ഷാരൂഖ് ഖാനും ദീപിക പദുക്കോണും നായികാ നായകൻമാരായ ‘പത്താൻ’ എന്ന ബോളിവുഡ് ചിത്രം റിലീസിനു മുൻപേ വിവാദങ്ങളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ സിനിമയെക്കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ബിജെപി നേതാക്കളോട് മോദി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുക.
ജനുവരി 16, 17 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിൽ വച്ചാണ് പ്രധാനമന്ത്രി ഈ നിർദേശം മുന്നോട്ടു വെച്ചത്. ചില പാർട്ടി പ്രവർത്തകർ ചില സിനിമകളെക്കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടതായി പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പത്താനിലെ ‘ബേഷാരം രംഗ്’ എന്ന ഗാനരംഗത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഹിന്ദു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. പാട്ടിൽ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ കാവിയും പച്ചയും നിറങ്ങളാണുള്ളതെന്നും ഇത് ഉപയോഗിച്ചിരക്കുന്ന രീതി പ്രതിഷേധാർഹമാണെന്നും മിശ്ര പറഞ്ഞിരുന്നു. പത്താന് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകളും രംഗത്ത് എത്തിയിരുന്നു. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചു എന്നായിരുന്നു ഇവരുടെ ആരോപണം.
ബീഹാറിലെ ബി.ജെ.പി നേതാവ് ഹരിഭൂഷൺ താക്കൂർ ബചൗൾ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ”രാജ്യത്തിന്റെ സംസ്കാരത്തെ വ്രണപ്പെടുത്താൻ നടത്തിയ വൃത്തികെട്ട ശ്രമമാണിത്. കാവി നിറം ‘സനാതന’ സംസ്കാരത്തിന്റെ പ്രതീകമാണ്”, എന്നും ബച്ചൗൾ പറഞ്ഞിരുന്നു.
ഏതെങ്കിലും പ്രത്യേക നിറത്തിന്റെ കുത്തകാവകാശം ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വന്തമല്ലെന്നും ബിജെപി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ആയിരുന്നു വിവാദങ്ങളോട് ബീഹാറിലെ ജെഡിയു നേതാവ് ഉപേന്ദ്ര കുശ്വാഹയുടെ പ്രതികരണം.
ഹിന്ദുത്വത്തെ അവഹേളിക്കുന്ന ഒരു സിനിമയും സീരിയലും സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് മഹാരാഷ്ട്ര ബിജെപി നേതാവ് രാം കദവും പറഞ്ഞിരുന്നു. ഹിന്ദുത്വ ആശയങ്ങൾ പിന്തുടരുന്ന ബിജെപി സർക്കാർ ആണ് മഹാരാഷ്ട്ര ഭരിക്കുന്നത് എന്നും ഹിന്ദുത്വ വികാരങ്ങളെ അവഹേളിക്കുന്ന സിനിമയോ സീരിയലോ സംസ്ഥാനത്ത് പ്രദർശിപ്പിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും രാം കദം കൂട്ടിച്ചേർത്തു.
യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്ത് ‘പത്താൻ’ നിരോധിക്കണമെന്നും സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഉത്തർപ്രദേശിലെ ബിജെപി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. പത്താന്റെ പ്രദർശനം തടയണമെന്നും ‘ബേഷാരം രംഗ്’ എന്ന ഗാനത്തിന്റെ പേരിൽ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ ക്രിമിനൽ നടപടി എടുക്കണമെന്നും ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു വലതുപക്ഷ സംഘടനയും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഗാന രംഗത്തിലൂടെ, സിനിമയുടെ അണിയറ പ്രവർത്തകർ ഹൈന്ദവ സമൂഹം വിശുദ്ധമായ കരുതുന്ന കാവി നിറത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും അവർ ആരോപിച്ചിരുന്നു.
യോഗത്തിൽ പ്രധാനമന്ത്രി സൂഫിസത്തെ കുറിച്ചും ധാരാളം സംസാരിച്ചെന്നും പാർട്ടി അംഗങ്ങൾ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.