• HOME
 • »
 • NEWS
 • »
 • film
 • »
 • ഈ ചിത്രം റിലീസായ നാൽപതാം വാർഷിക ദിനത്തിൽ നായകന് സംഭവിച്ചതറിഞ്ഞാൽ 'ശരിക്കും ഞെട്ടും'

ഈ ചിത്രം റിലീസായ നാൽപതാം വാർഷിക ദിനത്തിൽ നായകന് സംഭവിച്ചതറിഞ്ഞാൽ 'ശരിക്കും ഞെട്ടും'

ശങ്കര്‍ മോഹന്‍റെ രാജിക്ക് പിന്നില്‍ കൗതുകരമായ ചില വസ്തുതകള്‍ കൂടി നിലനില്‍ക്കുന്നുണ്ട്

 • Share this:

  കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭവമായിരുന്നു കോട്ടയം കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം. ക്യാമ്പസില്‍ നിന്ന് ആരംഭിച്ച സമരത്തിന്‍റെ അലയൊലികള്‍ രാജ്യാന്തര ചലച്ചിത്രമേള വരെ എത്തി. പ്രതിഷേധം കൂടുതല്‍ കനത്തതോടെ  ജാതിവിവേചനം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും നടനുമായ ശങ്കര്‍ മോഹന്‍ സ്ഥാനം രാജിവെച്ചിരുന്നു.

  കാലാവധി തീര്‍ന്നതിനാലാണ് രാജിവെച്ചതെന്ന് ശങ്കര്‍ മോഹന്‍ വിശദീകരിക്കുമ്പോഴും വിദ്യാര്‍ത്ഥികളുടെ സമരവിജയമായാണ് ഇത് വിലയിരുത്തുന്നത്. എന്നാൽ ശങ്കര്‍ മോഹന്‍റെ രാജിക്ക് പിന്നില്‍ കൗതുകരമായ ചില വസ്തുതകള്‍ കൂടി നിലനില്‍ക്കുന്നുണ്ട്.

  ALSO READ- കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു

  പ്രശസ്ത സംവിധായകൻ അമ്പിളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് സൂര്യ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സൂര്യപ്രകാശ് നിര്‍മിച്ച വീണപൂവ്. ലളിതമായ ആഖ്യാന ശൈലിയില്‍ എടുത്ത വീണപൂവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിൽ നെടുമുടി വേണുവിനോപ്പം ശങ്കര്‍ മോഹന്‍ നായകനായിരുന്നു. ബാബു നമ്പൂതിരി, ബഹദൂര്‍, ഉമ, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റു പ്രധാന താരങ്ങള്‍.

  ചിത്രം റിലീസ് ചെയ്തത് 1983 ജനുവരി 23ന്. നായകൻ ശങ്കർ മോഹൻ രാജി വെച്ചത് 40 വർഷം കഴിഞ്ഞ്  2023 ജനുവരി 23ന്.

  ചിത്രത്തിൽ ശ്രീകുമാരന്‍ തമ്പി, മുല്ലനേഴി എന്നിവരുടെ വരികള്‍ക്ക് വിദ്യാധരന്‍ മാസ്റ്റർ സംഗീതം നൽകി. ശ്രീകുമാരന്‍ തമ്പി എഴുതിയ ‘നഷ്ടസ്വര്‍ഗങ്ങളെ..’ എന്ന ഗാനം ഏറെ ശ്രദ്ധേയമായി. സിനിമയിൽ തെരുവുഗായകൻ പാടുന്ന ഈ ഗാനരംഗത്ത് നായകരിൽ ഒരാളായ വിനയന്റെ (ശങ്കര്‍ മോഹന്‍)നഷ്ടപ്രണയമാണ് തെളിയുന്നത്. വരികൾ ഇങ്ങനെ..

  നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
  ദുഃഖസിംഹാസനം നല്‍കി
  തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
  ഭഗ്നസിംഹാസനം നല്‍കീ…..

  ഒരു ദരിദ്ര ബ്രാഹ്മണന്‍റെ മകളുമായി യുവ സംഗീജ്ഞനായ നായകന്‍ (വിനയൻ ) പ്രണയത്തിലാകുന്നതും പിന്നീട് തന്‍റെ സമുദായത്തിലെ മാനസികരോഗിയായ ഒരാളെ വിവാഹം ചെയ്യാന്‍ നായിക നിര്‍ബന്ധിതയാകുന്നതുമാണ് വീണപൂവ് സിനിമയുടെ ഇതിവൃത്തം.

  കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചില ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ജാതീയമായി അധിക്ഷേപിച്ചു എന്നതാണ് ശങ്കര്‍ മോഹനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം എന്നതും മറ്റൊരു യാദൃശ്ചികത.ചിത്രത്തിൽ ജാതീയ വിവേചനം നേരിട്ട നായകനെ അവതരിപ്പിച്ച ശങ്കർ മോഹനാണ് ഇവിടെ ജാതീയുടെ പേരിൽ വില്ലനായി വന്നത് . ഡയറക്ടര്‍ക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭാ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

  വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയതെന്നാണ് സൂചന.

  ഇന്ത്യന്‍ പനോരമ(1983 )യിലേക്ക് വീണ പൂവ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ശങ്കർ മോഹനൊപ്പം അവസാനം വരെ നിന്ന കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം അന്ന് ഒപ്പമുണ്ടായിരുന്നു എന്നതാണ് മറ്റൊരു യാദൃച്ഛികത, ഭരതന്റെ ഓര്‍മക്കായി, അരവിന്ദന്റെ ഒരിടത്ത് എന്നീ ചിത്രങ്ങള്‍ക്കൊപ്പം.

  ടര്‍ക്കിഷ് ഫിലിം മേളയിലേക്കു മലയാളത്തില്‍ നിന്നുള്ള അന്നത്തെ ഏക ചിത്രവും വീണപൂവ് ആയിരുന്നു.

  Published by:Arun krishna
  First published: