• HOME
  • »
  • NEWS
  • »
  • film
  • »
  • BIRTH ANNIVERSARY OF ODUVIL UNNIKRISHNAN IS TODAY

Oduvil Unnikrishnan | ഇന്ന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ജന്മവാർഷികം; മലയാളി മറക്കാത്ത അഞ്ച് കഥാപാത്രങ്ങൾ ഇതാ

Birth Anniversary of Oduvil Unnikrishnan is today | ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശ്രദ്ധേയമായ അഞ്ച് ജനപ്രിയ കഥാപാത്രങ്ങൾ

ഒടുവിൽ ഉണ്ണികൃഷ്ണൻ

ഒടുവിൽ ഉണ്ണികൃഷ്ണൻ

  • Share this:
    ഇന്ന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ജന്മവാർഷിക ദിനമാണ്. വടക്കാഞ്ചേരി സ്വദേശിയായ ഒടുവിൽ ഉണ്ണികൃഷ്ണൻ ജനിച്ചത് 1943 ഫെബ്രുവരി മാസം 13നായിരുന്നു. മലയാള സിനിമയിൽ സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ വഴങ്ങിയിരുന്ന ഒടുവിൽ അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും ഓരോ ശൈലിയുണ്ടായിരുന്നു. അദ്ദേഹം വിട വാങ്ങിയിട്ട് 15 വർഷങ്ങൾ അടുക്കുമ്പോൾ ഇന്നും 'ഒടുവിൽ കഥാപാത്രങ്ങൾ' പ്രേക്ഷക മനസ്സിൽ താങ്ങി നിൽക്കുന്നു. ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശ്രദ്ധേയമായ അഞ്ച് ജനപ്രിയ കഥാപാത്രങ്ങൾ ഇതാ.

    യോദ്ധ: 1992ൽ പുറത്തിറങ്ങിയ സിനിമയിൽ ജഗതി ശ്രീകുമാറിന്റെ അച്ഛൻ വേഷമായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണന്റേത്. നീളൻ വേഷമല്ലായിരുന്നു എങ്കിലും അപ്പുക്കുട്ടന്റെ അച്ഛൻ ഗോപാല മേനോൻ എന്ന സാധാരണക്കാരനായ അച്ഛൻ വേഷം നർമ്മം പറയാതെ തന്നെ നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ചിരുന്നു. ഈ സിനിമയിലെ 'അശോകന് ക്ഷീണമാവാം' രംഗം, 'വസുമതീ, ദേ വരുന്നു നിന്റെ മോൻ' തുടങ്ങിയ ഡയലോഗുകൾക്ക് യുവതലമുറയിലും കടുത്ത ആരാധകരുണ്ട്. മോഹൻലാൽ നായകനായ ചിത്രം സംവിധാനം ചെയ്തത് സംഗീത് ശിവനാണ്.



    ആറാം തമ്പുരാൻ: ആക്ഷൻ ചിത്രത്തിൽ ശുദ്ധനായ ഒരു തമ്പുരാന്റെ വേഷം ചെയ്ത് ഒടുവിൽ ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെ കഥാപാത്രം വേറിട്ടതാക്കി. മഞ്ജു വാര്യർ കഥാപാത്രമായ ഉണ്ണിമായയുടെ വളർത്തച്ഛനായ കൃഷ്ണ വർമ്മ തമ്പുരാൻ എന്ന റോൾ ആയിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. ഒരു പഴയ കോവിലകത്തിന്റെ ശേഷിപ്പുകളായ മനുഷ്യരുടെ നേർചിത്രമായിരുന്നു കൃഷ്ണ വർമ്മ തമ്പുരാൻ. 1997ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രത്തിലെ നായകൻ മോഹൻലാലാണ്.

    മാട്ടുപ്പെട്ടി മച്ചാൻ: ധനികരും മണ്ടന്മാരുമായ രണ്ടു കശുവണ്ടി ഫാക്ടറി മുതലാളിമാരുടെ വേഷം ഭദ്രമായി കൈകാര്യം ചെയ്തവരാണ് ഒടുവിൽ ഉണ്ണികൃഷ്ണനും ജഗതി ശ്രീകുമാറും. പ്രഭാകര പ്രഭുവും കുമാർ കുബേരയുമായി ഇവർ സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. തെക്കൻ കേരളത്തിന്റെ ചുവയുള്ള മലയാള ഭാഷയുമായാണ് ഇതിൽ ഒടുവിലിന്റെ പ്രഭാകര പ്രഭു സ്കോർ ചെയ്തത്. ഇവിടെയും തമാശ എന്ന രീതിയിൽ പറയാതെ ഭാഷ കൈകാര്യം ചെയ്തുകൊണ്ടാണ് അദ്ദേഹം എക്കാലത്തെയും മികച്ച ക്ലാസിക് മലയാളം കോമഡി ചിത്രമായ 'മാട്ടുപ്പെട്ടി മച്ചാനിൽ' നിറഞ്ഞാടിയത്. ജോസ് തോമസ് സംവിധാനം ചെയ്ത സിനിമയിൽ യുവനായകന്മാർ ആയിരുന്നത് മുകേഷും ബൈജുവുമാണ്.



    ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം: മക്കളും മരുമക്കളും ഒരു സിനിമാ നടി നാട്ടിൽ വന്ന് അവരുടെ പിന്നാലെ സിനിമയും ആഡംബര ജീവിതവും തേടിപ്പായുമ്പോൾ ഇരുത്തം വന്ന ഹിന്ദി അധ്യാപകനായ കാരണവരുടെ വേഷത്തിലെത്തിയ ഒടുവിൽ ഉണ്ണികൃഷ്ണനെ മറക്കാനാവുമോ? രാജസേനൻ ചിത്രത്തിൽ ഒരു വ്യത്യസ്ത പാതയാണ് ഒടുവിൽ ഉണ്ണികൃഷ്ണന് വേണ്ടി ഒരുങ്ങിയത്. മുൻഷി പരമേശ്വര പിള്ള എന്ന അധ്യാപകന്റെ ആ വേഷം മറക്കാനാവാത്ത ഒരു കഥാപാത്രമാണ്

    സി.ഐ.ഡി. മൂസ: മകൻ സഹദേവന്റെ പോലീസ്/ ഡിറ്റക്റ്റീവ് സ്വപ്നങ്ങളിൽ ഒപ്പം നിൽക്കുന്ന മൂലംകുഴിയിൽ പ്രഭാകരൻ എന്ന പോലീസ് കോൺസ്റ്റബിൾ ഈ സിനിമയുടെ നട്ടെല്ലായി മാറിയ കഥാപാത്രങ്ങളിൽ ഒരാളായിരുന്നു. സന്ദർഭോചിതമായ കൗണ്ടറുകൾ കൊണ്ടായിരുന്നു ഒടുവിൽ ഈ സിനിമയിൽ തന്റെ കഥാപാത്രത്തിന് മിഴിവേകിയത്. ദിലീപ് നായകനായ ജോണി ആന്റണി ചിത്രമാണ് സി.ഐ.ഡി. മൂസ.
    Published by:user_57
    First published:
    )}