• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

വെള്ളപ്പൊക്കത്തെക്കാൾ 'ഭയാനകം' - റിവ്യൂ


Updated: July 25, 2018, 3:10 PM IST
വെള്ളപ്പൊക്കത്തെക്കാൾ 'ഭയാനകം' - റിവ്യൂ

Updated: July 25, 2018, 3:10 PM IST
# അജിത് നീലാഞ്ജനം

ജയരാജ് എന്ന സംവിധായകന്റെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ 'ഭയാനകം' എന്ന സിനിമ ആദ്യ ദിനം തന്നെ കണ്ടു. ഒരു മോശം അഭിപ്രായം അന്ന് തന്നെ വരുന്നത് ഭയാനകമാണ് എന്ന് തിരിച്ചറിഞ്ഞു തന്നെയാണ് കുറച്ചു ദിവസം കാത്തിരുന്നത്. ഒരൊറ്റ കിടയറ്റ സിനിമ പോലും ചെയ്യാതെ അവാർഡുകൾ വാരിക്കൂട്ടുന്ന സംവിധായകനാണ് ജയരാജ് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ചിത്രം കണ്ടത്. എന്ന് വെച്ചാൽ തരിമ്പും പ്രതീക്ഷ മനസ്സിൽ വെച്ചിരുന്നില്ല .

1939 കാലഘട്ടത്തിലാണ് സിനിമ തുടങ്ങുന്നത്. ഒന്നാം ലോകമഹായുദ്ധത്തിൽ ഇന്ത്യൻ പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചു ഒരു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട വിമുക്തഭടൻ കുട്ടനാട്ടിൽ പുതിയ പോസ്റ്റുമാനായി സേവനം തുടങ്ങുന്നിടത്ത് സിനിമയും ആരംഭിക്കുന്നു. പട്ടാളത്തിൽ സേവനം അനുഷ്ഠിക്കുന്ന രണ്ടു ആൺമക്കളുടെ അമ്മയും അതിസുന്ദരിയും ഭർതൃ പരിത്യക്തയുമായ (?) ഗൗരിക്കുഞ്ഞമ്മയോടൊപ്പം താമസിക്കുന്നതും തുടർന്നുള്ള പോസ്റ്റുമാന്റെ കുട്ടനാടൻ അനുഭവങ്ങളുമാണ് ഇതിവൃത്തം.
Loading...

പട്ടാളക്കാരുടെ വീട്ടിലേക്കു മണിഓർഡറുമായി ചെല്ലുന്ന പോസ്റ്റുമാന് കിട്ടുന്ന സ്വീകരണവും രണ്ടാംലോക മഹായുദ്ധം തുടങ്ങുമ്പോൾ മണി ഓർഡർ മരണ അറിയിപ്പായ കമ്പി ആയി മാറുമ്പോൾ എല്ലാരും അയാളെ വെറുക്കുന്നതുമാണ് സിനിമയുടെ രണ്ടു പകുതികൾ. ഇതിനിടയിൽ കുഞ്ഞമ്മയുടെ രണ്ടു മക്കളും മരണപ്പെട്ട വിവരത്തിനുവന്ന കമ്പി പോസ്റ്റുമാൻ കായലിൽ ഒഴുക്കുന്നു.

ഒറ്റാൽ എന്ന ചിത്രം കണ്ടവർക്ക് ഈ ചിത്രത്തിലെ ഛായാഗ്രഹണത്തെ വാഴ്ത്താനാവില്ല. അതെ പശ്ചാത്തലം ആണിതിലും ആവർത്തിച്ചിരിക്കുന്നത്. കാമറ പുതുതായൊന്നും കണ്ടെത്തിയിട്ടില്ല. കുഞ്ഞമ്മയും പോസ്റ്റുമാനും ഭക്ഷണം കഴിക്കാനിരിക്കുന്നതു പോലെയുള്ള ഇൻഡോറിലൊക്കെ ഉരൽ, കാൽപ്പെട്ടി, ചിമ്മിനി വിളക്ക്, മൺകലം എന്നിവ കൊണ്ട് ഫ്രെയിം നിറച്ചിരിക്കുന്നത് സ്റ്റേജ് നാടകങ്ങളെ ഓർമിപ്പിക്കുന്നു. കുഞ്ഞമ്മയുടെ വീടും നാട്ടിലെ പനമ്പ് പുരകളും പുൽ മാടങ്ങളും വയലിലെ എട്ടുകാലിവലയുമൊക്കെ കലാസംവിധാനത്തിലെ അപാകതയ്ക്കു കൃത്യമായ ഉദാഹരണങ്ങളാണ്. കുഞ്ഞമ്മയുടെ വീട്ടു മുറ്റത്ത് നിൽക്കുന്ന പവിഴ മല്ലി മരം പോലും മണ്ണിലാണ് പൂവിടുന്നതെന്നു തോന്നി. അതിന്റെ ശിഖരങ്ങളിൽ ഒരു പൂവ് പോലുമില്ലെന്ന് മാത്രമല്ല അതൊരു ശീമക്കൊന്ന മരമാണെന്ന് പെട്ടെന്ന് മനസിലാക്കാനാകും.

അതിവൈകാരികത കൊണ്ട് ആശാ ശരത് കുഞ്ഞമ്മയെ കൊന്നൊടുക്കിയപ്പോൾ രഞ്ജി പണിക്കർക്ക് പോസ്റ്റുമാനെ നന്നായി അവതരിപ്പിക്കാനായി. കർഷകരായ ചെറുമരും ക്രിസ്ത്യാനികളും അടങ്ങുന്ന കുറെ കഥാപാത്രങ്ങൾ വേറെയുമുണ്ട്. മിക്കവാറും സ്ത്രീ കഥാപാത്രങ്ങളൊക്കെ തന്നെ വേഷവിധാനമൊഴികെയുള്ള ചമയങ്ങൾ വെച്ച് കാണുമ്പോൾ ബ്യൂട്ടി കോണ്ടെസ്റ്റ് റാംപിൽ നിന്ന് ഇറങ്ങി വന്നത് പോലെ തോന്നിച്ചു. ആശാ ശരത് അടക്കം പുരികം ഷേപ്പ് ചെയ്തു വൻ ചമയങ്ങളാണ് അണിഞ്ഞിട്ടുള്ളത്.

ഒരു സംശയത്തിന്റെ പേരിൽ ഒന്നോടിച്ചു പരിശോധിച്ചപ്പോൾ പോസ്റ്റുമോൻ എന്ന പേര് നിലവിൽ വന്നത് 1951നു ശേഷം ആണെന്ന് അറിയുകയുണ്ടായി. ചിത്രത്തിൽ ഉടനീളം എല്ലാരും അഞ്ചൽ ശിപായിയെ പോസ്റ്റുമോൻ എന്നാണു വിളിക്കുന്നത്. അഞ്ചൽ ശിപായി എന്നൊരു പ്രയോഗമോ, അഞ്ചലോട്ടക്കാരന്റെ കിലുക്കുന്ന വടിയോ ചിത്രത്തിലില്ല. കോട്ടും കാൾസറായിയും തൊപ്പിയുമുള്ള പോസ്റ്റുമോനാണ് ചിത്രത്തിൽ ഉടനീളമുള്ളത്. മാത്രമല്ല നാട്ടിലെ കൃഷിപ്പണിക്കാരൊക്കെ പോസ്റ്റുമാൻ എന്നാണു ആ ഉദ്യോഗസ്ഥനെ വിളിക്കുന്നത് എന്നതും അവിശ്വസനീയമായി തോന്നി.

കുഞ്ഞമ്മയുടെ മക്കൾ രണ്ടും മരിച്ചു പോയി എന്നറിയാവുന്ന ഒരേയൊരാൾ പോസ്റ്റുമാനാണ്. ആ വിവരമറിയാത്ത കുഞ്ഞമ്മ മകന്റെ പിറന്നാളിന് ക്ഷേത്രത്തിൽ പോയി പാൽപ്പായസം നേദിച്ചു കൊണ്ട് വരികയും പോസ്റ്റ് മാന് കൊടുക്കാൻ ശ്രമിക്കുമ്പോൾ അയാൾ അത് സങ്കടത്തോടെ നിരസിക്കുന്നതും അടക്കം വർഷങ്ങളായി മലയാള സിനിമ കാഴ്ചവെച്ചു പോരുന്ന മെലോഡ്രാമ മൊത്തത്തിൽ ഈ ചിത്രത്തിൽ ആവിഷ്കരിക്കുന്നുണ്ട് സംവിധായകൻ.

കളർ ടോൺ മാറ്റിയും പശ്ചാത്തല സംഗീതം മാറി മാറിയിട്ടുമൊക്കെ കിണഞ്ഞു ശ്രമിച്ചിട്ടും പ്രേക്ഷകനിൽ യാതൊരു വികാരവും ഉണർത്താൻ സംവിധായകനാകുന്നില്ല. വൈകാരികമായ പല രംഗങ്ങളിലും പൊട്ടിച്ചിരി അമർത്തേണ്ടതായിവന്നു. പോസ്റ്റുമാനും കുട്ടികളുമായുള്ള സംഭാഷണമൊക്കെ നമ്മളെ ചിരിപ്പിച്ചു കൊല്ലും. ബൂസ്റ്റും ഹോർലിക്ക്‌സും ജങ്ക് ഫുഡും വാരിത്തിന്നു കൊഴുത്ത വെളുത്ത് തുടുത്ത പിള്ളേരെയാണ് കുട്ടനാട്ടിൽ കാണാനാകുന്നത് .
ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരായി അഭിനയിപ്പിച്ചിരിക്കുന്നത് ബോളിവുഡ് മോഡൽസിനെയാണെന്ന് പെട്ടെന്ന് തിരിച്ചറിയാം. പുതിയ തലമുറയിലെ പ്രഗത്ഭരായ പിള്ളേർ ഈ വിഷയം കിട്ടിയിരുന്നെകിൽ മനോഹരമായ ഒരു ഷോർട് ഫിലിം ചെയ്യുമായിരുന്നു.

ഇങ്ങനെയൊക്കെ ചെയ്തിട്ടും അവാർഡ് കിട്ടിയല്ലോ പിന്നെന്താ എന്നായിരിക്കും ജയരാജിപ്പോൾ വിചാരിക്കുന്നത്. ഇങ്ങനെയൊക്കെ അവാർഡ് വാങ്ങിയിട്ട് എന്തിനാണ് എന്റെ ജയരാജേ ? നല്ല സിനിമാ പ്രേക്ഷകർ എവിടെയെങ്കിലും നിങ്ങളുടെ ഒരു സിനിമയുടെ പേരോ നിങ്ങളെയോ കോട്ട് ചെയ്തതായി അറിയുന്നുണ്ടോ ? നാടൊട്ടുക്കുള്ള ഫിലിം സൊസൈറ്റികളിൽ ഏതെങ്കിലുമൊന്ന് നിങ്ങളുടെ സിനിമകൾ പ്രദർശനത്തിന് തിരഞ്ഞെടുക്കുന്നുണ്ടോ ?
ശരിക്കും ആർക്കും സ്വാധീനിക്കാൻ ആകാത്ത അവാർഡ് കമ്മിറ്റികൾ ഗൗരവമായി സിനിമയെ കാണുന്ന പ്രേക്ഷകരാണ്. താങ്കൾ ഒട്ടും അമാന്തിക്കാതെ സുദേവനോ ലിജോ ജോസോ ദിലീഷ് പോത്തനോ പോലുള്ള ഡയറക്ടർമാരുടെ ശിക്ഷണത്തിൽ കുറച്ചു നാളെങ്കിലും പ്രവർത്തിപരിചയം നേടേണ്ടതാണ് .
ഇനിയും വൈകരുത്.

സിനിമകാണാൻ പോയതുമായി ബന്ധപ്പെട്ട വലിയൊരു തമാശ കൂടിയുണ്ട്. വിഷയം ലോക മഹായുദ്ധമാണെന്നും ദേശീയ അവാർഡ് നേടിയ സിനിമയാണെന്നും അറിഞ്ഞു കൊണ്ടാകാം, മേജർ രവിയും ചെറിയ പരിവാരവും സിനിമ കാണാൻ എത്തിയിരുന്നു. ആകെയുണ്ടായിരുന്ന ഇരുപതിൽ താഴെ വരുന്ന പ്രേക്ഷകരിൽ പകുതിയിൽ താഴെ ഇടവേളയ്ക്കു ശേഷം ആ വഴി വന്നില്ല. സിനിമ കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന് വന്ന വലിയൊരു കയ്യടി നടുക്കി. പട്ടാളത്തിന്റെ സന്തോഷ പ്രകടനമായിരുന്നു.

(അഭിപ്രായം വ്യക്തിപരം)

 
First published: July 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍