ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്റെയും കല്യാണി പ്രിയദര്‍ശന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
ചിത്രത്തില്‍ ഐഷ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. കുഞ്ഞാലിയായി പ്രണവ് എത്തുന്നു.മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ
ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്ശന് ചിത്രം ഇതിനോടകം ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
തിയേറ്റര്‍ റിലീസിനായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചില നിബന്ധനകള്‍ മുന്നോട്ടു വച്ചെങ്കിലും, ഉടമകള്‍ തയാറാവാത്തതിനാല്‍ ഒടുവില്‍ ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യും എന്ന നിലയിലെത്തിയിരുന്നു. എന്നാല്‍ മന്ത്രി സജി ചെറിയാന് നടത്തിയ ചര്‍ച്ചകളുടെ ഫലമായി ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു.
ഉപാധികള്‍ ഇല്ലാതെയാണ് റിലീസ് എന്ന് മന്ത്രി സജി ചെറിയാന് വ്യക്തമാക്കി. സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമായ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബര്‍ രണ്ടിന് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.
രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റോണി റാഫേലാണ് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന് നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്, കസു നെഡ. ചമയം പട്ടണം റഷീദ്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.