോലികൾ നടന്നുവന്നത്. ചിത്രത്തിൽ ഡബിങിന്‍റെ മേൽനോട്ടം വഹിച്ചിരുന്ന ഹരികുമാറുമായി ഉണ്ടായ ഉരസലിനെ കുറിച്ചാണ് ഭാഗ്യലക്ഷ്മി പറയുന്നത്. താനും ഹരികുമാറും നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. എന്നാൽ നന്ദനം എന്ന സിനിമയുടെ സെറ്റില്‍വെച്ച് ഹരികുമാറുമായി ഡബ്ബിങ്ങിനെ ചൊല്ലി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു. നന്ദനത്തിൽ മനു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മയുടെ വേഷത്തിലാണ് രേവതി അഭിനയിച്ചത്. സിനിമയിൽ പൃഥ്വിരാജിനെ രേവതി മനു എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. രേവതിക്കു വേണ്ടി ശബ്ദം നൽകിയ തനിക്ക് എത്ര തവണ മനു എന്ന് വിളിച്ചിട്ടും ഹരികുമാറിന് തൃപ്തി ആയില്ല.
Also Read-
'ഉറുമ്പ് കടിച്ച വേദന മാത്രം'; വാക്സിനെടുത്ത അനുഭവം പങ്കുവെച്ച് നടി ലക്ഷ്മി പ്രിയഹരികുമാർ തന്നോട് മനു എന്ന് വീണ്ടും വീണ്ടും വിളിക്കാൻ പറഞ്ഞു. കുറേ സമയം ഇതു തന്നെ തുടർന്നു ഓക്കേ ആകുന്നില്ല എന്നാണ് ഹരികുമാര്‍ പറയുന്നത്. ഏറെ നേരം ഇത് തുടർന്നപ്പോൾ തനിക്ക് ദേഷ്യം വന്നതായി ഭാഗ്യലക്ഷ്മി പറയുന്നു. ഉടനെതന്നെ തനിക്ക് ഇനി പറ്റില്ല എന്നു പറഞ്ഞുകൊണ്ട് സ്റ്റുഡിയോ വിട്ട് പുറത്തു പോകുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സ്റ്റുഡിയോ വിട്ട് ഇറങ്ങുമ്പോൾ, തിരികെ വിളിക്കാനായി ഹരികുമാർ പിന്നാലെ വന്നു. എന്നാൽ പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞതായി ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു.
മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം. പൃഥ്വിരാജ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, നവ്യ നായർ, കവിയൂർ പൊന്നമ്മ, രേവതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 2002-ൽ ആണ് പ്രദർശനത്തിനെത്തിയത്. നന്ദനത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും രഞ്ജിത്ത് ആണ്. ഭാവന സിനിമയുടെ ബാനറിൽ രഞ്ജിത്തും സിദ്ദിഖും ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ് റിലീസ് ആണ്.
ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള ഒരു തറവാടുമായി ബന്ധപ്പെട്ട കഥയാണ് നന്ദനം പറയുന്നത്. തറവാട്ടിലെ ജോലിക്കാരിയും, കൃഷ്ണ ഭക്തയുമായ ബാലാമണി (നവ്യാ നായർ) യുടെ ജീവിതമാണ് നന്ദനം എന്ന സിനിമയുടെ പ്രമേയം. തറവാട്ടിലെ ഇളമുറക്കാരനായ മനു (പൃഥിരാജ് സുകുമാരൻ) വുമായി ബാലാമണി പ്രണയത്തിലാകുകയും, തുടർന്ന് ഇരുവരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തെ ഉദ്വേഗജനകമാക്കുന്നത്. ഒടുവിൽ മനുവിന്റെയും ബാലാമണിയുടെയും വിവാഹം നടക്കുകയും ബാലാമണി തനിക്ക് പിന്തുണ നൽകിയിരുന്നത് ഗുരുവായൂരപ്പനായിരുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.