രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ (Helicopter crash) അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് (Bipin Rawat) അനുശോചനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍. പ്രഗത്ഭനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
'അസാമാന്യ കഴിവുകളുള്ള പ്രഗത്ഭനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് രാജ്യത്തിന് നഷ്ടമായത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടേും അകാല വിയോഗത്തില്‍ അതീവ ദുഃഖമുണ്ട്. ബിപിന്‍ റാവത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ കൂട്ടായിരുന്നു. ഈ മഹാനായ സൈനികന്റേയും ഭാര്യയുടേയും മറ്റ് സൈനികരുടേയും വേര്‍പാടില്‍ ഞാനും കുടുംബവും അനുശോചനം രേഖപ്പെടുത്തുന്നു. ജീവന്‍ പൊലിഞ്ഞ എല്ലാ സൈനികരുടേയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു', മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് 11 സൈനിക ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പടെ 13 പേരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന വ്യക്തമാക്കി. സൈനിക ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തിൽ മരിച്ചു. ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് ഇപ്പോൾ ജീവനോടെയുള്ളത്. അദ്ദേഹം വെല്ലിങ്ടണിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്.
സുലൂരിലെ സൈനിക താവളത്തിൽ നിന്ന് മി-സീരീസ് ഹെലികോപ്റ്റർ പറന്നുയർന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകർന്നു വീണത്. സംഭവം സ്ഥിരീകരിച്ച് ഇന്ത്യൻ എയർഫോഴ്‌സ് ഇങ്ങനെ ട്വീറ്റ് ചെയ്തു: “സിഡിഎസ് ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഐഎഎഫ് എംഐ-17വി5 ഹെലികോപ്റ്റർ ഇന്ന് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം അപകടത്തിൽപ്പെട്ടത്. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിസഭ യോഗം ചേർന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.