HOME » NEWS » Film » BHARATHAN GAVE THE LEAD ROLE OF KAMAL HAASAN TO NEDUMUDI VENU

Happy Birthday Nedumudi Venu| കമൽഹാസന്റെ നായക വേഷം നെടുമുടി വേണുവിന് നൽകിയ ഭരതൻ

നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്. അദ്ദേഹത്തിന്റെ 73ാം ജന്മദിനമാണ് ഇന്ന്.

News18 Malayalam | news18-malayalam
Updated: May 22, 2021, 12:50 PM IST
Happy Birthday Nedumudi Venu| കമൽഹാസന്റെ നായക വേഷം നെടുമുടി വേണുവിന് നൽകിയ ഭരതൻ
നെടുമുടി വേണു
  • Share this:
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണു. ഏതുവേഷവുമാകട്ടെ അത് 100 ശതമാനം ഉള്ളിൽത്തൊടുന്ന വിധത്തിൽ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്. അദ്ദേഹത്തിന്റെ 73ാം ജന്മദിനമാണ് ഇന്ന്.

ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. ആ കഥ ഇങ്ങനെ- മാധ്യമപ്രവർത്തനെന്ന നിലയിൽ സിനിമാ ലൊക്കേഷനിൽ പോവുന്നതും താരങ്ങളെ ഇന്റർവ്യൂ ചെയ്യുന്നതും പതിവായിരുന്നു. വിധുബാല, അടൂർഭാസി, സുകുമാരൻ, സോമൻ തുടങ്ങി ഒട്ടേറെ പേരുടെ അഭിമുഖമെടുത്തു. അങ്ങനെ ഭരതന്റെ അഭിമുഖം എടുക്കാൻ പോയതായിരുന്നു വേണു.

തന്റെ അഭിമുഖമെടുത്ത ആളോട് ഭരതന് വല്ലാത്തൊരു ഇഷ്ടം തോന്നി. വൈകുന്നേരം കാണാമെന്ന് പറയുന്നു. വൈകുന്നേരമെത്തി പാട്ടുപാടുന്നു, കൂടുന്നു. അങ്ങനെ അങ്ങനെ ആ ബന്ധം വളരെ ഉറച്ചുപോയി. പത്മരാജനാണ് അന്ന് ഭരതനോട്, കാവാലം നാരായണപണിക്കരുടെ നാടകവേദിയിലെ പ്രധാന നടനാണ് നെടുമുടി വേണുവെന്ന് പറഞ്ഞത്. താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും ആരവം എന്നാണ് പേരെന്നും ഭരതൻ വേണുവിനോട് പറഞ്ഞു. നായകനായി താൻ കണ്ടിരിക്കുന്നത് കമൽ ഹാസനെയാണെന്നും ഭരതൻ പറഞ്ഞു. എന്നിട്ട് ഇതുകൂടി പറഞ്ഞു, ഇപ്പോൾ ആലോചിക്കുന്നത് കമൽ ഹാസൻ വേണോ എന്നതാണ്. ഈ വേഷം വേണുവിന് ചെയ്തൂടേ എന്നായി ചോദ്യം. പിന്നെന്താ എന്തും ചെയ്യാമെന്നായിരുന്നു വേണുവിന്റെ മറുപടി.

Also Read- Padma teaser | അനൂപ് മേനോൻ നിർമ്മിച്ച് സുരഭി ലക്ഷ്മി നായികയാവുന്ന 'പത്മ' ടീസർ പുറത്തിറങ്ങി

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി കെ കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22നാണ് നെടുമുടി വേണു ജനിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രങ്ങളിലെ നെടുമുടിയുടെ കഥാപാത്രങ്ങൾ ശ്രദ്ധേയമായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയവൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി.

വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി.

വിടപറയും മുൻപേ, തേനും വയമ്പും, പാളങ്ങൾ, കള്ളൻ പവിത്രൻ, ആലോലം, അപ്പുണ്ണി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം.. എന്നിങ്ങനെ വ്യത്യസ്ത സിനിമകളിൽ മലയാളികളും മലയാളസിനിമയും ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. 500 ൽ അധികം സിനിമകളിൽ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്,ഒരു കഥ ഒരു നുണക്കഥ,സവിധം, തുടങ്ങി എട്ടു ചിത്രങ്ങൾക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. 2004 ൽ ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി.1981,1987,2003 എന്ന വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി. മലയാളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Published by: Rajesh V
First published: May 22, 2021, 12:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories