• HOME
 • »
 • NEWS
 • »
 • film
 • »
 • Republic Day | സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരവുമായി നടൻ ചേതൻ ചീനു; 12 വ്യക്തിത്വങ്ങളായി ഫോട്ടോഷൂട്ട്

Republic Day | സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരവുമായി നടൻ ചേതൻ ചീനു; 12 വ്യക്തിത്വങ്ങളായി ഫോട്ടോഷൂട്ട്

കേരളത്തിൽ നിന്നും വേലുത്തമ്പി ദളവയെയാണ് ചേതൻ അവതരിപ്പിച്ചത്

ചേതൻ ചീനു

ചേതൻ ചീനു

 • Share this:
  ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള ആദരസൂചകമായി, തമിഴിൽ 'കരുങ്കാലി', 'നാൻ സിഗപ്പു മനിതൻ', തെലുങ്കിൽ 'രാജു ഗാരി ഗധി', 'മന്ത്ര 2' എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയനായ നടൻ ചേതൻ ചീനു (Chethan Cheenu) 12 വ്യത്യസ്ത സ്വാതന്ത്ര്യ സമര സേനാനികളായി വേഷമിട്ടു നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. കേരളത്തിൽ വേലുത്തമ്പി ദളവയെയാണ് ചേതൻ അവതരിപ്പിച്ചത്.

  റിപബ്ലിക് ദിന സ്‌പെഷലായി ഹീറോകൾക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിൽ ജനുവരി 26-ന് രാവിലെ 10.05 മുതൽ ഈ ഫോട്ടോകൾ ഓരോന്നായി റിലീസ് ചെയ്‌തു.

  ഈ ഉദ്യമത്തെക്കുറിച്ച് സംസാരിച്ച ചേതൻ ചീനു കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ ആശയം തന്റെ സഹോദരിയുമായി ചർച്ച ചെയ്തിരുന്ന കാര്യം വ്യക്തമാക്കി. "യഥാർത്ഥത്തിൽ ഈ സംരംഭം ആരംഭിച്ചത് ഒരു സിനിമയ്ക്ക് വേണ്ടിയാണ്. ചില സ്വാതന്ത്ര്യ സമര സേനാനികളെ സ്‌ക്രീനിൽ പ്രതിനിധീകരിക്കാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, തുടർന്ന് അവരെ കുറിച്ച് ഗവേഷണം ആരംഭിച്ചു.

  പക്ഷേ ഈ ശ്രമം സിനിമയാക്കാൻ വലിയ ചിലവാകും എന്ന് ചർച്ചയിൽ മനസ്സിലായി. അതിനാൽ, ഈ ആശയം ഫോട്ടോഗ്രാഫിയിലൂടെ വിവിധ സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കും എത്തിക്കാൻ ഞങ്ങൾ ചിന്തിച്ചു. ഇതിനെത്തുടർന്ന് ഞങ്ങൾ 12 സ്വാതന്ത്ര്യ സമര സേനാനികളുമായി കലണ്ടർ ഫോട്ടോഷൂട്ട് നടത്തി."

  ഫോട്ടോഷൂട്ടിന്റെ മേക്കിംഗ് വീഡിയോയും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് ചേതൻ ചീനു പറഞ്ഞു.

  കമൽഹാസനാണ് ഈ പ്രോജക്ട് പരീക്ഷിക്കാൻ തനിക്ക് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. “അദ്ദേഹം ചെയ്തതിന്റെ ഒരു ശതമാനമെങ്കിലും നേടാൻ കഴിഞ്ഞാൽ ഞാൻ വളരെ സന്തോഷവാനും സംതൃപ്തനുമായിരിക്കും,” ചേതൻ കൂട്ടിച്ചേർത്തു. ഫോട്ടോഷൂട്ട് കണ്ടവർ ഒരുപാട് അഭിനന്ദിച്ചിട്ടുണ്ടെന്നും ചേതൻ പറഞ്ഞു.

  തെലുങ്ക്, തമിഴ് ചലച്ചിത്ര മേഖലകളിലെ പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയനായ നടനാണ് ചേതൻ ചീനു. മണിരത്നത്തിന്റെ 'അഞ്ജലി'യിൽ ബാലതാരമായി, ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ഹൊറർ കോമഡി ചിത്രമായ രാജുഗരിഗധി, ത്രില്ലർ ചിത്രമായ മന്ത്ര 2ൽ നടി ചാർമി കൗറുമായി ഇദ്ദേഹം അഭിനയിച്ചു. നടി സുനൈനയുടെ കൂടെ സൂപ്പർ ഹിറ്റ് റൊമാന്റിക് ഡ്രാമ ചിത്രമായ 'പെല്ലികി മുണ്ടു പ്രേമ കഥ'യിലും, 'നാൻ സിഗപ്പു മനിതൻ' എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലും തന്റെ അഭിനയ മികവ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട് ചേതൻ. കൂടാതെ ഗാർനിയർ, ഡോമിനൊസ്, സാംസങ്, 5 സ്റ്റാർ ചോക്ലേറ്റ് മുതലായ 25-ലധികം പരസ്യ ചിത്രങ്ങളിൽ ചേതൻ അഭിനയിച്ചു.

  'തോട്ടൽ പൂമലരും', 'കരുങ്കാലി' എന്നീ തമിഴ് ചിത്രങ്ങളിലും 'രാജു ഗരി ഗധി', 'മന്ത്ര 2', 'പെല്ലിക്കി മുണ്ട് പ്രേമ കഥ' എന്നീ തെലുങ്ക് ചിത്രങ്ങളിലും ചേതൻ ചീനു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

  ചേതന്റെ അടുത്ത ചിത്രം 'വിദ്യാർത്ഥി' (തമിഴിൽ 'മാനവൻ') റിലീസിന് തയ്യാറാണ്. കൂടാതെ, നടി കാവേരി കല്യാണി സംവിധാനം ചെയ്യുന്ന ഒരു ബഹുഭാഷാ ചിത്രത്തിലും അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  ചേതൻ ചീനു തന്റെ ഫോട്ടോഷൂട്ടിൽ അവതരിപ്പിച്ച 12 സ്വാതന്ത്ര്യ സമര സേനാനികൾ ഇവരാണ്:

  1. വി.വി.എസ്.അയ്യർ
  2. അല്ലൂരി സീതാരാമ രാജു
  3. ഉധം സിംഗ്
  4. വേലു തമ്പി ദളവ
  5. വീരപാണ്ഡ്യ കട്ടബൊമ്മൻ
  6. സങ്കൊല്ലി രായണ്ണ
  7. മംഗൾ പാണ്ഡെ
  8. റാണി വേലു നാച്ചിയാർ
  9. ചന്ദ്രശേഖർ ആസാദ്
  10. ഛത്രപതി ശിവജി
  11. സുഖ്ദേവ് ഥാപ്പർ
  12. വിനായക് ദാമോദർ സവർക്കർ  ഫോട്ടോഷൂട്ടിന്റെ സംവിധായിക ലീലാ റാണിയാണ്. ആശയം - ചേതൻ ചീനു, ഡിഒപി - ശരൺ ജെ., സന്തോഷ്; എഡിറ്റിംഗ് - അജിത് കാർത്തിക്, സംഗീതം - എആർ എംഎസ്, കല - വാസിഫ്, സെറ്റ് ക്രാഫ്റ്റ്സ്; പ്രൊഡക്ഷൻ ഡിസൈനിംഗ് - സത്യ കെഎസ്എൻ, വിഎഫ്എക്‌സ് - രാജ്, മേക്കപ്പ് - സിസി, സ്റ്റൈലിംഗ് - ലീലാ മോഹൻ, കോസ്റ്യുമർ - കോടി, പ്രൊഡക്ഷൻ സൂപ്പർവിഷൻ - മോഹൻ കുമാർ, നിർമ്മാതാവ് - പത്മാവതി, ഡിസൈൻസ് - നിഖിൽ, പിആർഒ - വംശി ശേഖർ, നിഖിൽ മുരുകൻ, ഹരീഷ് അരശു, മഞ്ജു ഗോപിനാഥ്, പ്രദ്ന്യാ.
  Published by:user_57
  First published: