• HOME
  • »
  • NEWS
  • »
  • film
  • »
  • 'ആദ്യ ഷോ' കാണാൻ രാഹുൽ ഇല്ല; ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി 'ചെല്ലോ ഷോ' ബാലതാരം അന്തരിച്ചു

'ആദ്യ ഷോ' കാണാൻ രാഹുൽ ഇല്ല; ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി 'ചെല്ലോ ഷോ' ബാലതാരം അന്തരിച്ചു

ഒക്ടോബർ 14 ന് ചെല്ലോ ഷോയുടെ റിലീസ് കാത്തിരിക്കാതെ രാഹുൽ യാത്രയായി

  • Share this:
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ 'ചെല്ലോ ഷോ' (അവസാന ഷോ) ബാലതാരം രാഹുൽ കോലി അന്തരിച്ചു. അർബുദ രോഗത്തോട് പോരാടിയാണ് പതിനഞ്ചുകാരനായ രാഹുൽ യാത്രയായത്. ഒക്ടോബർ രണ്ടിനായിരുന്നു അന്ത്യം. രാഹുലിന്റെ അന്തിമ കർമങ്ങൾ ഗുജറാത്തിലെ ജന്മനാടായ ഹാപ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം നടന്നു.

ഒക്ടോബർ 14 ന് ചെല്ലോ ഷോയുടെ ആദ്യ ഷോ നടക്കാനിരിക്കേയാണ് കാത്തിരിക്കാതെ രാഹുൽ യാത്രയായത്. ചിത്രത്തിൽ സുപ്രധാന വേഷമാണ് രാഹുൽ അവതരിപ്പിച്ചത്. ഒക്ടോബർ 14നു ശേഷം ജീവിതം മാറുമെന്ന് മകൻ നിരന്തരം പറയുമായിരുന്നുവെന്ന് രാഹുലിന്റെ പിതാവ് രാമു പറഞ്ഞു.

Also Read- പോസിറ്റീവിറ്റിക്ക് മാത്രം ഇടം മതി; ട്വിറ്റർ ഡിലീറ്റ് ചെയ്ത് കരൺ ജോഹർ

‌നല്ല കാലം വരാൻ കാത്തിരിക്കാതെ മകൻ യാത്ര പറഞ്ഞ് പോയതിനെ കുറിച്ചായിരുന്നു പിതാവിന്റെ പ്രതികരണം. ഓട്ടോ ഡ്രൈവറാണ് രാമു. മകൻ ഇല്ലെങ്കിലും അവന്റെ അവസാന ചിത്രം കുടുംബസമേതം ഒക്ടോബർ 14ന് തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

അടിക്കടിയുണ്ടായിരുന്ന പനിയെ തുടർന്നാണ് രാഹുലിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ജാംനാഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതിനു ശേഷം അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ഒക്ടോബർ രണ്ടിന് പ്രഭാത ഭക്ഷണത്തിനു ശേഷം രാഹുലിന്റെ സ്ഥിതി വഷളാകുകയായിരുന്നു. പനി കൂടുകയും മൂന്ന് തവണ രക്തം ഛർദിക്കുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു മരണപ്പെട്ടത്.

മകന്റെ ചികിത്സയ്ക്കായി ഓട്ടോ വിൽക്കാനിരിക്കുകയായിരുന്നു രാമു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ചികിത്സയ്ക്കായി ധനസഹായം നൽകി. അവസാന നിമിഷം വരെ രാഹുലിനെ രക്ഷിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷയെന്ന് സിനിമയുടെ സംവിധായകൻ പാൻ നളിൻ പറഞ്ഞു.

സിനിമയെ ഇഷ്ടപ്പെടുന്ന ഒമ്പത് വയസ്സുകാരനെ കേന്ദ്രീകരിച്ചാണ് ചെല്ലോ ഷോയുടെ കഥ. ഭവിൻ റാബ്രി, റിച്ച മീന, വികാസ് ബട്ട, ഭാവേഷ് ശ്രീമാലി, ദിപെൻ റാവൽ, രാഹുൽ കോലി എന്നിവരാണ് അഭിനേതാക്കൾ.
Published by:Naseeba TC
First published: