• HOME
 • »
 • NEWS
 • »
 • film
 • »
 • IFFK കാണാത്ത സിനിമാക്കാരന്‍

IFFK കാണാത്ത സിനിമാക്കാരന്‍

 • Last Updated :
 • Share this:
  ബിപിന്‍ ചന്ദ്രന്‍ (എഴുത്തുകാരന്‍, തിരക്കഥാകൃത്ത്)

  പണ്ട് നന്ദനം സിനിമ കണ്ടിട്ടൊരു കൂട്ടുകാരന്‍ വന്ന് ചുരുങ്ങിയ വാക്കുകളില്‍ അതിന്റെ കഥ പറഞ്ഞു. ഗുരുവായൂര്‍ താമസിക്കുന്ന പെണ്‍കൊച്ചിന് ഗുരുവായൂരപ്പനെ കാണാന്‍ കഴിയുന്നില്ലെന്നു പറയുന്ന സിനിമയില്‍ ഇച്ചിരി സാമാന്യബുദ്ധിയ്ക്കു നിരക്കായ്കയില്ലേ എന്നൊരു സംശയം ആ പറച്ചില്‍ കേട്ടപ്പോള്‍ തോന്നിയിരുന്നു. എന്നാല്‍ സിനിമ കണ്ടപ്പോള്‍ കഥ കണ്‍വിന്‍സിങ്ങാക്കാന്‍ സംവിധായകന്‍ കാണിച്ച കൈയ്യടക്കം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നന്ദനത്തിന്റെ കഥ ഒറ്റവരിയിലൊതുക്കാന്‍ യേശുദാസിന്റെ ഒരു വരി പാടിയാല്‍ മതിയാകും. 'ഗുരുവായൂരമ്പല നടയില്‍ ഒരുദിവസം ഞാന്‍ പോകും'.മലയാള സിനിമാ പ്രേമികളുടെ ശബരിമലയോ ഗുരുവായൂരോ ഒക്കെയാണല്ലോ IFFK. കൊല്ലങ്ങളായിട്ടാ കലാപരിപാടി കലകലക്കനായി നടന്നു വരുന്നുണ്ട്.

  മണ്ഡലകാലത്തെ അയ്യപ്പന്‍മാരെ പോലെ തലസ്ഥാന നഗരിയിലെ വാടകമുറികളില്‍ ഫിലിം ഫെസ്റ്റിവലിന്റെ സമയത്ത് കൃത്യമായി വിരിവെയ്ക്കുന്ന എത്രയോ സുഹൃത്തുക്കളെനിക്കുണ്ടെന്നോ. തിരുവനന്തപുരത്തു നിന്ന് കൊച്ചിയില്‍ വന്ന കാലത്തേ തിരക്കാഴ്ചകളില്‍ തലയും കുത്തി വീണതുകൊണ്ടാണ് രാഷ്ട്രീയക്കാരനായി തീര്‍ന്നേക്കാമായിരുന്ന ആഷിഖ് അബു സിനിമാക്കാരനായി മാറിയത്. അമ്പലങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ പോകാറുള്ള ആളാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ആരാധനാലയങ്ങളുടെ റോള്‍ കൈകാര്യം ചെയ്യുന്നത് സിനിമാശാലകളാണ്. മനുഷ്യര്‍ കണ്ടാസ്വദിക്കുന്ന ചിത്രങ്ങളെയൊക്കെ പുച്ഛിച്ച് ഫെസ്റ്റിവല്‍ പടങ്ങള്‍ മാത്രമേ കാണൂ എന്ന് കട്ടായം പിടിക്കുന്ന കൊടും ബുദ്ധിജീവികളെ പേടിയാണെനിക്ക്. എന്നാല്‍ ചലച്ചിത്ര മേളയെന്നു കേട്ടാല്‍ ഛര്‍ദ്ദി വരുന്ന സിനിമാക്കാരുടെ കൂട്ടത്തില്‍ പെട്ട ആളുമല്ല ഞാന്‍. ചലച്ചിത്ര മേളകള്‍ക്ക് വലിയൊരു സാംസ്‌ക്കാരിക ധര്‍മ്മവും ചരിത്രദൗത്യവും നിര്‍വ്വഹിക്കാനുണ്ടെന്ന് ഉറച്ചു തന്നെ വിശ്വസിക്കുന്നുണ്ട്. പക്ഷെ ഇന്നു വരെ എനിക്ക് IFFKയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ തിരക്കഥയുംസംഭാഷണവും നിര്‍വ്വഹിച്ച 1983 ഒരിക്കല്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. അന്നു പോലും പോകാന്‍ പറ്റിയില്ല.

  അത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് കണ്‍വിന്‍സിങ്ങായ ഒരു മറുപടിയില്ല എന്റെ കൈയ്യില്‍. തിരക്ക്, അസൗകര്യങ്ങള്‍, അസുഖങ്ങള്‍, ജോലിഭാരം, കുടുംബപ്രാരാബ്ദങ്ങള്‍ ഇങ്ങനെ സമയക്കുറവിന്റെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ വേണമെങ്കില്‍ നൂറായിരം നിരത്താം. അനന്തമായ സമയം ഒരു മനുഷ്യന്റെയും ഖജനാവിലില്ലല്ലോ. ചലച്ചിത്ര മേളയ്ക്കു വരുന്നവരെല്ലാം എന്നെപ്പോലുള്ള മനുഷ്യര്‍ തന്നെയാണല്ലോ. അപ്പോള്‍ അതൊന്നുമല്ല കാരണം. പിന്നെന്താണ് പ്രശ്‌നമെന്നു ചോദിച്ചാല്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള കൃത്യമായ മറുപടികള്‍ എല്ലായ്‌പ്പോഴും എല്ലാ മനുഷ്യരുടെയും പക്കല്‍ കാണണമെന്നില്ല എന്നതാണതിന്റെ മറുപടി. ഫെസ്റ്റിവല്‍ സ്വാമിമാരായ പല ചങ്ങാതിമാരും ചിത്രവിശേഷങ്ങള്‍ പറഞ്ഞെന്നെ കൊതിപ്പിക്കാറുണ്ട്. അവര്‍ കൊണ്ടുവരുന്ന പ്രസാദമായ ഫെസ്റ്റിവല്‍ ബുക്കിലൂടെ കണ്ണോടിച്ച് തൃപ്തിപ്പെടാന്‍ മാത്രമാണ് ഇതുവരെ കഴിഞ്ഞിട്ടുള്ളത്. 'സിനിമയുടെ പേരില്‍ ഇത്രയും വലിയൊരു മാമാങ്കം നടക്കുമ്പോള്‍ സിനിമാ തൊഴിലാളികളായ നമ്മളൊക്കെ അതില്‍ നിന്നു മാറി നില്‍ക്കുന്നത് മോശമല്ലേടാ', എന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ചോദിച്ചത് മനസില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. എന്തായാലും യേശുദാസിന്റെ പാട്ടിലെ വാക്കുകള്‍ മാറ്റിക്കൊണ്ട് ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ. 'അനന്തപുരം ഫെസ്റ്റിവല്‍ സിനിമകള്‍ ഒരു വര്‍ഷം ഞാന്‍ കാണും'.
  First published: