ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിന്റെ ഏറ്റവും പുതിയ ആല്‍ബം 'പ്രൂഫ്' ഇന്ന് (ജൂണ്‍ 10) റിലീസ് ചെയ്യും. ബുള്ളറ്റ് പ്രൂഫ് ബോയ്സ് (BTS) എന്ന മ്യൂസിക് ബാന്‍ഡില്‍ ഏഴ് പേരാണുള്ളത്. ആര്‍എം, ജിന്‍, സുഗ, ജെ-ഹോപ്പ്, ജി-മിന്, വി, ജങ്ക്കൂക്ക് എന്നിവരടങ്ങുന്നതാണ് ബാൻഡ്. ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്.
റിലീസ് തീയതി (Release date)
ബാന്‍ഡിന്റെ ഏറ്റവും പുതിയ ആല്‍ബമാണ് ഇന്ന് ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നത്. ഉച്ചയ്ക്ക് 1 മണിയ്ക്കാണ് ആല്‍ബം റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ആല്‍ബം ലഭ്യമാകും.
സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്, ആമസോണ്‍ പ്ലേ തുടങ്ങിയ എല്ലാ പ്രധാന ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ആല്‍ബം സ്ട്രീം ചെയ്യും. ആല്‍ബം പ്രൊമോഷന്റെ ഭാഗമായി ബിടിഎസ് സ്പോട്ടിഫൈയുമായി സഹകരിച്ചിട്ടുണ്ട്.
പ്രൂഫില്‍ ഉള്‍പ്പെടുന്ന ട്രാക്ക് ലിസ്റ്റും ബിടിഎസ് കഴിഞ്ഞ മാസം പങ്കുവെച്ചിരുന്നു. ആല്‍ബത്തില്‍ ബിടിഎസിന്റെ ചരിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നും ബാന്‍ഡിന്റെ മാനേജ്മെന്റ് ഗ്രൂപ്പായ ബിഗ്ഹിറ്റ് മ്യൂസിക് പറഞ്ഞിരുന്നു. ബില്‍ബോര്‍ഡിന് നല്കിയ പ്രസ്താവനയിലാണ് ബിഗ്ഹിറ്റ് മ്യൂസിക് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ബാന്‍ഡിന്റെ ശ്രമങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയായിരിക്കും പുതിയ ആല്‍ബം.
''ബാന്‍ഡിന്റെ ഭൂതകാലം, വര്‍ത്തമാനം, ഭാവി എന്നിവയെക്കുറിച്ച് അംഗങ്ങളുടെ ചിന്തകളും ആശയങ്ങളും പ്രതിഫലിപ്പിക്കുന്ന മൂന്ന് പുതിയ ട്രാക്കുകള്‍ ഉള്‍പ്പെടെ നിരവധി വ്യത്യസ്ത ട്രാക്കുകള്‍ ആൽബത്തിൽ ഉള്‍പ്പെടുന്നുണ്ട്,'' പ്രസ്താവനയില്‍ പറയുന്നു.
മ്യൂസിക് വീഡിയോ (Music video)
''yet To Come (The Most Beautiful Moment) എന്ന മ്യൂസിക് വീഡിയോയുടെ നേരത്തെ പുറത്തുവിട്ട ടീസറുകള്‍ ആരാധകരെ ആകാംഷാഭരിതരാക്കിയിട്ടുണ്ട്. ജൂണ്‍ 13ന് ബാന്‍ഡിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ പോപ്പ് ബാന്‍ഡ് പ്രൂഫിന്റെ ലൈവ് നടത്തും.
അതേസമയം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഐ.എഫ്.പി.ഐ പട്ടികയില്‍ ബിടിഎസ് ഒന്നാം സ്ഥാനത്തെത്തി. കനേഡിയന്‍ ഗായകന് ഡ്രേക്ക്, ഇംഗ്ലണ്ടിലെ അഡെല്‍ തുടങ്ങിയ പ്രശസ്തരെ പിന്തള്ളിയാണ് ബിടിഎസ് പട്ടികയില്‍ ഒന്നാമതെത്തിയത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെയാണ് ബാന്‍ഡ് നേടിയെടുത്തത്.
ഇന്ന് ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നരായ ഈ ചെറുപ്പക്കാര്‍ പക്ഷേ, ഏറെ കഷ്ടപ്പെട്ടാണ് ലോകം മുഴുവന്‍ തങ്ങളുടെ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ആരാധകരെ സൃഷ്ടിച്ചതും വിജയം നേടിയതും. 2010 ല്‍ ബാന്‍ഡ് രൂപീകരിക്കുമ്പോള്‍ ഒറ്റമുറി ഫ്ളാറ്റില്‍ കഷ്ടപ്പാടുകൾക്ക് നടുവിലായിരുന്നു ഈ ഏഴ് പേരും ഒന്നിച്ച് താമസിച്ചത്. ഇന്ന് ഓരോരുത്തര്‍ക്കും ദക്ഷിണ കൊറിയയിലെ സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്ത് സ്വന്തമായി ആഢംബര വീടുകളുണ്ട്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.